കേരളത്തിലെ മുഴുവൻ പെട്രോൾ പമ്പുകളും വെള്ളിയാഴ്ച്ച അടച്ചിടും: പിന്നോട്ടില്ലെന്ന് ഡീലര്‍മാര്‍

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച്ച അടച്ചിടുന്നതില്‍ നിന്ന് പിന്നോട്ടില്ല എന്ന് ഡീലര്‍മാര്‍. എണ്ണ കമ്പനികളുടെ നയത്തില്‍ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നടപ്പാക്കിയ നയങ്ങളും പരിഷ്‌കാരങ്ങളും ദുരിതത്തില്‍ ആക്കുന്നു എന്ന് ഡീലർമാർ ആരോപിക്കുന്നു.
കേരളത്തിലെ 650 ഓളം ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രതിദിനം 450 ഓളം ലോഡുകള്‍ ആണ് വേണ്ടത്. എന്നാല്‍ നിലവില്‍ 250 ലോഡുകള്‍ മാത്രമാണ് നല്‍കുന്നത്. ഇത് കാരണം സ്ഥിരമായി മൂന്നിലൊന്നോളം പമ്പുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടഞ്ഞ് കിടക്കുന്ന സ്ഥിതിയാണുളളത് എന്ന് ഡീലര്‍മാര്‍ പറയുന്നു.
അതേസമയം ഐ ഒ സി അവരുടെ ഡീലര്‍മാരുടെ മേല്‍ പ്രീമിയം ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നും ഡീലര്‍മാര്‍ ആരോപിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച കേരളത്തിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുന്നത്. ഇതില്‍ 500 എണ്ണം ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പുകളാണ്.
ഇവയില്‍ പകുതിയോളം ഇന്ധനം കിട്ടാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങള്‍ കമ്പനി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും അതിനൊന്നും മതിയായ നടപടികള്‍ ഉണ്ടായില്ല എന്ന് ഡീലര്‍മാര്‍ പറയുന്നു. ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ പണിമുടക്കല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഡീലര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























