കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ബോഡി യോഗം ഇന്ന്.... ഭാരവാഹികളെ നേരത്തേ നിശ്ചയിച്ചതിനാല്‍ തികച്ചും സാങ്കേതിക തിരഞ്ഞെടുപ്പുമാത്രമാണ് നടക്കുക

കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ബോഡിയോഗം വ്യാഴാഴ്ച നടക്കും. ഭാരവാഹികളെ നേരത്തേ നിശ്ചയിച്ചതിനാല്‍ തികച്ചും സാങ്കേതിക തിരഞ്ഞെടുപ്പുമാത്രമാണ് നടക്കുന്നത്.
.
പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരന്‍ തുടരും. മത്സരമില്ലാതെ സുധാകരനെ തിരഞ്ഞെടുക്കാനുള്ള ധാരണ നേതൃതലത്തിലുണ്ട്. അതിനാല്‍, കെ.പി.സി.സി. പ്രസിഡന്റിനെ നിശ്ചയിക്കാന്‍ ദേശീയ അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിക്കും. പ്രഖ്യാപനം ഹൈക്കമാന്‍ഡാകും നടത്തുക. രാവിലെ 11-ന് ഇന്ദിരാഭവനിലാണ് നടപടികള്‍.
എ.ഐ.സി.സി. തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനതല ഭാരവാഹികളെ നിശ്ചയിക്കുന്നത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
എന്നാല്‍, ഈ സ്ഥാനത്തേക്കെല്ലാം നാമനിര്‍ദേശം നടന്നതാണ്. നിലവിലെ ഭാരവാഹികള്‍ക്കെതിരേ പൊതുയോഗത്തില്‍ എതിര്‍പ്പുണ്ടാകാനിടയില്ല. അതുകൊണ്ട് മത്സരത്തിനും സാധ്യതയില്ല. പുനഃസംഘടിപ്പിച്ച കെ.പി.സി.സി.യില്‍ 310 അംഗങ്ങളുടെ പട്ടികയ്ക്കാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്. ഇതില്‍ 77 പേര്‍ പുതുമുഖങ്ങളാണ്. നിലവിലെ കെ.പി.സി.സി. ഭാരവാഹികളായ ചിലര്‍ കെ.പി.സി.സി. ജനറല്‍ബോഡിയില്‍ അംഗങ്ങളായിട്ടില്ലെന്ന വൈരുധ്യവുമുണ്ട്. കെ.പി.സി.സി. അംഗങ്ങളില്‍നിന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നാണ് പാര്‍ട്ടി ഭരണഘടന പറയുന്നത്.
സുധാകരന്‍ പ്രസിഡന്റായതിനുശേഷം ഭാരവാഹി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ചിലരാണ് ജനറല്‍ബോഡി അംഗങ്ങളല്ലാത്തവരായുള്ളത്. ഇവരെക്കൂടി കെ.പി.സി.സി. അംഗങ്ങളാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിനാല്‍, അംഗങ്ങളുടെ പട്ടിക ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഗ്രൂപ്പ് തര്‍ക്കത്തെത്തുടര്‍ന്ന് അത് നടത്താനായിട്ടില്ല. ഒരു ബ്ലോക്കില്‍നിന്ന് ഒരു പ്രതിനിധി എന്ന രീതിയിലാണ് കെ.പി.സി.സി. അംഗങ്ങളുണ്ടാകുക. അങ്ങനെ ബ്ലോക്ക് പ്രതിനിധികളായ 282 പേരാണുള്ളത്. ഇതിനുപുറമേ മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാര്‍, പാര്‍ലമെന്ററി പാര്‍ട്ടിനേതാക്കള്‍ എന്നിവരും ജനറല്‍ബോഡിയിലുണ്ടാകും.
"
https://www.facebook.com/Malayalivartha

























