ടി.വിയുടെ അന്ത്യകൂദാശ വിവാദത്തെക്കുറിച്ച് മനസ് തുറക്കാതെ ഗൗരിയമ്മ

ടി.വി. തോമസുമായി ബന്ധപ്പെട്ട അന്ത്യകൂദാശാ വിവാദത്തില്‍ \'1965-നു ശേഷം നടന്നതൊന്നും എനിക്കറിയില്ല. അതേക്കുറിച്ചു പറയാന്‍ ഞാന്‍ ആളല്ല\' ഗൗരിയമ്മയുടെ പ്രതികരണം ഇത്രമാത്രം.
അടിയുറച്ച കമ്യൂണിസ്റ്റും നിരീശ്വരവാദിയും സി.പി.ഐയുടെ സമുന്നത നേതാവുമായിരുന്ന ടി.വി. തോമസ് മരണത്തിനു തൊട്ടുമുമ്പ് ക്രൈസ്തവ വിശ്വാസം അനുസരിച്ചുള്ള അന്ത്യകൂദാശ സ്വീകരിക്കാന്‍ തയാറായെന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായതാണ് വിവാദത്തിനു വഴിമരുന്നിട്ടത്.
കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ സമരം നടന്നകാലത്ത് അദ്ദേഹം സ്വകാര്യമായി നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്‌തെന്നും പിന്നീട് ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നുമായിരുന്നു ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ആത്മകഥയില്‍ ടി.വിയെ കുറിച്ച് പരാമര്‍ശിക്കുന്നത്.
ആലപ്പുഴയിലെ കത്തോലിക്ക കുടുംബമായ തൈപ്പറമ്പുവീട്ടില്‍ ടി.സി. വര്‍ഗീസിന്റെയും പുറക്കാട് കദളിപ്പറമ്പില്‍ പെണ്ണമ്മയുടെയും മകനായാണ് ടി വി തോമസ് ജനിച്ചത്. ഒരു സഹോദരനും നാല് സഹോദരിമാരുമുണ്ടായിരുന്നു. ഉമ്മച്ചനെന്നായിരുന്നു വിളിപ്പേര്. കുടുംബാംഗങ്ങളെല്ലാം ഉറച്ച ക്രിസ്തീയവിശ്വാസികളായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സഹപ്രവര്‍ത്തകരായിരുന്നപ്പോള്‍ അടുത്ത ടിവിയും ഗൗരിയമ്മയും പ്രഥമ ഇ.എം.എസ്. മന്ത്രിസഭയില്‍ അംഗങ്ങളായിരിക്കെ പാര്‍ട്ടി നിര്‍ദേശപ്രകാരമായിരുന്നു വിവാഹിതരായത്. 64-ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ ടി.വി. സി.പി.ഐ. പക്ഷത്തും ഗൗരിയമ്മ സി.പി.എമ്മിലും നിലയുറപ്പിച്ചതോടെ ഇരുവരും അകന്നു. 67-ലെ ഇ.എം.എസ് ഭരണത്തില്‍ ഇരുവരും മന്ത്രിമാരായെങ്കിലും വെവ്വേറെയായിരുന്നു താമസം. ഒരുമിപ്പിക്കാന്‍ അന്നത്തെ പാര്‍ട്ടി നിലപാടുകളോ നേതാക്കളോ സഹായിച്ചതുമില്ല. അങ്ങനെ ഇരുവരും തമ്മില്‍ ബന്ധമില്ലാതായി.
അര്‍ബുദബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ മുംബൈയിലെ പ്രമുഖ ആശുപത്രിയില്‍ വച്ചാണ് സി.പി.എമ്മിന്റെ അനുവാദത്തോടെ ഗൗരിയമ്മ പിന്നീട് ടി.വിയെ കാണുന്നത്. ഒരു ദിവസത്തെ കൂടിക്കാഴ്ച. കൂടുതല്‍ ദിവസം ടി.വിയോടൊപ്പം നിന്നു പരിചരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടി അതിനു സമ്മതിച്ചില്ലെന്ന് അടുത്തിടെ ഗൗരിയമ്മ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പത്രലേഖകരുമായും ജെ.എസ്.എസിലെ സഹപ്രവര്‍ത്തകരുമായും പങ്കുവച്ചിരുന്നു.
മുംബൈയില്‍ നിന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. അവിടെവച്ച് അന്ത്യകൂദാശ സ്വീകരിക്കാന്‍ സന്നദ്ധനായെന്നാണു വിവാദം. വലിയ ചുടുകാട്ടിലായിരുന്നു സംസ്‌കാരം. സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠന്‍ ടി.വി. ചാക്കോയോ ഉറച്ച ക്രൈസ്തവ വിശ്വാസികളായ മറ്റു ബന്ധുക്കളോ ആവശ്യപ്പെട്ടിരുന്നില്ലെന്ന് സി.പി.ഐ. നേതാവും ദീര്‍ഘകാലം ഗൗരിയമ്മയുടെ ഉറ്റ സഹപ്രവര്‍ത്തകനുമായിരുന്ന ജി. പുഷ്പരാജന്‍ പറയുന്നു.
ഗൗരിയമ്മ ഇപ്പോള്‍ കൃഷ്ണഭക്തയും വിശ്വാസിയുമാണ്. ഇരുവരും ഒരുമിച്ചായിരുന്നപ്പോള്‍ വിശ്വാസപ്രകാരം ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ടി.വി. വിശ്വാസത്തിലേക്കു മടങ്ങിയോയെന്ന കാര്യം തനിക്ക് അറിയില്ലെന്ന നിലപാടിലാണ് ഗൗരിയമ്മ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha