പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്താകെ 220 ലേറെ സമരാനുകൂലികൾ പിടിയിൽ... ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കോട്ടയത്താണ്. 110 പേരാണ് കോട്ടയത്ത് പിടിയിലായത്... കണ്ണൂരിൽ 45, കാസർകോട് 34, എറണാകുളം 14 എന്നിങ്ങനെയാണ് അറസ്റ്റ്. ആക്രമണങ്ങളിൽ പ്രതികളായവരും കരുതൽതടങ്കലിൽപെട്ടവരും ഉൾപ്പെടെയാണ് കണക്ക്....

ഹർത്താലിനെ തുടർന്ന് കണ്ണൂരിൽ വ്യാപക ആക്രമണമാണ് നടന്നത്. മട്ടന്നൂർ പാലോട്ട് പള്ളിയിൽ ചരക്കുലോറിക്ക് നേരെ പെട്രോൾബോംബെറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ലോറിയുടെ ചില്ല് തകർന്നു. ഇതോടെ നാലിടത്താണ് ബോംബേറുണ്ടായത്. മട്ടന്നൂർ ടൗണിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ബൈക്കിലെത്തിയ രണ്ടുപേർ നടത്തിയ ആക്രമണത്തിൽ ഓഫീസിലെ ഫർണിച്ചറുകൾ നശിപ്പിക്കപ്പെട്ടു. പാലോട്ടുപള്ളിയിൽ ലോറിക്ക് നേരെ ബോംബെറിഞ്ഞതും ഇതേ സംഘമാണെന്നാണ് കരുതപ്പെടുന്നത്.
പുന്നാട് ഒരു ബൈക്ക് യാത്രികന് നേരെയും പെട്രോൾ ബോംബേറുണ്ടായിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ നിവേദിന് നേരെയാണ് ബോംബെറിഞ്ഞത്. പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉളിയിലിൽ പത്രവിതരണ വാഹനത്തിനെതിരെ രാവിലെ ബോംബേറുണ്ടായിരുന്നു. കല്യാശ്ശേരിയിൽ വെച്ച് ഒരു പോപുലർ ഫ്രണ്ട് പ്രവർത്തകനെ പെട്രോൾ ബോംബുമായി പൊലീസ് പിടികൂടി. ഇയാളുടെ കയ്യിൽ നിന്ന് രണ്ട് പെട്രോൾ ബോബുകൾ കണ്ടെടുത്തു.
താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്കുന്നു എന്ന സൂചനയും ഈ അന്വേഷണത്തിൽ കിട്ടിയതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. റെയ്ഡിൽ ജിപിഎസ് സംവിധാനവും വയർലസ് സെറ്റുകളും പിടിച്ചെടുത്തു. കടൽയാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നല്കുന്നത്.
ദില്ലിയിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പടെ മൂന്ന് പിഎഫ്ഐ നേതാക്കളെ ഇഡി അറസ്റ്റു ചെയ്തു. ആസമിൽ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു പേരുടെ അറസറ്റും രേഖപ്പെടുത്തി. പിഎഫ് ഐ നിരോധിക്കാൻ പുതിയ റിപ്പോർട്ട് എൻഐഎ കൈമാറും എന്നാണ് സൂചന. രണ്ടു തവണ ഇത്തരത്തിലുള്ള റിപ്പോർട്ട് എൻഐഎ നല്കിയിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തിൻറെ പശ്ചാത്തലത്തിൽ നിരോധനം കേന്ദ്രസർക്കാർ അലോചിക്കും എന്നാണ് ഉന്നതവൃത്തങ്ങൾ നല്കുന്ന സൂചന.
https://www.facebook.com/Malayalivartha


























