ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. 'അനുശോചനം അറിയിക്കണം'... കോടിയേരി ബാലകൃഷ്ണന്റെ മരണ വാർത്ത അറിഞ്ഞ വിഎസിന്റെ പ്രതികരണം ഇങ്ങനെ....

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്‍. മകന്‍ അരുണ്‍ കുമാറാണ് വിഎസിന്റെ അനുശോചനം അറിയിച്ചത്. 'കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അറിഞ്ഞ ഉടന്‍ തന്നെ അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നനവായിരുന്നു' അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിഎസ് വിശ്രമത്തിലാണ്. വിഎസ് മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു കോടിയേരി.
വി.എ.അരുണ്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്...
ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാര്‍ത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. 'അനുശോചനം അറിയിക്കണം' എന്നു മാത്രം പറയുകയും ചെയ്തു.
അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തില്‍ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സില്‍ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്‌നേഹവും പുലര്‍ത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.
അതേസമയം പിണറായിയോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും വി.എസ് എന്ന മഹാമേരുവിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തിയതിലും വി.എസിന്റെ പൊട്ടിത്തെറികളെ സൗമ്യമാക്കിയതിലും കോടിയേരിക്കുള്ള പങ്ക് പറഞ്ഞറിയിക്കാനാവത്തതാണ്. കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ നയിച്ച ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമാണ് എന്ന് അറിഞ്ഞിട്ടും ഏത് പ്രക്ഷുബ്ധഘട്ടത്തിലും വി.എസിനെ കാണാന്‍ അനുവാദമുള്ള നേതാവ് കൂടിയായിരുന്നു അദ്ദേഹം.
2006 ലെ എല്‍ ഡി എഫ് സര്‍ക്കാരില്‍ അക്ഷരാര്‍ത്ഥത്തില്‍ വി എസ് എന്ന മുഖ്യമന്ത്രിയെ സി പി ഐ എം നിയന്ത്രിച്ചത് കോടിയേരി ബാലകൃഷ്ണന്‍ എന്ന ആഭ്യന്തര മന്ത്രിയിലൂടെയായിരുന്നു. എന്നാല്‍ സി പി ഐ എം സമ്മേളനങ്ങളിലും മറ്റുമെല്ലാം പിണറായിയുടെ നിഴലായി നില്‍ക്കുമ്പോഴും കോടിയേരി വി എസിന് നല്‍കിയ ആദരവ് എത്രയോ തവണ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























