യോഗത്തോട് യോഗം... നാട്ടില്‍ പുറത്തിറങ്ങാന്‍ കഴിയാതെയായതോടെ പലയിടത്തും ജനം ഏറ്റെടുത്തു; പട്ടികളുടെ ശവം പൊങ്ങിയതോടെ കേസും പുലിവാലുമായി; ഉണര്‍ന്ന് യോഗങ്ങള്‍ വിളിച്ച് നടപടികളിലേക്ക് സര്‍ക്കാര്‍; തെരുവ്‌നായ പ്രതിരോധത്തില്‍ മൃഗസംരക്ഷണ വകുപ്പ് യോഗം ഇന്ന്

ആക്രമണകാരികളായ പട്ടികളെ കൊണ്ട് ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാതെയായി. പട്ടികളുടെ കടിയേറ്റ് ഈ വര്‍ഷം തന്നെ 21 മരണവുമുണ്ടായി. ഇതോടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനിടയില്‍ ചില സ്ഥലങ്ങളില്‍ പട്ടികള്‍ കൂട്ടത്തോടെ ചാവുന്ന അവസ്ഥയുമുണ്ടായി. പട്ടി സ്‌നേഹികള്‍ കേസ് കൊടുത്തതോടെ ആ പുലിവാല്‍ വേറെ.
ഇതോടെ സര്‍ക്കാരും ഉണര്‍ന്നു. പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവയില്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ കര്‍മ്മപദ്ധതിയിലേക്ക് പോവുകയാണ്. 3 ലക്ഷം തെരുവുനായ്ക്കളെന്ന ഏകദേശ കണക്ക് മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. 10 ലക്ഷം വാക്‌സിന്‍ എത്തിച്ച ശേഷം വാക്‌സിനേഷനിലേക്ക് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. 40 മുതല്‍ 60 ശതമാനം വരെ നായ്ക്കളിലെങ്കിലും വാക്‌സിനേഷന്‍ എത്തിയാലാണ് തെരുവുനായ്ക്കളിലെ പേവിഷബാധക്ക് എതിരായ വാക്‌സിന്‍ പ്രതിരോധം ഫലപ്രദമാവുകയെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
നായ്ക്കളെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുള്ള കണക്ക് 2019ലേതാണ്. അതുപ്രകാരം 8ലക്ഷം വളര്‍ത്തു നായ്ക്കളും, 3 ലക്ഷം തെരുവുനായ്ക്കളുമെന്നാണ്. എന്നാല്‍ തെരുവുനായ്ക്കളുടെ യഥാര്‍ഥ കണക്ക് എത്രയോ കൂടുതലാകാമെന്ന് വിദഗ്ദര്‍ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ വര്‍ഷം ആളുകളെ നായ കടിച്ച എണ്ണം മാത്രം 2,34,000 ആണ്.
ഈ വര്‍ഷം ജൂണ്‍ വരെ ഉള്ള കണക്കില്‍ മാത്രം നായ കടിയേറ്റ കേസുകള്‍ 1,84,000 ആയി. ഏതായാലും സുരക്ഷ ഉറപ്പാക്കാന്‍ എത്രയും വേഗം നായ്ക്കളിലെ വാക്‌സിനേഷന്‍ തന്നെ പ്രധാന ആയുധമെന്ന് വിദ്ഗദര്‍ ചൂണ്ടിക്കാട്ടുന്നു. പൂച്ച കടിച്ചുള്ള കേസുകളും കൂടുകയാണ്. ഈ വര്‍ഷം ഇതുവരെ പൂച്ച കടിച്ചത് 2,40000 പേരെ. മറ്റു ജീവികളില്‍ റാബിസ് സാന്നിധ്യം വര്‍ധിക്കുമ്പോള്‍ വാക്‌സിനേഷന്‍ നായ്ക്കളില്‍ മാത്രം ഒതുങ്ങിനിന്നാല്‍ മതിയാകുമോ എന്ന പ്രധാന ചോദ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.
6 ലക്ഷം ഡോസ് വാക്‌സിന്‍ ഇതിനോടകം വാങ്ങി. നാല് ലക്ഷം കൂടി ഉടനെയെത്തും. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ 170 ഹോട്ട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ച് ഇവിടങ്ങളില്‍ ആദ്യം ഊന്നല്‍ നല്‍കിയായിരിക്കും സര്‍ക്കാരിന്റെ പേവിഷ പ്രതിരോധവും, തെരുവുനായ നിയന്ത്രണവും മുന്നോട്ടു പോവുക.
അതേസമയം കൊച്ചി നഗരത്തില്‍ രാത്രിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌സ്‌പോട്ട്. ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും.
കുത്തിവയ്പിനായി പിടിച്ചപ്പോഴാണ് തെരുവ് നായ്ക്കളില്‍ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്. കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നിവരുടെ നേതൃത്തിലായിരുന്നു കുത്തിവയ്പ്.
തെരുവ് നായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ് തുടരാനാണ് സന്നദ്ധ പ്രവര്‍ത്തകരുടെ തീരുമാനം. അതേസമയം തെരുവ് നായ പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് യോഗം ചേരും. വാക്‌സിന്‍ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ചര്‍ച്ചയാകും. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവ നടപ്പാക്കേണ്ടത്. മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ ആണ് യോഗം.
വയനാട് ജില്ലയില്‍ വര്‍ധിച്ചു വരുന്ന തെരുവു നായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ചേരും. തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ മലപ്പുറത്തും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും കലക്ടറും പങ്കെടുക്കുന്ന യോഗം ചേരുന്നുണ്ട്.
https://www.facebook.com/Malayalivartha

























