ഗവർണറെ പുകച്ച് പുറത്ത് ചാടിക്കാൻ പ്ലാനിട്ട് ഇപിയും ഗോവിന്ദൻ മാഷും... ഗവര്‍ണര്‍ -മുഖ്യമന്ത്രി പോര് ഏറ്റുപിടിച്ച് സിപിഎം

ഗവര്‍ണര്‍ -മുഖ്യമന്ത്രി പോര് ഏറ്റുപിടിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ആ പദവി തന്നെ എടുത്തുകളയേണ്ടതാണെന്ന് ഇ.പി ജയരാജന്‍ പയ്യന്നൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ പദവി ഒരു ആവശ്യവുമില്ലാത്തതാണ്. ഒരു ഉത്തരവാദിത്തവും ഒരു പ്രത്യേകതയുമില്ലാത്ത സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്തു പറയുകയാണ്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു.
സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍. ഉള്ള കാര്യം നേരെ മുഖത്തു നോക്കി പറയുന്നയാളാണ് മുഖ്യമന്ത്രി. കര്‍ട്ടനു പുറകില്‍ നിന്ന് കളിക്കുന്നവരല്ല നല്ല കമ്യൂണിസ്റ്റുകാരെന്നും ഇ.പി. ജയരാജന്‍ പയ്യന്നൂരില്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ പദവിയെ കുറിച്ച് അദ്ദേഹം ആദ്യം മനസ്സിലാക്കണം. ഗവര്‍ണര്‍ പദവിക്ക് ഒരു പൊതു സങ്കല്പമുണ്ട്. അത് പാലിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം. ആര്‍ക്കോ വേണ്ടി ഗവര്‍ണര്‍ കേരള സമൂഹത്തെ മലീമസമാകുകയാണ്. ജനാധിപത്യ മൂല്യങ്ങള്‍ പാലിക്കണം. സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ അദ്ദേഹം ഉപേക്ഷിക്കാന്‍ തയ്യാറാകണം.
നിയമസഭ പാസാക്കുന്ന ബില്‍ അംഗീകരിച്ചുകൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടയാളാണ് ഗവര്‍ണര്‍. അത് ഒപ്പിടില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്കാകുമോ? കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ശാസ്ത്ര കോണ്‍ഗ്രസില്‍ എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് അദ്ദേഹം ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്.
ആരോപണം ഉന്നയിക്കുന്ന അദ്ദേഹമോ അദ്ദേഹത്തിന്റെ സ്റ്റാഫോ എവിടെയെങ്കിലും പരാതി കൊടുത്തിട്ടുണ്ടോ? അദ്ദേഹത്തിന് എന്തെങ്കിലും ഹിഡന്‍ അജണ്ടയുണ്ടോ എന്ന് സംശയമുണ്ട്. കര്‍ട്ടന് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരല്ല മന്ത്രിമാരും സിപിഎമ്മും. ഉള്ളകാര്യം മുഖത്തുനോക്കി ഉള്ളതു പോലെ പറയുന്നയാളാണ് മുഖ്യമന്ത്രി എന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്ത് വന്നിട്ടുണ്ട്. ഗവര്‍ണര്‍ക്ക് സമചിത്തതയില്ല. പദവിക്ക് നിരക്കാത്ത സമീപനമാണ് ഗവര്‍ണറില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കുമെതിരെ ഗവര്‍ണര്‍ തെറ്റായ പ്രചാരണം നടത്തുകയാണ്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ കുറിച്ച് വലിയ ആക്ഷേപമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. അദ്ദേഹം വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനാണ്. ഇര്‍ഫാന്‍ ഹബീബിനെതിരായാണ് അദ്ദേഹം ആരോപണം ഉന്നയിക്കുന്ന മറ്റൊരു വ്യക്തി. ഇവര്‍ വധഗൂഢാലോചന നടത്തിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?
മൂന്നു വര്‍ഷം മുന്‍പ് കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ വച്ച് വധശ്രമമുണ്ടായി എന്ന ഗവര്‍ണറുടെ ആരോപണവും എം.വി ഗോവിന്ദന്‍ തള്ളി. പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചനയില്ല. പൗരത്വ ഭേദഗതി സെമിനാറില്‍ വച്ചുണ്ടായ പ്രതിഷേധം പെട്ടെന്നുള്ളതാണ്. അതിനു പിന്നില്‍ സര്‍ക്കാരിനു പങ്കുണ്ടെന്ന ആരോപണം ലോകത്താരും വിശ്വസിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനേയും എല്‍.ഡി.എഫിനേയും ഗവര്‍ണര്‍ പരോക്ഷമായി കടന്നാക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























