പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍....വ്യാപക ആക്രമണവും വന്‍ നാശനഷ്ടവും... കെഎസ്ആര്‍ടിസി ബസുകളും ലോറികളും സ്വകാര്യവാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു,യാത്രക്കാരെ അസഭ്യംപറയുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ കൊല്ലത്ത് ബൈക്കിടിച്ച് വീഴ്ത്തി, കല്ലേറില്‍ 15കാരിക്ക് പരുക്കേറ്റു, രണ്ടു കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ കണ്ണിന് പരുക്കേറ്റു, ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നഷ്ടങ്ങള്‍ വേറേയും

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ അഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതി സ്വമേധയാ കേസ് എടുത്തു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ച കോടതി പൊതുഗതാഗതത്തിന് സുരക്ഷ ഒരുക്കാന്‍ പോലീസിന് ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി.
ബോംബേറും ഉണ്ടായി. കെഎസ്ആര്‍ടിസി ബസുകളും ലോറികളും സ്വകാര്യവാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കോഴിക്കോട്ടും തിരുവനന്തപുരത്തും നെടുമ്പാശേരിയിലുമായി ഹോട്ടലുകളും കടകളും അടിച്ചു തകര്‍ത്തു. യാത്രക്കാരെ അസഭ്യംപറയുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ കൊല്ലത്ത് ബൈക്കിടിച്ച് വീഴ്ത്തി. കല്ലേറില്‍ രണ്ടു കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ കണ്ണിന് പരുക്കേറ്റു.
കണ്ണൂരില്‍ കല്ലേറില്‍ 15കാരിക്ക് പരുക്കേറ്റു. ഈരാറ്റുപേട്ടയിലും സംഘര്‍ഷമുണ്ടായി. ഇരുന്നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് കല്ലേറിനിടെ ഡ്രൈവര്‍മാര്‍ക്കുനേരെ ഇരുമ്പുകഷണം തുണിയില്‍ കെട്ടി എറിഞ്ഞ് പരുക്കേല്‍പിക്കാനും ശ്രമമുണ്ടായി. കോട്ടയത്ത് ലോട്ടറിക്കട അടിച്ചുതകര്‍ത്തു. ചങ്ങനാശേരിയില്‍ ഡോക്ടര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. ഈരാറ്റുപേട്ടയില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ലോറിക്കുനേരെ പെട്രോള്‍ ബോംബേറുണ്ടായി.
ലോറിയുടെ ചില്ല് തകര്‍ന്നു. ഇരിട്ടിയില്‍ നിന്നും തലശേരി ഭാഗത്തേക്ക് വന്ന ലോറിക്കുനേരെയാണ് ആക്രമണമുണ്ടായത്. പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നാട്ടുകാരുടെ മര്‍ദനം. കച്ചവടക്കാരെ ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ മര്‍ദിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ തൃക്കരിപ്പൂര്‍ സ്വദേശി മുബഷീര്‍, ഒളവറ സ്വദേശി മുനീര്‍, രാമന്തളി സ്വദേശികളായ നര്‍ഷാദ്, ഷുഹൈബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കെ.എസ്.ആര്‍.ടി.സിയെ തൊട്ടുകളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ കല്ലെറിയല്‍ ഉണ്ടാകുമെന്ന് കോടതി പറഞ്ഞു. ശരിയായ ചിന്തയുള്ളവര്‍ ഇത്തരം അക്രമം നടത്തില്ല. നിയമലംഘനങ്ങള്‍ നടക്കുന്നത് ഭരണസംവിധാനത്തോട് ഭയമില്ലാത്തതുകൊണ്ടാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























