വാട്ടര്‍ അതോറിറ്റി 3000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉപഭോക്തൃകോടതി ഉത്തരവ്

വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ 12 വര്‍ഷം കേസ് നടത്തിയയാള്‍ക്ക് 3000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചത് പൂജപ്പുര സ്വദേശി ടി.വി.ആര്‍. പോറ്റിക്കാണ്. അനധികൃതമായി വീട്ടിലെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചതിനാണ് 2003-ല്‍ പോറ്റി കേസ് ഫയല്‍ ചെയ്തത്.
കോടതി ഉത്തരവു പ്രകാരം അടുത്ത ദിവസം തന്നെ വാട്ടര്‍ കണക്ഷന്‍ പുനഃസ്ഥാപിച്ചു. പോറ്റിയുടെ വീട്ടിലെ മീറ്റര്‍ പോയിന്റിനും അതോറിറ്റിയുടെ ഡിസ്ട്രിബ്യൂഷന്‍ ലൈനിനുമിടയ്ക്കുള്ള പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയതോടെയാണു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ചോര്‍ച്ച അടയ്ക്കാനെത്തിയ കരാര്‍ ജീവനക്കാരന്‍ 1500 രൂപ കൈക്കൂലി ചോദിച്ചു. ഇതു നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ മട്ടുമാറി. പോറ്റിയുടെ വീട്ടിലെ മീറ്റര്‍ കേടാണെന്നും പൈപ്പുലെന്‍ പൊട്ടിച്ചതാണെന്നും ആരോപിച്ചു പോറ്റിക്കു നോട്ടീസ് നല്‍കി.
ജൂണ്‍മാസം വരെ വെള്ളക്കരം അടച്ചില്ല, കേടായ മീറ്റര്‍ മാറ്റിവച്ചില്ല, പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും സ്വന്തം ചെലവില്‍ നന്നാക്കിയില്ല എന്നൊക്കെ കാട്ടിയായിരുന്നു നോട്ടീസ്. എന്നാല്‍ പോറ്റി മേയ് മാസം വരെ വെള്ളക്കരം ഒടുക്കിയിരുന്നു. ഭാര്യ വസുന്ധരാദേവിയുടെ പേരില്‍ കണക്ഷനായിരുന്നിട്ടും നോട്ടീസ് നല്‍കിയത് പോറ്റിക്ക് ആയിരുന്നു. അമളി പറ്റിയെന്നറിഞ്ഞിട്ടും കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ രണ്ട് ദിവസം കഴിഞ്ഞു വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൈപ്പ് കണക്ഷനും വിച്ഛേദിച്ചു. അടുത്ത ദിവസം തന്നെ ഉപഭോക്തൃ കോടതിയെ സമീപിച്ചു പൈപ്പ് പുനഃസ്ഥാപിച്ചു.
2000 രൂപ നഷ്ടപരിഹാരവും 1000 രൂപ കോടതി ചെലവും നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടെങ്കിലും നല്‍കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തയാറായില്ല. തുടര്‍ന്നും വര്‍ഷങ്ങളോളം പോറ്റി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി വിധിച്ച തുക കൈയ്യില്‍ ലഭിച്ചത്. 3000 രൂപയ്ക്കു വേണ്ടി 30,000 രൂപ നഷ്ടപ്പെടുത്തിയെങ്കിലും 72-ാം വയസ്സില്‍ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പോറ്റി. വാട്ടര്‍ അതോറിറ്റി പിടിപി നഗറിലെ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പോറ്റിയുടെ വീട്ടിലെത്തി 3000 രൂപ നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha