'എതിർചേരിയിലുള്ള സമുന്നതരായ നേതാക്കന്മാർ അന്തരിക്കുമ്പോൾ പലപ്പോഴും സഖാക്കന്മാർ പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു വാചകമുണ്ട് - മരണം ആരെയും വിശുദ്ധനാക്കുന്നില്ല എന്ന്. ആ വാചകത്തോട് ഒരിക്കലും സമരസപ്പെടാൻ മനസ്സ് അനുവദിച്ചിട്ടില്ല. കാരണം ഏതൊരു വിയോഗവും വേദനാജനകം തന്നെയാണ്...' സഖാവ് കൊടിയേരി ബാലകൃഷ്ണൻ്റെ വിയോഗവാർത്ത ഏറെ വേദനയോടെയാണ് കേട്ടത്; അഞ്ചു പാർവതി പ്രഭീഷ്

സഖാവ് കൊടിയേരി ബാലകൃഷ്ണൻ്റെ വിയോഗവാർത്ത ഏറെ വേദനയോടെയാണ് കേട്ടത്. പലപ്പോഴും ശക്തമായ ഭാഷയിൽ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. മക്കളെ വിമർശിക്കുമ്പോഴെല്ലാം അദ്ദേഹമെന്ന പാർട്ടിക്കാരനായ അച്ഛൻ്റെ പ്രിവിലേജിനെ കൂടി ഉൾപ്പെടുത്തി വിമർശിച്ചിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ-പ്രത്യയശാസ്ത്ര വിയോജിപ്പുകൾ മനസ്സിൽ സൂക്ഷിക്കുമ്പോഴും കൊടിയേരി എന്ന അടിമുടി കമ്മ്യൂണിസ്റ്റുകാരനായ നേതാവിനോട് ആദരമായിരുന്നുവെന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എതിർചേരിയിലുള്ള സമുന്നതരായ നേതാക്കന്മാർ അന്തരിക്കുമ്പോൾ പലപ്പോഴും സഖാക്കന്മാർ പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു വാചകമുണ്ട് - മരണം ആരെയും വിശുദ്ധനാക്കുന്നില്ല എന്ന്. ആ വാചകത്തോട് ഒരിക്കലും സമരസപ്പെടാൻ മനസ്സ് അനുവദിച്ചിട്ടില്ല. കാരണം ഏതൊരു വിയോഗവും വേദനാജനകം തന്നെയാണ്.
സഖാവ് കൊടിയേരി ബാലകൃഷ്ണൻ്റെ വിയോഗവാർത്ത ഏറെ വേദനയോടെയാണ് കേട്ടത്. പലപ്പോഴും ശക്തമായ ഭാഷയിൽ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. മക്കളെ വിമർശിക്കുമ്പോഴെല്ലാം അദ്ദേഹമെന്ന പാർട്ടിക്കാരനായ അച്ഛൻ്റെ പ്രിവിലേജിനെ കൂടി ഉൾപ്പെടുത്തി വിമർശിച്ചിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ-പ്രത്യയശാസ്ത്ര വിയോജിപ്പുകൾ മനസ്സിൽ സൂക്ഷിക്കുമ്പോഴും കൊടിയേരി എന്ന അടിമുടി കമ്മ്യൂണിസ്റ്റുകാരനായ നേതാവിനോട് ആദരമായിരുന്നു. സ്വന്തം പാർട്ടിയെ നയതന്ത്രജ്ഞതയും കാർക്കശ്യവും കൊണ്ട് മുന്നോട്ടു നയിക്കുന്ന ആ പാടവത്തെ ബഹുമാനത്തോടെ മാത്രം അകലെ നിന്നും നോക്കി കണ്ടു. പിണറായി പക്ഷത്ത് നില്ക്കുമ്പോഴും വി.എസിനെ തള്ളിപ്പറയാതെ മാറി നിന്ന രാഷ്ട്രീയമര്യാദയോട് നിറഞ്ഞ സ്നേഹം.
അദ്ദേഹത്തിൽ നിന്നും വന്ന പാടത്ത് പണി, വരമ്പത്ത് കൂലി എന്ന വാചകത്തെ അങ്ങേയറ്റം വെറുക്കുമ്പോഴും കൊടിയേരി എന്ന നേതാവിനോട് നിറഞ്ഞ വെറുപ്പ് തോന്നാതിരുന്നത് മുഖത്ത് ബാക്കിയായി എന്നും സൂക്ഷിച്ച പുഞ്ചിരി തന്നെയായിരുന്നു. ഏറ്റവും ഒടുവിൽ രോഗബാധിതനായ, ക്ഷീണിതമായ മുഖത്തോടെയുള്ള സഖാവിൻ്റെ ചിത്രം കണ്ടപ്പോൾ വല്ലാത്ത വേദന തോന്നിയിരുന്നു. മടങ്ങി വരും എന്ന് തന്നെ കരുതിയിരുന്നു. 68 വയസ്സ് എന്നത് ഒരു മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് അല്ലല്ലോ.
എത് എതിർപ്പും എത് വെറുപ്പും അലിഞ്ഞ് ഇല്ലാതാവുന്നത് മരണം എന്ന നിതാന്ത സത്യത്തിലാണ്. പ്രത്യേകിച്ചും വെറും ആശയം കൊണ്ട് മാത്രം നമുക്ക് അകലം ഉണ്ടായിരുന്നവരുടെ വിയോഗത്തിൽ നമ്മൾ ചെറുതായെങ്കിലും വേദനിക്കുന്നത് നമ്മിൽ മനുഷ്യത്വം എന്ന ഘടകം ബാക്കിയാകുന്നത് കൊണ്ടാണ്. എന്തായാലും പി.ടി യോട് കാണിക്കാതിരുന്ന, ടി.പിയോട് കാണിക്കാതിരുന്ന എന്തിനധികം ആറ് ദിവസം മുമ്പ് അന്തരിച്ച ആര്യാടനോട് കാണിക്കാതിരുന്ന ആദരവ് ഒരു കുഞ്ഞ് ആദരാഞ്ജലി ആയോ ഒരു സങ്കട ഇമോജി കൊണ്ടോ എങ്കിലും സഖാവ് കൊടിയേരിക്ക് വേണ്ടി അർപ്പിച്ച ഓരോരുത്തർക്കും അഭിമാനിക്കാം - നിങ്ങളിൽ മനുഷ്യത്വം ബാക്കിയുണ്ടല്ലോ എന്നോർത്ത്!
https://www.facebook.com/Malayalivartha


























