വീട് പൂട്ടിയിട്ടാല്‍ പിഴയീടാക്കാനുറച്ച് കെ.എസ്.ഇ.ബി. , പരിഹാരമായി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി

രണ്ടു തവണയിലേറെ മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഉപയോക്താക്കളില്‍ നിന്നു പിഴയീടാക്കാന്‍ തന്നെ കെ.എസ്.ഇ.ബി. തീരുമാനിച്ചു. വിവാദമായതിനെ തുടര്‍ച്ച് മുമ്പ് മരവിപ്പിച്ച തീരുമാനമാണു വീണ്ടും നടപ്പാക്കുന്നത്.
റഗുലേറ്ററി കമ്മിഷന്റെ നിയമം അനുസരിക്കാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ ദീര്‍ഘകാലം വീട് പൂട്ടിയിട്ട് പുറത്തുപോകുന്നവര്‍ക്കും ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ഗേറ്റ് പൂട്ടി സ്ഥലം വിടുന്നവര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ആവിഷ്‌കരിക്കും.
ഓണ്‍ലൈനില്‍ ബില്‍ അടയ്ക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ബില്ല് വെബ് പോര്‍ട്ടലില്‍ ഉപയോക്താവിന്റെ രജിസ്‌ട്രേഡ് ഐ.ഡിയിലെത്തുകയും ചെയ്യും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ഫീസ് ഉപയോക്താവ് അടയ്ക്കണം. ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കും.
ജോലിക്കു പോകുന്നതുമൂലം ഗേറ്റ് തുറന്നിടാന്‍ കഴിയാത്തവര്‍ക്ക് താല്‍പര്യമുള്ള ദിവസം സ്‌പെഷല്‍ മീറ്റര്‍ റീഡിങ് എടുപ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിനായി 50 രൂപാ ഫീസ് ഒടുക്കണം.എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ല.
കൂടാതെ ദീര്‍ഘകാലം വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നവര്‍ക്ക് ശരാശരി വൈദ്യുതി ഉപയോഗം മനസിലാക്കി അത്രയും കാലത്തെ മിനിമം തുക മുന്‍കൂറായി അടച്ചാല്‍ പിഴയില്‍ നിന്നൊഴിവാകാം. റീഡിങിന് സൗകര്യമില്ലെങ്കില്‍ അക്കാര്യം സെക്ഷനില്‍ അറിയിക്കണമെന്നുമാത്രം.
നിലവിലുള്ള സാഹചര്യത്തില്‍ തുടര്‍ച്ചയായി രണ്ടുതവണ റീഡിങ് എടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായാല്‍ ആദ്യം ഉപയോക്താവിന് നോട്ടീസ് നല്‍കും. അതിനുശേഷം, പിഴയീടാക്കി മീറ്റര്‍ റീഡിങ് എടുക്കാന്‍ ഏഴു ദിവസം അനുവദിക്കും. ഈ സമയത്തിനുള്ളില്‍ അതിനുള്ള സൗകര്യം ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്‌ഛേദിക്കാനാണു നിയമം. വൈദ്യുതി വിച്‌ഛേദിച്ചാല്‍ കുടിശിക തീര്‍ത്തശേഷമേ വീണ്ടും കണക്ഷന്‍ നല്‍കൂ.
സംസ്ഥാനത്ത് എട്ടു ലക്ഷത്തിലധികം വീടുകള്‍ ആരും ഉപയോഗിക്കാതെ ദീര്‍ഘനാളായി പൂട്ടിക്കിടക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വീടുകളില്‍ വൈദ്യുതി ഉപഭോഗം കുറെയൊക്കെ നടക്കുന്നതായാണ് അധികൃതരുടെ വാദം. ഇത് ഏത് തരത്തിലാണെന്ന് വ്യക്തമാക്കാന്‍ കെ.എസ്.ഇ.ബി. തയാറായിട്ടില്ല. ഇത്തരക്കാരെയാണ് നിയമം പ്രതികൂലമായി ബാധിക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം.
ഉപയോക്താക്കള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൂട്ടി നടപടികള്‍ എടുക്കാനും തീരുമാനമായി. ഓരോ ഇലക്ട്രിക്കല്‍ സെക്ഷനിലും എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഗേറ്റും കെട്ടിടവും പൂട്ടിക്കിടക്കുന്നതിനാല്‍ മീറ്റര്‍ റീഡിങ് അസാധ്യമാകുന്നു എന്നതിനെപ്പറ്റി വൈകാതെ കണക്കെടുക്കും. ഇക്കാര്യം ബന്ധപ്പെട്ട ഉപയോക്താക്കളെ അറിയിക്കും.
ഇപ്പോള്‍ കെ.എസ്.ഇ.ബിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഡബ്ല്യുഡബ്ല്യുഡബ്ല്യു. കെഎസ്ഇബി.ഇന്‍-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഈ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha