കെഎസ്‌ആര്‍ടിസി ജീവനക്കാരന് കയ്യടി; അപസ്മാരം ബാധിച്ച യാത്രക്കാരനെ ശരവേഗത്തില്‍ ആശുപത്രിയിലെത്തിച്ച് ഡ്രൈവറും കണ്ടക്ടറും

കെഎസ്‌ആര്‍ടിസിയുടെ സമീപകാലത്തു മോശം അവസ്ഥയാണ്. ചരിത്രത്തില്‍ ഏറ്റവും നാണക്കേട് ഉണ്ടാക്കിയ സംഭവമാണ് കാട്ടാക്കട ഡിപ്പോയില്‍ കണ്‍സെഷന്‍ ആവശ്യത്തിനെത്തിയ പിതാവിനെ മകളുടെ മുന്‍പിലിട്ട് ജീവനക്കാര്‍ തല്ലിച്ചതച്ച സംഭവം. ഇതിന്റെ രോഷമടങ്ങും മുന്‍പ് തന്നെ ഭക്ഷണം കഴിക്കാനായി യാത്രക്കാരെ ബസില്‍ നിന്ന് അസഭ്യം പറഞ്ഞ് ഇറക്കിവിടുന്ന ഒരു വനിതാ കണ്ടക്ടറുടെ പ്രവൃത്തിയും പുറത്തുവന്നു. എന്നാല്‍ ചീത്ത വിളിക്കുന്നവരും തല്ലുന്നവരും മാത്രമല്ല കെഎസ്‌ആര്‍ടിസി ജീവനക്കാരെന്ന് പറഞ്ഞ് യുവാവ് പങ്കുവെച്ച അനുഭവക്കുറിപ്പും ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ സംഭവമാണ് മിദ്‌ലാജ് ഇസ്മയില്‍ എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിച്ചത്. കണ്ണൂരില്‍ നിന്നു കാഞ്ഞങ്ങാട്ടേക്ക് യാത്ര തിരിച്ച KL15.1386 ഫാസ്റ്റ് പാസഞ്ചര്‍ ബസിലായിരുന്നു സംഭവം. ബസ് തളിപ്പറമ്ബ കഴിഞ്ഞ് കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഒരാള്‍ തല താഴോട്ട് പിടിച്ചു കൈ ചുരുട്ടി ബസിന്റെ വിന്‍ഡോയ്‌ക്ക് മുകളിലായി ശക്തിയില്‍ അടിക്കുന്നത് കണ്ടു. ഏകദേശം അമ്ബതിനു മുകളില്‍ പ്രായം വരുന്ന പടന്നകടപ്പുറം സ്വദേശി.
യാത്രക്കാര്‍ ചുറ്റും കൂടി. അയാളുടെ വായില്‍ നിന്ന് നുരയും രക്തവും വരുന്നുണ്ടായിരുന്നു..
യാത്രക്കാര്‍ പരിഭ്രാന്തരായി. പക്ഷെ സിനിമകളില്‍ മാത്രം അല്ലെങ്കില്‍ കേട്ടു മാത്രം പരിചയമുള്ള ആ സീന്‍ പിന്നെയാണ് ആരംഭിച്ചതെന്ന് മിദ്‌ലാജ് കുറിക്കുന്നു.
ആ കണ്ടക്ടര്‍ ചേട്ടന്‍ ഡ്രൈവറുടെ അടുത്തേക്ക് ഓടിപ്പോയി വിവരം പറഞ്ഞു. കെഎസ്‌ആര്‍ടിസിയെ പുച്ഛിച്ച പലര്‍ക്കുമുള്ള ചെവിട് നോക്കിയുള്ള അടി ആയിരുന്നു പിന്നീട് കണ്ടത്. ഓരോ ഗിയറും മാറി മാറി ആക്‌സിലേറ്ററില്‍ നിന്നു കാല്‍ മാറ്റാതെ വെറും 7 മിനുട്ട് കൊണ്ടു പരിയാരം മെഡിക്കല്‍ കോളേജിന്റെ കവാടത്തിലേക്ക്. റോഡിലെ വേഗതയില്‍ പല വണ്ടിക്കാരും ആ ഡ്രൈവറെ തെറി വിളിച്ചിട്ട് പോലും ലക്ഷ്യബോധവും ജോലിയോടുള്ള ഉത്തരവാദിത്വവും കൊണ്ട് അയാള്‍ അത് കാര്യമാക്കിയില്ല.
എല്ല യാത്രക്കാരുടെയും ഭീതി നിറഞ്ഞ ആ 7 മിനുട്ട്. അപസ്മാര ചുഴലിയില്‍ പിടയുന്ന ആ ജീവനും കൂടെയുള്ള യാത്രക്കാരെയും സുരക്ഷിതമായി എത്തിച്ചിട്ടു ക്‌ളൈമാക്‌സില്‍ ആ രണ്ടു പേരുടെയും മുഖത്തു വിടര്‍ന്ന ഒരു ചിരിയുണ്ട്. യ മോനെ. ആശുപത്രിയിലാക്കി തിരിച്ച് ആ ബസില്‍ കയറി ഇരുന്ന ഓരോ യാത്രക്കാരന്റെയും ഉളളില്‍ ഉണ്ടായിരുന്ന ആനവണ്ടി ജീവനക്കാരോടുള്ള ഒരു ശതമാനം പരിഹാസമെങ്കിലും സ്‌നേഹം കൊണ്ടും പരിചരണം കൊണ്ടും ആ രണ്ടു പേര്‍ മാറ്റി എഴുതിയിട്ടുണ്ടാകും..
അവസാനം ഇറങ്ങുന്നതിനു മുന്നേ ഞാന്‍ കണ്ടക്ടറുടെ പേര് ചോദിച്ചു നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു.. എന്റെ പേര് ശിനോദ് കാങ്കോല്‍. ഡ്രൈവര്‍ സക്കീര്‍ തളിപ്പറമ്ബ്...മിദ്‌ലാജിന്റെ കുറിപ്പ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























