പ്രേക്ഷക പങ്കാളിത്തത്തിലെ റെക്കോര്‍ഡിലേക്ക് രാജ്യാന്തര ചലച്ചിത്രമേള

ഡിസംബര്‍ നാലു മുതല്‍ 11 വരെ തിരുവനന്തപുരത്തു നടക്കാനിരിക്കുന്ന ഇരുപതാമതു രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷക പങ്കാളിത്തത്തില്‍ റെക്കോര്‍ഡ് ഇടും. 12,000 ഡലിഗേറ്റുകള്‍ ഉള്‍പ്പെടെ 15,000 പ്രേക്ഷകര്‍ ഈ വര്‍ഷത്തെ മേളയ്ക്ക് എത്തുമെന്നു കണക്കാക്കുന്നു. ഇത്രയേറെ പ്രേക്ഷകരെ ഉള്‍ക്കൊള്ളുന്നതിനായി കനകക്കുന്നില്‍ 3,000 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക തിയറ്റര്‍ നിര്‍മിക്കുന്നുണ്ട്. അവിടെ ലോകസിനിമകളുടെയും ത്രീ ഡി സിനിമകളുടെയും അഞ്ചു പ്രദര്‍ശനം വീതം ദിവസവും നടക്കും. പതിവില്‍ നിന്നു വ്യത്യസ്തമായി കനകക്കുന്ന് ആയിരിക്കും മേളയുടെ മുഖ്യ വേദി. ഡലിഗേറ്റുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ അഞ്ചിനു തുടങ്ങും.
60 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 170 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇരുനൂറോളം അതിഥികളാണ് എത്തുക. ബ്രസീലില്‍ നിന്നുള്ള ജൂലിയോ ബ്രസീന്‍ ആണ് രാജ്യാന്തര ജൂറിയുടെ അധ്യക്ഷന്‍. ലിത്വാനിയ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഫോക്കസ് വിഭാഗത്തിലും കൊറിയന്‍ ചിത്രങ്ങള്‍ സ്‌പെഷല്‍ ഫോക്കസ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുമെന്നു ചലച്ചിത്രമേളയുടെ ഡയറക്ടര്‍ ഷാജി എന്‍. കരുണ്‍ അറിയിച്ചു. ഫ്രഞ്ച് ചലച്ചിത്ര സംവിധായകന്‍ ടോണി ഗാറ്റ്‌ലിഫിന്റെ അഞ്ചു സിനിമകള്‍ കണ്ടംപററി മാസ്റ്റര്‍ വിഭാഗത്തില്‍ ഉണ്ടാകും. ന്യൂജനറേഷന്‍ സിനിമയിലെ പ്രഗല്‍ഭരുടെ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍എഫ്ഡിസിയുടെ സഹായത്തോടെ പുനര്‍നിര്‍മിക്കുകയോ വീണ്ടെടുക്കുകയോ ചെയ്ത നഷ്ടപ്പെട്ട എതാനും ഇന്ത്യന്‍ ക്ലാസിക് സിനിമകളില്‍ ചിലതു മേളയില്‍ പ്രദര്‍ശിപ്പിക്കും.
അഞ്ച് ത്രീഡി ചിത്രങ്ങളുടെ പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര വ്യവസായവുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന ശില്‍പശാലകളില്‍ ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളും ലോക പ്രശസ്ത തിരക്കഥാകൃത്തുക്കളും ഡിജിറ്റല്‍ ഫൊട്ടോഗ്രഫി വിദഗ്ധരും പങ്കെടുക്കും. കൈരളി, ശ്രീ, നിള, ന്യൂ തിയറ്ററിലെ മൂന്നു സ്‌ക്രീനുകള്‍, ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, രമ്യ, കലാഭവന്‍, ടഗോര്‍ എന്നീ തിയറ്ററുകളിലായി 5935 സീറ്റും നിശാഗന്ധിയിലെ താല്‍ക്കാലിക തിയറ്ററില്‍ 3000 സീറ്റും ഉണ്ടാകും. ഇതിനു പുറമേ എല്ലാ ദിവസവും വൈകുന്നേരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലും വെള്ളയമ്പലത്തെ മാനവീയം വീഥിയിലും പൊതുജനങ്ങള്‍ക്കായി സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഏറ്റവുമധികം പ്രേക്ഷക താല്‍പര്യമുള്ള ലോകസിനിമാ വിഭാഗത്തിലെ ചിത്രങ്ങളും ത്രീഡി സിനിമകളുമാണ് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുകയെന്നതിനാല്‍ ദിവസം അഞ്ച് ഷോകളിലായി 15,000 പേര്‍ക്കു വരെ അവിടെ സിനിമ കാണാനാകും. മേളയുടെ ഓഫിസും മീഡിയ സെന്ററും കന്റീനും എല്ലാം കനകക്കുന്നു കൊട്ടാരത്തിലായിരിക്കും. മേളയോട് അനുബന്ധിച്ചുള്ള എക്‌സിബിഷന്‍, മറ്റ് ആഘോഷ പരിപാടികള്‍ തുടങ്ങിയവയെല്ലാം കനകക്കുന്നില്‍ നടക്കും. ഫലത്തില്‍ കൈരളി, ശ്രീ കോംപ്ലക്‌സിനു മുഖ്യവേദിയെന്ന പദവി നഷ്ടപ്പെടുകയാണ്.
മേളയോട് അനുബന്ധിച്ച് എ. വിന്‍സന്റ്, എം.എസ്. വിശ്വനാഥന്‍, യൂസഫലി കേച്ചേരി എന്നിവരെക്കുറിച്ചും 20 വര്‍ഷത്തെ ഐഎഫ്എഫ്‌കെയുടെ ചരിത്രത്തെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. മേളയുടെ ഒരുക്കങ്ങള്‍ വില യിരുത്തുന്നതിനായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്നലെ സംഘാടക സമിതി യോഗം ചേര്‍ന്നു. ഷാജി എന്‍. കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ് നാഥ്, പെരുമ്പടവം ശ്രീധരന്‍, സി. ദിവാകരന്‍ എംഎല്‍എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha