അവസാനംവരെ പോരാടി... എല്ലാ വേദനയും ഉള്ളിലൊതുക്കി പാര്‍ട്ടിയെ കരുത്തോടെ മുന്നോട്ട് നയിച്ചു; സിപിഎമ്മില്‍ സൗമ്യനും, സംഘാടകനും, മാന്യനും, മിടുക്കനുമാണ് എന്നും കോടിയേരി; കോടിയേരിയുടെ വേദനയില്‍ മനം നൊന്ത് സഖാക്കള്‍

കോടിയേരിയുടെ വേര്‍പാട് സകല പാര്‍ട്ടിക്കാരേയും വിഷമത്തിലാക്കിയിട്ടുണ്ട്. ഉയര്‍ച്ച താഴ്ചകളിലൂടെയാണ് ഓരോ കമ്മ്യൂണിസ്റ്റ് നേതാവും രൂപപ്പെടുന്നത്. എന്നാല്‍ 2020 നവംബര്‍ വരെയും കോടിയേരി ബാലകൃഷ്ണന്‍ കമ്മ്യൂണിസ്റ്റുകാരില്‍ വ്യത്യസ്തനായിരുന്നു. പാര്‍ലമെന്ററി രംഗത്തും പാര്‍ട്ടിയിലും വിജയങ്ങളും ഉയര്‍ച്ചകളും മാത്രം താണ്ടിയാണ് കോടിയേരി അനിഷേധ്യനായത്.
എസ്എഫ്‌ഐ നേതാവായത് മുതല്‍ മുതല്‍ 2018ല്‍ രണ്ടാമതും പാര്‍ട്ടി സെക്രട്ടറിയാകും വരെയും അതില്‍ മാറ്റമുണ്ടായില്ല. 2019ല്‍ ബാധിച്ച അര്‍ബുദം ശരീരത്തെ തളര്‍ത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി സെക്രട്ടറി തകര്‍ന്നില്ല. മഹാരോഗത്തിലും വീഴാത്ത പാര്‍ട്ടി സെക്രട്ടറി മകന്‍ ബിനീഷ് നേരിട്ട കള്ളപ്പണ കേസില്‍ തളര്‍ന്നു. രണ്ട് നിര്‍ണ്ണായക തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
സിപിഎമ്മില്‍ സൗമ്യനും,സംഘാടകനും,മാന്യനും,മിടുക്കനുമാണ് എന്നും കോടിയേരി. തലശേരി ഗവണ്‍മെന്റ് ഓണിയന്‍ ഹൈസ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതല്‍ രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ നേതാവ് പിണറായി വിജയനാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല.
37ാം വയസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നതിലും നാല്‍പത്തിരണ്ടാം വയസില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും നാല്‍പത്തിയൊന്‍പതാം വയസില്‍ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും ഈ കോടിയേരിക്കാരന്‍ പിണറായിക്കാരന്‍ വിജയന്റെ പിന്ഗാമിയായി. 2020 നവംബറില്‍ പടിയിറങ്ങുമ്പോഴും രാജിയല്ല അവധിയാണെന്ന് പാര്‍ട്ടി ഉറപ്പിച്ച് പറഞ്ഞതും കോടിയേരിയുടെ കരുത്തും സ്വാധീനവും മുന്‍നിര്‍ത്തിയാണ്.
സംസ്ഥാന സമ്മേളനം വരെ കാക്കാതെയുള്ള അസാധാരണ മടങ്ങിവരവിലും പാര്‍ട്ടി വ്യക്തമാക്കിയത് ഒന്ന് മാത്രമായിരുന്നു. കേരളത്തിലെ സിപിഎമ്മില്‍ രണ്ടാമനാര് എന്നതില്‍ രണ്ട് പക്ഷം വേണ്ടെന്നായിരുന്നു അത്. കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങിയാല്‍ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാല്‍ കോടിയേരി ആയിരുന്നു.
കണ്ണൂരില്‍ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയില്‍ എത്തുന്നതിലും, ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണന്‍ വിജയന്റെ തുടര്‍ച്ചയായി. ബാലകൃഷ്ണന്‍ രാഷ്ട്രീയക്കാരനാകുമെന്ന് ഈങ്ങയില്‍പിടികക്കാര്‍ ആദ്യമെ ഉറപ്പിച്ചതാണ്.
ഓണിയന്‍ സ്‌കൂളില്‍ എട്ടാംക്ലാസ് മുതല്‍ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു. ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് സിപിഎം കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖര്‍ക്കൊപ്പമുള്ള ജയില്‍ക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണന്‍ വളര്‍ന്നു.
1982 ല്‍ തലശേരി എംഎല്‍എയായി. തോല്‍വിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90 ല്‍ ഇ പി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി. അന്ന് മുതല്‍ ഇങ്ങോട്ട് കോടിയേരി പിന്നില്‍ പോയിട്ടില്ല .സഭക്ക് അകത്തും പുറത്തും. 2005 ല്‍ മലപ്പുറത്ത് പിണറായി പാര്‍ട്ടി പിടിക്കുമ്പോള്‍ തെളിഞ്ഞത് കൊടിയേരിയുടെ കൂടി രാശിയാണ്. 2006 ല്‍ സിപിഎം ഭരണം പിടിക്കുമ്പോള്‍ വിഎസിനെ ദുര്‍ബലനാക്കാന്‍ കോടിയേരിയെ പിണറായി കരുത്തനാക്കി. എന്നാല്‍ വിഎസിനോട് ഔദ്യോഗിക ചേരിക്കാര്‍ കാട്ടിയ ശത്രുതാ മനോഭാവം അല്ലായിരുന്നു കോടിയേരിക്ക്. സര്‍ക്കാരിനും പാര്‍ട്ടിക്കും ഇടയിലെ റോള്‍ കോടിയേരി മികവുറ്റതാക്കി.
അനുരഞ്ജനമായിരുന്ന പ്രായോഗിക രാഷ്ട്രീയത്തില്‍ കോടിയേരിയുടെ കൊടിയടയാളം. പാര്‍ട്ടിക്ക് അകത്തും പുറത്തും സൗമ്യമായ ഇടപെടല്‍. എന്നാല്‍ മാന്യനായ മിടുക്കനായ തലശേരിക്കാരനെ ശരിക്കും തളര്‍ത്തിയത് പാര്‍ട്ടിയിലെ ശത്രുക്കളോ പ്രതിപക്ഷമോ ആയിരുന്നില്ല. ഒന്നിന് പിറകെ ഒന്നായി കുടുംബം ചെന്ന് പെടുന്ന വിവാദങ്ങളില്‍ പ്രതിരോധം പോലും സാധ്യമാകാതെ കോടിയേരി പ്രതിസന്ധിയിലായി. ആഭ്യന്തര മന്ത്രിയായ കാലംമുതല്‍ ഒടുവില്‍ അര്‍ബുദ കാലം വരെയും ഇത് തുടര്‍ന്നു.
പൊലീസില്‍ ശ്രദ്ധേയമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയ ആഭ്യന്തരമന്ത്രി, പിണറായി ശൃംഘലയെ ഇളക്കം തട്ടാതെ മുന്നോട്ട് നയിച്ച പാര്‍ട്ടി സെക്രട്ടറി. അധികപ്രസംഗികള്‍ക്കും അബദ്ധ പ്രസ്താവനക്കാര്‍ക്കും ഇടയില്‍ ആധികാരികതയോടെ രാഷ്ട്രീയം പറ!ഞ്ഞ കമ്യൂണിസ്റ്റുകാരന്‍. ആത്മവിശ്വാസത്തോടെ ആര്‍ജവത്തോടെ ഏതു പ്രതിസന്ധിയും മറികടക്കാമെന്ന് കോടിയേരി ഉറച്ച് വിശ്വസിച്ചു. എന്നാല്‍ രാഷ്ട്രീയത്തില്‍ തോല്‍വിയറിയാത്ത കോടിയേരി മഹാരോഗത്തിന് മുന്നില്‍ ഒടുവില്‍ പൊരുതി തോറ്റു. മുഖ്യമന്ത്രി കസേരിയില്‍ മാത്രം പിണറായിക്ക് പിന്‍ഗാമിയാക്കാന്‍ ഇനി കോടിയേരി ഇല്ല.
https://www.facebook.com/Malayalivartha


























