മലയാളികളുടെ ജീവിതരീതി, പാശ്ചാത്യവല്‍ക്കരണം എന്നിവ കാന്‍സര്‍ രോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു: കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍

മലയാളികളുടെ ജീവിതരീതിയും പാശ്ചാത്യവല്‍ക്കരണവും കാന്‍സര്‍ രോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് കാരണ മാകുന്നുണ്ടെന്ന് പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. ധാരണയെക്കാള്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ ഉള്ള രോഗമാണ് കാന്‍സറെന്നും, 60% കാന്‍സര്‍ രോഗങ്ങളും നേരത്തേ കണ്ടെത്തിയാല്‍ ഭേദമാക്കാനാവുന്നതാണെന്നും അദ്ദഹം പറഞ്ഞു.
നിയമസഭയിലെ പാര്‍ലമെന്ററി പഠന കേന്ദ്രവും കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനും ചേര്‍ന്നു നിയമസഭാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളില്‍ പ്രോസ്‌ട്രേറ്റ്, തൈറോയ്ഡ്, കുടല്‍ എന്നിവിടങ്ങളിലെ കാന്‍സര്‍ബാധ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുകയില ഉപയോഗത്തിനൊപ്പം ആഹാര രീതി, വ്യായാമമില്ലായ്മ എന്നിവയും രോഗസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. രോഗം ഭേദമായവരെ രോഗിയായി കാണാതെ പൊരുതി വിജയിച്ചവരായി കാണണമെന്നും രോഗബാധിതരുടെ ഇച്ഛാശക്തി നശിപ്പിക്കാതെയും ഒറ്റപ്പെടുത്താതെയും സമൂഹം അവരെ ഒപ്പം കൂട്ടണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഹൃദയം അടക്കം ഏതു ഭാഗത്തും ഏതു പ്രായത്തിലും രോഗം പിടിപെടാം. നാശമില്ലാതെ അനിയന്ത്രിതമായി വളരുന്ന കോശങ്ങളാണ് കാന്‍സറിനു കാരണമാവുന്നത്. അവ അടുത്തുള്ള കോശങ്ങളെയും രോഗാതുരമാക്കും. രോഗബാധിത കോശങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് പടര്‍ന്ന്, വേറെ അവയവങ്ങള്‍ നശിപ്പിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നവരാണ് മരണപ്പെടുന്നത് . രോഗം പിടിപെടുന്നതില്‍ പാരമ്പര്യത്തിന് അഞ്ചു ശതമാനം മാത്രമേ സാധ്യതയുള്ളു. ആശുപത്രിയിലെത്തുന്ന രോഗികളില്‍ 45 ശതമാനം പേരും സുഖം പ്രാപിക്കുന്നുണ്ട്.
കുട്ടികളില്‍ 80 ശതമാനം പേരും അര്‍ഥപൂര്‍ണമായ ജിവിതത്തിലേക്ക് തിരികെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിക്കാന്‍ സ്വയംപരിശോധന ശീലമാക്കുന്നതിനൊപ്പം മാമോഗ്രഫിക്കുള്ള മൊബൈല്‍ യൂണിറ്റുകള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ എന്‍. ശക്തന്‍ അധ്യക്ഷത വഹിച്ചു. നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന്‍, ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രഫ. പി. രാജഗോപാലപിള്ള എന്നിവരും പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha