പിതാവില്‍ നിന്നു കുട്ടിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് അധ്യാപകരുടെ പരാതി

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയും മാതാവിനെയും നിരന്തരം മര്‍ദിക്കുന്ന പിതാവിനെതിരെ സ്‌കൂള്‍ ഹെഡ്മാസ്റ്ററും അധ്യാപകരും ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. പിതാവിന്റെ പീഡനം മൂലം, പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിയുടെ ഭാവി തകരുമെന്നു കാണിച്ചാണ് കറിക്കാട്ടൂര്‍ സിസിഎം എച്ച്എസ്എസിലെ അധ്യാപകര്‍ കുട്ടിയുടെ അച്ഛനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ വാടക ഗുണ്ടയെയും കൂട്ടി നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ് കുട്ടിയുടെ അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സിബിഎസ്ഇ സ്‌കൂളില്‍ ഒന്നാമനായി പഠിച്ചുവന്ന വിദ്യാര്‍ഥിയെ പിതാവിന്റെ ഉപദ്രവം മൂലമാണ് കറിക്കാട്ടൂര്‍ സ്‌കൂളിലേക്കു മാറ്റിയത്. സ്കൂളിലെ ഉച്ചഭക്ഷണം തനിക്കും നല്‍കാമോ എന്ന് കഴിക്കാന്‍ ഒന്നും ഇല്ലാതെ വിശന്ന കുട്ടി അധ്യാപകരോട് ചോദിച്ചതോടെയാണ് അധ്യാപകര്‍ കുട്ടിയെയും കുടുംബത്തെയും കുറിച്ച് അന്വേഷിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ലഭിച്ചതെന്ന് അധ്യാപകര്‍ പറയുന്നു. ദിവസവും 14 കിലോമീറ്റര്‍ ദൂരം നടന്നാണ് കുട്ടി സ്‌കൂളിലെത്തിയിരുന്നത്. തുടര്‍ന്ന് സ്‌കൂളില്‍നിന്ന് കുട്ടിക്ക് ഉച്ചഭക്ഷണം നല്‍കിത്തുടങ്ങി.
അധ്യാപകര്‍ തങ്ങളുടെ വാഹനങ്ങളില്‍ കുട്ടിയെ സ്‌കൂളിലെത്തിക്കാനും തിരിച്ചു വീട്ടിലെത്തിക്കാനും തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിതാവിനെ പേടിച്ച് ഈ കുടുംബം മൂന്നു സ്ഥലങ്ങളിലായി മാറിമാറി താമസിച്ചതായി അധ്യാപകര്‍ പറയുന്നു. അവിടെയെല്ലാം ഇയാള്‍ പിന്തുടര്‍ന്നെത്തി നാട്ടുകാരെ തെറ്റിധരിപ്പിച്ചാണ് ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതെന്നും അധ്യാപകരുടെ പരാതിയില്‍ പറയുന്നു. ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന തമ്പലക്കാട്ടുള്ള വീട്ടില്‍ കഴിഞ്ഞ 24-ന് വാടക ഗുണ്ടയെയും കൂട്ടിയെത്തി ഭാര്യയെയും ഒന്‍പതാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന മക്കളെയും ക്രൂരമായി മര്‍ദിച്ചെന്ന് പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
കുട്ടികളുടെ കണ്‍മുന്നില്‍ അവരുടെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ച് അടിവയറ്റില്‍ ചവിട്ടുകയും ശരീരത്തില്‍ കയറിയിരുന്ന് മര്‍ദിക്കുകയും ചെയ്തുവത്രേ. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതു കണ്ട് മകന്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഫോണില്‍ വിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കുട്ടി അധ്യാപകരെ ഫോണില്‍ വിളിച്ച് കരഞ്ഞുപറഞ്ഞതോടെ അധ്യാപകര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പൊലിസ് സ്ഥലത്തെത്തിയതെന്നും പരാതിയിലുണ്ട്.
സ്ഥലത്തെത്തിയ പൊലീസ്, ഗുണ്ടയെ കസ്റ്റഡിയിലെടുക്കാതെ കുട്ടികളുടെ പിതാവിനെ മാത്രം ജീപ്പില്‍ കയറ്റി കൊണ്ടുപോയ ശേഷം വിട്ടയച്ചതായും അധ്യാപകരുടെ പരാതിയില്‍ പറയുന്നു. ചികില്‍സ തേടി കുട്ടികളും അമ്മയും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ചികിത്സ കിട്ടിയില്ല. തുടര്‍ന്ന് യുവതി തന്റെ ജന്മദേശമായ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോവുകയായിരുന്നു. അധ്യാപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി: വി.യു. കുര്യാക്കോസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha