വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന

8 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള വിധി എല്ലാം മാറ്റി മറിച്ചു. അതിജീവിതയ്ക്ക് പിന്തുണയോടൊപ്പം ദീലീപിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ദിലീപിനായി കത്തിക്കയറേണ്ട രാഹുല്‍ ഈശ്വര്‍ ജയിലിലാണ്. അതൊഴികെ മറ്റെല്ലാവരും രംഗത്തെത്തി.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരണവുമായി നടി റോഷ്ന ആൻ റോയ്. ‘എല്ലായ്പ്പോഴും അവനൊപ്പം, കുറ്റം ചെയ്തവർ മാത്രം ശിക്ഷിക്കപ്പെടണം.’–റോഷ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
‘‘എട്ടു വർഷത്തെ പോരാട്ടത്തിനൊടുവിൽ ഇന്ന് സത്യം ജയിച്ചു. സത്യത്തിന്റെ ശബ്ദം എപ്പോഴും ഉയർന്നുനിൽക്കുമെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു.’’–റോഷ്നയുടെ വാക്കുകൾ.
അതിജീവിതയെ ഓടുന്ന കാറിൽ ആക്രമിച്ച സംഭവത്തിൽ എട്ടു വർഷത്തിനു ശേഷമാണ് വിധി വന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസിന്റെ വിധിന്യായത്തിൽ, കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ആർ. മണിക്കണ്ടൻ, വി.പി. വിജേഷ്, എച്ച്. സലീം, പ്രദീപ് എന്നിവർ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും വ്യക്തമാക്കി. ഇവരുടെ ശിക്ഷാവിധി ഡിസംബർ 12-ന് പ്രഖ്യാപിക്കും.
അതേസമയം നടിമാരായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, പാർവതി തിരുവോത്ത് തുടങ്ങിയവർ അതിജീവിതയ്‌ക്ക് പിന്തുണയുമായി എത്തി. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പിച്ചു പറഞ്ഞ പാർവതി, 'ഇതാണോ നീതി?' എന്ന ചോദ്യമുയർത്തി. 'അവൾക്കൊപ്പം എന്നെന്നും' എന്ന കുറിപ്പും പാർവതി പങ്കുവച്ചിട്ടുണ്ട്.
‘‘അവൾ പോരാടിയത് അവൾക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്. അവളുടെ പോരാട്ടത്തിലൂടെ കേരള സമൂഹത്തിൽ സ്ത്രീകൾ നിലകൊള്ളുന്നതിലും പോരാടുന്നതിലും സംസാരിക്കുന്നതിലും അക്രമങ്ങളോട് പ്രതികരിക്കുന്നതിലും എല്ലാം മാറ്റം വന്നു’’– പാർവതി തിരുവോത്തിന്റെ വാക്കുകൾ.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട വിധിയെ സ്വാഗതം ചെയ്ത് നടി വീണ നായർ. ദിലീപിന് വേണ്ടി പ്രാർഥിച്ചവർക്ക് പുഞ്ചിരിക്കാൻ കഴിയുന്ന ദിവസമാണിതെന്ന് വീണ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മോശമായ വാക്കുകളും മാധ്യമ വിചാരണകളും നേരിടേണ്ടി വന്ന ഇരയാണ് ദിലീപ് എന്നും വീണ അഭിപ്രായപ്പെട്ടു. സത്യം കേൾക്കപ്പെട്ടതിൽ താനും സന്തോഷിക്കുന്നുവെന്നും താരം കുറിച്ചു.
വീണ നായർ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം: ‘‘ഒരു മാറ്റവുമില്ലാതെ പറയട്ടെ, ഞാനും ഇരയ്ക്കൊപ്പമാണ്. പീഡിപ്പിക്കപ്പെടുന്ന ഓരോ ഇരയ്ക്കൊപ്പവും... തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ? വിജയം നേടിയ ദിവസം അല്ല, സമാധാനത്തിന്റെ ദിവസമാണ് ഇന്ന്. ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം. പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം. അയാൾ ഒരു നടൻ ആയതുകൊണ്ടല്ല, പ്രശസ്തനായതുകൊണ്ടുമല്ല ഒരു മനുഷ്യനായി, തന്റെ സത്യം കേൾക്കപ്പെട്ടതിൽ ഞാനും സന്തോഷിക്കുന്നു. കാരണം അയാളും ഒരു ഇര ആണ്.
മോശമായ വാക്കുകളും മാധ്യമ വിചാരണ വിധികളും ആരോപണങ്ങളും അയാൾ കേട്ടു. ജീവിതത്തിൽ ഇരുട്ടിൽ നിന്നപ്പോഴും അയാൾ പുഞ്ചിരിച്ചു. കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിച്ചു. വീണ്ടും സിനിമകൾ ചെയ്തു നമ്മളെയും സന്തോഷിപ്പിച്ചു. പരാജയങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുമ്പോഴും കരിയർ അവസാനിച്ചെന്നു എല്ലാരും വിധി എഴുതുമ്പോഴും അയാളും അതിജീവിച്ചു. നിയമത്തെ അങ്ങേ അറ്റം ആദരിച്ചു, വിശ്വസിച്ചു. അത് വലിയ ധൈര്യം ആണ്. താൻ തെറ്റ് ചെയ്തിട്ടില്ലാന്നുള്ള വിളിച്ചു പറയൽ കൂടിയായിരുന്നു. ഇന്ന് കോടതിയിൽ അത് ബോധ്യമാകുമ്പോൾ ഞാൻ ആ പ്രക്രിയയിലും ന്യായത്തിലും വിശ്വസിക്കുന്നു. കാരണം സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താൻ കഴിയില്ല.’’
നടിയെ അക്രമിച്ച കേസിൽ എട്ടു വർഷത്തിനു ശേഷമാണ് തിങ്കളാഴ്ച വിധി വന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.
കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കുറ്റക്കാർക്കുള്ള ശിക്ഷാവിധി 12ന് ഉണ്ടാകും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ നിലപാടാണ് ശരിയെന്ന് വിശ്വസിക്കുന്നുവെന്ന് നടനും സംവിധായകനുമായ രൺജി പണിക്കർ. വിഷയത്തിൽ മേൽക്കോടതി മറ്റ് നിലപാടുകൾ സ്വീകരിച്ചാൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാമെന്നും രൺജി പണിക്കർ പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രൺജി പണിക്കർ നിലപാട് വ്യക്തമാക്കിയത്.
‘ഏത് കേസിലും വിധി വരുമ്പോൾ പ്രതീക്ഷിക്കുന്നത് കിട്ടാത്തവർക്ക് പ്രതിഷേധവും ആക്ഷേപവുമുണ്ടാകും. ഡബ്ല്യുസിസിയുടെ പ്രതിഷേധം സ്വാഭാവികമാണ്. ഗൂഢാലോചന തനിക്കെതിരെ നടന്നു എന്ന് ദിലീപും പറയുന്നുണ്ട്. ഗൂഢാലോചന വ്യക്തമാക്കേണ്ടത് അവരാണ്, ഞാനല്ല. ഗൂഢാലോചന തെളിയിക്കപ്പെട്ടില്ല എന്നാണ് കോടതി പറയുന്നത്. അതിലും വലിയ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല.
ഞാൻ ഈ കേസിൽ കോടതിയുടെ നിലപാടാണ് ശരി എന്ന് വിശ്വസിക്കുന്നയാളാണ്. ഇനി മേൽക്കോടതി ഇത് സംബന്ധിച്ച് വേറെയെന്തെങ്കിലും ഒരു നിലപാട് സ്വീകരിക്കുകയാണെങ്കിൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാം. അല്ലാതെ ഞാനിത് മുഴുവൻ ഇഴകീറി പരിശോധിച്ചയാളല്ല. അതുകൊണ്ട് കോടതി പറയുന്നതിനോടാണ് എനിക്ക് വിശ്വാസ്യത. ദിലീപ് വേട്ടയാടപ്പെട്ടു എന്നാണ് അയാളുടെ വികാരം. ഞാനിതിൽ കാഴ്ചക്കാരൻ മാത്രമാണ്, ഏതെങ്കിലും പക്ഷത്തുള്ള ആളല്ല. ദിലീപ് കുറ്റവാളിയല്ല എന്ന് കോടതി പറയുമ്പോൾ, അയാൾ കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം അയാളിൽ ഉണ്ടായതിൽ എന്താണ് തെറ്റ്?
കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. ദിലീപിനെതിരെ പൊലീസുദ്യോഗസ്ഥരടക്കം ഗൂഢാലോചന നടത്തി എന്നാണ് അയാൾ പറയുന്നത്. നമ്മുടെ രാജ്യത്ത് പൊലീസുദ്യോഗസ്ഥർ കള്ളത്തെളിവുകൾ ഉണ്ടാക്കിയ കേസുകൾ ഉണ്ടായിട്ടില്ലേ? എനിക്കെതിരെ കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന് ഒരാൾ പറയുമ്പോൾ ഞാനല്ലല്ലോ അത് പരിശോധിക്കേണ്ടത്,’ രൺജി പണിക്കർ പറഞ്ഞു.
നടിയെ അക്രമിച്ച കേസിൽ എട്ടു വർഷത്തിനു ശേഷമാണ് തിങ്കളാഴ്ച വിധി വന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കുറ്റക്കാർക്കുള്ള ശിക്ഷാവിധി 12ന് ഉണ്ടാകും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
ഫെഫ്കയിൽ നിന്ന് രാജി വച്ച് ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടർന്ന് സംഘടനയിലേക്ക് താരത്തെ തിരിച്ചെടുക്കാനുള്ള നീക്കം തിടുക്കത്തിൽ നടത്തിയിരുന്നു. ഇത്തരം നിലപാടിൽ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി. സിനിമാ സംഘടനകളായ ഫെഫ്കയും താരസംഘടനയായ അമ്മയും വേട്ടക്കാർക്കൊപ്പമാണ് നിലകൊള്ളുന്നത് എന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. അതിജീവിതയോടല്ല സംഘടനകൾക്ക് കൂറെന്ന് തിരിച്ചറിഞ്ഞതോടെയാണ് കടുത്ത തീരുമാനമെടുത്തതെന്നും ഇനി ഒരു സിനിമാ സംഘടനയിലും പ്രവർത്തിക്കാനില്ലെന്നും ഭാഗ്യലക്ഷ്മി പ്രഖ്യാപിച്ചു. കീഴ്ക്കോടതി വിധി വന്നയുടൻ ദിലീപിനെ തിരിച്ചെടുക്കാൻ സംഘടനകൾ കാണിച്ച ആവേശത്തെ ശക്തമായി വിമർശിച്ച ഭാഗ്യലക്ഷ്മി സിനിമാലോകത്തോടുള്ള തന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഭാഗ്യലക്ഷ്മി രാജിക്കാര്യം അറിയിച്ചത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:
"ഇന്നലെ അതിജീവിതയുടെ കേസിൽ ഗോപാലകൃഷ്ണൻ എന്ന ദിലീപിനെ കീഴ്ക്കോടതി വെറുതെ വിട്ടപ്പോൾ, അതൊരു കീഴ്ക്കോടതിയാണെന്നും ഇതിനുമുകളിൽ ഹൈക്കോടതിയും സുപ്രീംകോടതിയും ഉണ്ടെന്ന് അറിഞ്ഞിട്ടും, അതിനെക്കുറിച്ച് യാതൊരു ബോധവുമില്ലാതെ, അല്ലെങ്കിൽ മനഃപൂർവം, എട്ട് വർഷമായി അയാളെ ആർക്കൊക്കെയോ വേണ്ടി പുറത്താക്കുന്നത് പോലെ പുറത്താക്കുകയും, എട്ടു വർഷങ്ങൾക്ക് ശേഷം ആ നിമിഷം തന്നെ അയാളെ തിരിച്ചെടുക്കുകയും ചെയ്യാൻ കാണിച്ച ഒരു ആവേശം നമ്മളെല്ലാവരും കണ്ടു. സിനിമാപ്രവർത്തക എന്ന നിലയിൽ വ്യക്തിപരമായി അപമാനമാണ് തോന്നിയത്. കാരണം, ഇത് വെറും കീഴ്ക്കോടതി വിധി മാത്രമാണ്. ഇതിനുമുകളിൽ ഇനിയും കോടതിയുണ്ട്. ഇനിയും ഇവിടെ പലതും പറയാനുണ്ട്, തെളിയിക്കാനുണ്ട്. ഈ കോടതി മുഴുവനും കേട്ടില്ല, അവളെ കേട്ടില്ല, അവൾക്ക് പറയാനുള്ളത് ശ്രദ്ധിച്ചില്ല. ഇങ്ങനെ നിരവധി കാര്യങ്ങൾ, പലരുടെയും ഇടപെടലുകൾ, പല രീതിയിലുള്ള സ്വാധീനങ്ങൾ എല്ലാം ഈ കേസിൽ ഉണ്ട് എന്നുള്ളത് നമുക്കെല്ലാവർക്കും വ്യക്തമാണ്. ചോറുണ്ണുന്ന എല്ലാവർക്കും അത് വ്യക്തമാണ്.
എത്രയോ ന്യായാധിപന്മാർ, എത്രയോ അഡ്വക്കേറ്റുമാർ, എത്രയോ പൊലീസ് ഓഫീസർമാർ, നിയമം പഠിക്കുന്ന വിദ്യാർഥികൾ, പൊതുജനങ്ങൾ, എല്ലാവരും പറയുന്നു അയാളുടെ പണമാണ്, അയാളുടെ പണവും സ്വാധീനവുമാണ് അയാളെ സംരക്ഷിച്ചതും രക്ഷപ്പെടുത്തിയതും എന്ന്. അപ്പോൾ സിനിമാലോകം അയാളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.
'അമ്മ' എന്ന സംഘടനയിൽ സ്ത്രീകൾ മുൻനിരയിൽ വന്നപ്പോൾ കുറച്ച് സ്ത്രീകളെങ്കിലും ആശ്വസിച്ചു, സ്ത്രീകൾ മുൻനിരയിൽ നിൽക്കുമ്പോൾ ഞങ്ങൾക്ക് പോയി പറയാൻ ഒരിടം ഉണ്ടല്ലോ എന്ന്. പക്ഷേ, 'ഞങ്ങൾ സ്ത്രീകളോടല്ല, വേട്ടക്കാരോടൊപ്പമാണ്' എന്ന രീതിയിലുള്ള അവരുടെ പ്രവർത്തിയും നമ്മൾ കണ്ടു. അതിൽ എനിക്ക് അത്ഭുതമില്ല. കാരണം, അവരുടെ പ്രവർത്തികൾ അല്ല അവർ പറയുകയും ചെയ്യുകയും ചെയ്യുന്നത്. അവർക്ക് പിന്നിൽ നിന്ന് ശബ്ദം കൊടുക്കുന്നവരുടെ വാക്കുകളാണ് അവർ പുറത്തുപറയുന്നത്.
മറ്റൊരു സംഘടനയായ 'ഫെഫ്ക' രൂപീകരിക്കുമ്പോൾ ഞാൻ അവരോടൊപ്പം നിന്ന ഒരു വ്യക്തിയാണ്; ജോയിന്റ് സെക്രട്ടറിയായും മറ്റ് ചുമതലകളിലും നിന്ന് പ്രവർത്തിച്ച ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ ഈ കഴിഞ്ഞ ഇടക്കാലങ്ങളിൽ ഞാൻ തിരിച്ചറിഞ്ഞു, അവരും വേട്ടക്കാരോടൊപ്പം തന്നെയാണ്. അതിജീവിതമാർക്കൊപ്പം അല്ല എന്ന്. അത് ഇന്നലെ കുറേക്കൂടി വ്യക്തമായി. ഞാൻ ഉൾപ്പെടുന്ന സംഘടനയുടെ നേതാക്കന്മാരെങ്കിലും സുപ്രീംകോടതി വിധി വരും വരെ കാത്തിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചത് തെറ്റായിപ്പോയി.
അതുകൊണ്ടുതന്നെ ഇനി മലയാള സിനിമയിൽ ഒരു സംഘടനയിലും ഞാൻ അംഗമല്ല എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് ഇനി ഇവരോടൊപ്പം സഞ്ചരിക്കാൻ ആകില്ല. ഞാൻ ആ സംഘടനയിൽ അംഗമായി തുടർന്നാൽ, ഈ വേട്ടക്കാരൻ ആ സംഘടനയിലെ അംഗമാണ്. വേട്ടക്കാരനെ സംരക്ഷിച്ച പലരും ആ സംഘടനയിൽ അംഗങ്ങളാണ്, അതിന്റെ പ്രതിനിധികളാണ്, അതിന്റെ ഭരണകർത്താക്കളാണ്. എനിക്ക് എങ്ങനെയാണ് അവരുടെ ഒപ്പം സഞ്ചരിക്കാൻ സാധിക്കുക? എനിക്ക് എങ്ങനെയാണ് അവിടെ കുറ്റബോധമില്ലാതെ ഇരിക്കാൻ സാധിക്കുക? അതുകൊണ്ട് ഞാൻ ആ സംഘടനയിൽ നിന്ന് ഇറങ്ങിപ്പോകാൻ തന്നെ തീരുമാനിച്ചു.
മുൻപൊരിക്കൽ അയാളെ വച്ച് ഈ സംഘടനയുടെ സെക്രട്ടറി ഒരു സിനിമ ചെയ്തപ്പോൾ ഞാൻ അന്ന് പറഞ്ഞതായിരുന്നു: 'ഇത് നിങ്ങൾ ചെയ്യുന്നത് തെറ്റാണ്' എന്ന്. പക്ഷേ, അന്ന് അദ്ദേഹം അങ്ങനെ തന്നെ ചെയ്തു. അന്ന് ഞാൻ എന്റെ രാജിക്കത്ത് കൊടുത്തിരുന്നു. പിന്നീട് എന്റെ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ ആവശ്യപ്രകാരം, 'ചേച്ചി ഇല്ലെങ്കിൽ ഞങ്ങൾക്ക് മുന്നോട്ട് വഴി നടത്താൻ ഒരാളില്ല' എന്ന് പറഞ്ഞുകൊണ്ട് മാത്രമാണ് ഞാൻ വീണ്ടും ആ സംഘടനയുമായി സഹകരിക്കാൻ തീരുമാനിച്ചത്. പക്ഷേ, ഇന്ന് എനിക്ക് മനസ്സിലായി ഇനി ഞാൻ ഈ അനീതിക്ക് കൂട്ടുനിൽക്കരുത്. ഞാനിനി ഇവരോടൊപ്പം സഞ്ചരിച്ചാൽ അത് ഞാൻ എന്നോട് ചെയ്യുന്ന ഒരു തെറ്റാണ് എന്ന്. ഞാൻ അതിജീവിതയോട് കാണിക്കുന്ന തെറ്റാണ്. രണ്ട് വള്ളത്തിൽ കാലുവയ്ക്കാൻ എനിക്ക് അറിയില്ല. ഇരട്ട നിലപാട് എടുക്കാനും എനിക്ക് അറിയില്ല. പണ്ടാരോ ഒരു വാക്ക് പറഞ്ഞിട്ടുണ്ട്, ഒരു റേപ്പ് നടക്കുമ്പോൾ ഒന്നുകിൽ നമുക്ക് നീതിയോടൊപ്പം നിൽക്കാം അല്ലെങ്കിൽ അനീതിയോടൊപ്പം നിൽക്കാം, അല്ലാതെ രണ്ടിനോടൊപ്പവും നിൽക്കാൻ നമുക്ക് കഴിയില്ല എന്ന്.
ഈ പറയുന്ന 'അമ്മ' എന്ന സംഘടനയിലെ ഭാരവാഹികളോ 'ഫെഫ്ക' എന്ന സംഘടനയിലെ ഭാരവാഹികളോ അവൾക്ക് ഈ ദാരുണമായ സംഭവം നടന്നപ്പോൾ അവളെ ഒന്നു പോയി കാണാനോ അവളെ ആശ്വസിപ്പിക്കാനോ തയാറായില്ല. എന്നിട്ട് ഇവരെല്ലാവരും 'ഞങ്ങൾ അവളോടൊപ്പം ആണ്, അവനോടൊപ്പം ആണ്' എന്ന് പറഞ്ഞവരാണ്. അങ്ങനെ ഒരു നിലപാട് ഉണ്ടോ? നമുക്ക് രാഷ്ട്രീയത്തിൽ ആണെങ്കിൽ പോലും രണ്ടു പാർട്ടിയിലും അംഗമാണെന്ന് പറയാൻ പറ്റുമോ? ഒരു അഭിപ്രായം ഉണ്ടെങ്കിൽ, അഭിപ്രായം തെറ്റിനോടൊപ്പവും ശരിയോടൊപ്പവും സഞ്ചരിക്കാൻ പറ്റുമോ? ഇയാൾ തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കാൻ ഇനിയും ഇവിടെയുണ്ട് രണ്ട് കോടതികൾ. അതെല്ലാം മറന്നുകൊണ്ടാണ് ഇപ്പോൾ ഈ രണ്ടു സംഘടനകളും പ്രവർത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരോടൊപ്പം സഞ്ചരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.
'അമ്മ'യിൽ ഞാൻ അംഗമല്ല, അതുകൊണ്ട് അമ്മയുടെ കാര്യമല്ല പറയുന്നത്. 'ഫെഫ്ക'യോടൊപ്പം സഞ്ചരിക്കാൻ എന്റെ മനഃസാക്ഷി എന്നെ അനുവദിക്കുന്നില്ല. അതുകൊണ്ട് ഞാൻ അതിൽ നിന്ന് എന്നെന്നേക്കുമായി പരിപൂർണ്ണമായി ഇറങ്ങിയിരിക്കുന്നു എന്ന് തന്നെ വീഡിയോയിൽകൂടി എല്ലാവരെയും അറിയിക്കുകയാണ്."
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റക്കാരനല്ല എന്ന കോടതി വിധിയെത്തുടർന്ന് ദിലീപിനോട് മാപ്പു ചോദിച്ച് സംവിധായകൻ ആലപ്പി അഷറഫ്. മുൻപ് ചാനൽ ചർച്ചകളിൽ ദിലീപിനെ നിശിതമായി വിമർശിച്ചതിനും വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തിയതിനുമാണ് ആലപ്പി അഷറഫ് ദിലീപിനോട് മാപ്പ് ചോദിച്ചത്. 'കണ്ടതും കേട്ടതും' എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തിൽ അതിജീവിതയുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ച അദ്ദേഹം കേസിൽ ദിലീപ് നിരപരാധിയാണെന്ന കോടതിയുടെ കണ്ടെത്തലിനെ സ്വീകരിക്കുന്ന നിലപാടാണ് എടുത്തത്.
കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ സാധിക്കാത്തത് പ്രോസിക്യൂഷന്റെയും ഭരണകൂടത്തിന്റെയും പരാജയമാണ് എന്ന് ആലപ്പി അഷറഫ് പറയുന്നു. കേസിന്റെ നാൾവഴികളെയും ദിലീപിന്റെ അറസ്റ്റിന് കാരണമായ സാഹചര്യങ്ങളെയും ഓർത്തെടുത്ത അദ്ദേഹം ദിലീപിന് അനുകൂലമായ വിധി വന്നതിന്റെ അടിസ്ഥാനത്തിൽ തന്റെ മുൻ നിലപാടുകളിൽ ഖേദം പ്രകടിപ്പിക്കുകയും ദിലീപിനോട് പരസ്യമായി നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തു.
ആലപ്പി അഷറഫിന്റെ വാക്കുകൾ: നടി ആക്രമിക്കപ്പെട്ട കേസിന്റെ നാൾവഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എനിക്കും ചിലത് പറയാനുണ്ട്. ഒരു പാവം പെൺകുട്ടിയുടെ മാനത്തെ പിച്ചിച്ചീന്തിയ കാട്ടാളന്മാർക്കെതിരെയുള്ള വിധി വന്നിരിക്കുകയാണല്ലോ. അന്ന് ആ രാത്രിയിൽ അവളുടെ പ്രാണന്റെ പിടച്ചിലും കണ്ണുനീരും സമാനതകളില്ലാത്തതായിരുന്നു. ക്രൂരതയുടെ വേദനയിൽ നിന്നുയർന്ന ദീനരോദനം കേട്ട് ആഘാതം കൊണ്ടവരും, അത് കണ്ടില്ലെന്ന് നടിച്ചവരും, കേട്ടില്ലെന്ന് നടിച്ചവരുമെല്ലാം പലവിധത്തിലുള്ള നീറുന്ന അനുഭവങ്ങളുമായി കടന്നുപോകുന്നത് നമ്മൾ കാണുകയാണ്.
മധുരാനഗരം കത്തിച്ചു ചാമ്പലാക്കിയ കണ്ണകിയായി ഇവിടെ അതിജീവിത മാറുകയായിരുന്നു. സംഭവം നടന്നത് അറിഞ്ഞപ്പോൾ തന്നെ എനിക്ക് ദിലീപിന്റെ മേൽ സംശയം തോന്നിയിരുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ള ചില മിമിക്രിക്കാർ ദുബായിൽ നടന്ന ഒരു ഷോയിൽ വെച്ച് നടന്ന ചില സംഭവങ്ങളെക്കുറിച്ച് എനിക്ക് സൂചന തന്നിരുന്നു. ഇതിന്റെ പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാരിയർ ആദ്യമായി വെളിപ്പെടുത്തിയപ്പോൾ എന്റെ സംശയം കൂടുതൽ ബലപ്പെട്ടു. പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീൻ ഇമേജുള്ള പൊലീസ് ഉദ്യോഗസ്ഥരും കീഴ്‌ക്കോടതിയും ഹൈക്കോടതിയും വരെ ‘പ്രഥമദൃഷ്ട്യാ തെളിവുണ്ട്’ എന്ന് ആവർത്തിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചതിനാലാണല്ലോ അദ്ദേഹത്തിന് 85 ദിവസം റിമാൻഡിൽ കഴിയേണ്ടിവന്നത്.
ഒരു സാധാരണ പൗരനെന്ന നിലയിലും ദിലീപിന്റെ മുൻ ചെയ്തികൾ അറിയാവുന്ന വ്യക്തി എന്ന നിലയിലും നമ്മുടെ നീതിന്യായ വ്യവസ്ഥയും സിസ്റ്റവും പറയുന്നത് വിശ്വസിക്കണമോ അതോ ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിക്കുന്ന പി.ആർ. വർക്കേഴ്‌സ് പറയുന്നത് വിശ്വസിക്കണമോ എന്ന ചിന്തയുണ്ടാകാം. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ ബന്ധങ്ങൾ മറന്ന് സംസാരിക്കേണ്ടി വരും. എനിക്ക് ദിലീപിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല, നല്ലൊരു കലാകാരൻ എന്ന നിലയിൽ ഇഷ്ടവുമായിരുന്നു. ഇന്നുവരെ ഒരു കാര്യസാധ്യത്തിനായും ഞാൻ അദ്ദേഹത്തെ സമീപിച്ചിട്ടുമില്ല.
ഈ പെൺകുട്ടിക്ക് ഇങ്ങനെ ഒരു അതിക്രമം സംഭവിച്ചു എന്നത് പച്ചയായ യാഥാർഥ്യമാണ്. എന്നാൽ, ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ സാധിച്ചില്ല എന്നത് പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും പരാജയമാണ്. പ്രോസിക്യൂഷനും പൊലീസും നിരത്തിയ തെളിവുകളും വാദങ്ങളുമൊക്കെ ഫാബ്രിക്കേറ്റഡ് ആണെന്ന ദിലീപിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ വന്ന കോടതി വിധി. നമ്മുടെ നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്നതുകൊണ്ട് ഞാൻ ഈ വിധിയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. എന്നാൽ, കോടതി വിധി ഇപ്രകാരമായപ്പോൾ അദ്ദേഹത്തിനുണ്ടായ ഭീമമായ തകർച്ചയ്ക്ക്, ജയിൽവാസം, അപമാനം, കരിയർ നശിപ്പിച്ചത്, ആര് ഉത്തരവാദിത്വം പറയും?
ഇവിടെ കുറ്റവാളികൾ ഇവിടുത്തെ ഭരണകൂടമാണ്. നിങ്ങൾ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളെ വിശ്വസിച്ച വലിയൊരു സമൂഹത്തെയാണ്. ഇനിയും മുകളിലോട്ട് കോടതികൾ ഉണ്ടല്ലോ, അപ്പീൽ പോകും എന്നൊക്കെ പറഞ്ഞ് ഇപ്പോൾ ഹാജരാക്കിയ തെളിവുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ സ്ഥിതിഗതികൾ ഇതിലും ദയനീയമായിരിക്കും. ഇനിയും നിങ്ങളെ വിശ്വസിച്ച ജനത്തിന്റെ കണ്ണിൽ പൊടിയിടാമെന്ന് നിങ്ങൾ ധരിക്കരുത്.
ഞാൻ പലപ്പോഴും ചാനൽ ചർച്ചകളിൽ ദിലീപിനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ ഒരു ചർച്ചയിൽ പങ്കെടുത്തപ്പോൾ അവതാരകൻ എന്നോട് ചോദിച്ചു, ദിലീപിനെ വെറുതെ വിട്ടാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, അങ്ങനെ വന്നാൽ ഞാൻ അദ്ദേഹത്തോട് നിരുപാധികം മാപ്പ് പറയുമെന്ന്. അദ്ദേഹം നിരപരാധിയാണെന്ന് കോടതിയുടെ വിധിയിൽ വിശ്വസിച്ചുകൊണ്ട് എന്റെ ഭാഗത്തുനിന്നുണ്ടായ വേദനിപ്പിക്കുന്ന വാക്കുകളിൽ ഞാൻ അദ്ദേഹത്തോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. ഇതെന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്. തെറ്റിദ്ധാരണകൾ മൂലം തെറ്റുകൾ സംഭവിക്കാം. അത് തിരുത്തപ്പെടുമ്പോഴാണല്ലോ നമ്മൾ നന്മയുള്ളവരായി മാറുന്നത്. നിർത്തുന്നു, നന്ദി, നമസ്കാരം."
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതിനു പിന്നാലെ പുതിയ ചിത്രങ്ങളുമായി താരത്തിന്റെ മകൾ മീനാക്ഷി. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ സാരി അണിഞ്ഞ് നിറപുഞ്ചിരിയോടെ നിൽക്കുന്ന മീനാക്ഷിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ഓറഞ്ചിൽ ചുവപ്പ് ബോർഡറുടെ സാരിയും ചുവന്ന കുപ്പിവളകളും അണിഞ്ഞാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവച്ചത്.
ചിത്രത്തിനൊപ്പം അടിക്കുറിപ്പുകൾ ഒന്നും ചേർത്തിട്ടില്ലെങ്കിലും കമന്റ് ബോക്സ് നിറയെ ആരാധകരുടെ പ്രതികരണങ്ങളാണ്. ‘ആ ചിരി പറയും ഒരായിരം സന്തോഷത്തിന്‍റെ കഥ’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ‘ഈ ചിരി എന്നെന്നും നിലനിൽക്കണം എന്നാണ് ആഗ്രഹം’ എന്ന് മറ്റൊരാൾ കുറിച്ചു. ‘കൊള്ളാം’ എന്നാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത കുറിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ആയിരുന്ന ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി കുറ്റവിമുക്തനാക്കിയത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കുറ്റക്കാർക്കുള്ള ശിക്ഷാവിധി 12ന് ഉണ്ടാകും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
"
https://www.facebook.com/Malayalivartha

























