'മുഖ്യമന്ത്രിയും ഗവർണറും പരസ്പരം ബഹുമാനിച്ച് മുന്നോട്ടുപോകണം. എന്നാൽ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി പരസ്പരം ഒത്തുകളിക്കുകയല്ല വേണ്ടത്. എന്തും വിളിച്ചു പറയുന്നതിനേക്കാൾ ഗൗരവമുള്ളതാണ് അധികാരമുണ്ടെന്ന് വെച്ച് എന്ത് തോന്ന്യാസവും ചെയ്യാനുള്ള പ്രവണതയും. അതുകൊണ്ടുതന്നെ സർക്കാരിന്റെ നടപടികൾ നിഷ്പക്ഷവും നീതിപൂർവ്വകവുമാണ് എന്ന് ഉറപ്പുവരുത്തേണ്ടത് മുഖ്യമന്ത്രിയാണ്...' മുഖ്യമന്ത്രിയെ വിമർശിച്ച് വി.ടി ബൽറാം

സംസ്ഥാനത്ത് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് കൊടുക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഗവർണർക്കെതിരെ നടത്തിയ പ്രസ്താവനകളെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് വി. ടി ബൽറാം.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
"പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി"
-പുതിയ കാര്യമല്ല. പ്രത്യേകിച്ചും സ്വന്തം നേരെ എന്തെങ്കിലും വിമർശനമുയരുമ്പോൾ മുഖ്യമന്ത്രിയുടെ ഇത്തരം പൊട്ടിത്തെറികൾ പതിവാണ്.
"ബന്ധു നിയമനം: ഗവർണർ പറഞ്ഞത് അസംബന്ധം"
-ഗവർണർ പല അസംബന്ധങ്ങളും പറയാറുണ്ട്. പക്ഷേ, ബന്ധു നിയമന വിഷയത്തിൽ ഗവർണറുടെ ഇപ്പോഴത്തെ നടപടികളെ അങ്ങനെ ഒറ്റയടിക്ക് തള്ളിപ്പറയാനാവില്ല.
"ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണം"
-ഗവർണറോടും മുഖ്യമന്ത്രി/ആഭ്യന്തര മന്ത്രിയോടും ജനങ്ങൾക്ക് പറയാനുള്ളത് ഇതു തന്നെയാണ്. സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്തങ്ങളും മറക്കരുത്. സ്വജന പക്ഷപാതത്തിന് തന്റെ ഓഫീസിന്റെ സ്വാധീനം ദുരുപയോഗിക്കുന്നത് മുഖ്യമന്ത്രിയും കണ്ടറിഞ്ഞ് തിരുത്തണം.
"സ്റ്റാഫിന്റെ ബന്ധുവായാൽ ജോലിക്ക് അപേക്ഷിക്കാൻ പാടില്ലേ?"
-യോഗ്യതയുണ്ടായാൽ അപേക്ഷിക്കാം. പക്ഷേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ല എന്നാണ് ആരോപണം. അർഹരായ മറ്റ് ആളുകൾ ഉണ്ടാകുമ്പോൾ യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്നത് അഴിമതിയും സ്വജനപക്ഷപാതവുമാണ്.
"ഇങ്ങനെ പറയാൻ ഗവർണർക്ക് എന്തധികാരം?"
-ഗവർണർ സർക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് കൂട്ടുനിൽക്കുകയായിരുന്നു ഇതുവരെ എന്നതാണ് ഞങ്ങളുടെ ആക്ഷേപം. ഗവർണർ സർവ്വകലാശാലയുടെ ചാൻസലർ എന്ന നിലയിലെ തന്റെ അധികാരങ്ങൾ കുറേക്കൂടി കൃത്യമായി നിർവ്വഹിക്കണമായിരുന്നു. കണ്ണൂർ വി.സി.യുടെ പുനർനിയമനക്കാര്യത്തിൽ ഗവർണർ തന്റെ അധികാരം ശരിയാംവണ്ണം ഉപയോഗിക്കാതെ സർക്കാരിന്റെ തന്നിഷ്ടത്തിന് കൂട്ടുനിൽക്കുകയായിരുന്നു.
"എന്തും വിളിച്ചു പറയാനുള്ള പദവിയാണോ ഗവർണർ?"
-അല്ല. മുഖ്യമന്ത്രി പദവിയും അങ്ങനെത്തന്നെ. മുഖ്യമന്ത്രിയും ഗവർണറും പരസ്പരം ബഹുമാനിച്ച് മുന്നോട്ടുപോകണം. എന്നാൽ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി പരസ്പരം ഒത്തുകളിക്കുകയല്ല വേണ്ടത്.
എന്തും വിളിച്ചു പറയുന്നതിനേക്കാൾ ഗൗരവമുള്ളതാണ് അധികാരമുണ്ടെന്ന് വെച്ച് എന്ത് തോന്ന്യാസവും ചെയ്യാനുള്ള പ്രവണതയും. അതുകൊണ്ടുതന്നെ സർക്കാരിന്റെ നടപടികൾ നിഷ്പക്ഷവും നീതിപൂർവ്വകവുമാണ് എന്ന് ഉറപ്പുവരുത്തേണ്ടത് മുഖ്യമന്ത്രിയാണ്.
അപ്പോ ശരി
പിന്നെ കാണാം
https://www.facebook.com/Malayalivartha
























