' ഓണ്‍ ടെലികോം ഡ്യൂട്ടി ' എന്ന വ്യാജ സ്റ്റിക്കര്‍ പതിച്ച മിനിലോറി , കേബിള്‍ അറ്റകുറ്റപ്പണിക്കാരെന്ന വ്യാജേന റിഫ്‌ലെക്ടര്‍ കോട്ടു ധരിച്ച് കട്ടറുമായി യുവാക്കളും .... 10 ലക്ഷം രൂപയോളം വില വരുന്ന ബി എസ് എന്‍ എല്‍ ചെമ്പ് കേബിളുകള്‍ 3 ദിവസങ്ങളിലായി 13.5 കി.മി. നീളത്തില്‍ മോഷ്ടിച്ച് കടത്തിയ കേസ് ..അഞ്ച് യുവാക്കള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം

തലസ്ഥാന നഗര ഹൃദയത്തില്‍ ഓണ്‍ ടെലികോം ഡ്യൂട്ടി എന്ന വ്യാജ സ്റ്റിക്കര്‍ പതിച്ച മിനി ലോറിയില്‍ കേബിള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികളെന്ന വ്യാജേന റിഫ്‌ലെക്ടര്‍ കോട്ടും ധരിച്ച് 3 ദിവസങ്ങളിലായി 10 ലക്ഷം രൂപയോളം വില വരുന്ന ബി എസ് എന്‍ എല്‍ ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ തലസ്ഥാന ജില്ലക്കാരായ 5 യുവാക്കള്‍ക്കെതിരെ കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് തിരുവനന്തപുരം സിറ്റി തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
അതിയന്നൂര്‍ കല്ലുംമൂട് ജയലക്ഷ്മി നിവാസില്‍ നന്ദകുമാര്‍ (24) , തിരുമല മങ്കാട് ടിസി 8/491ചര്‍ച്ച് വ്യൂ ഹൗസില്‍ വിഷ്ണുരാജ് (30) , ആറാലുംമൂട് കല്ലുംമൂട് ജയലക്ഷ്മി ഭവനില്‍ സന്തോഷ് (42) , അതിയന്നൂര്‍ നെല്ലിമൂട് തേരിവിള വീട്ടില്‍ അനീഷ് (23), നെയ്യാറ്റിന്‍കര പാറോട്ടുകോണം മാമ്പള്ളി വീട്ടില്‍ അലക്‌സ് (28) എന്നിവരെ 1 മുതല്‍ 5 വരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പോലീസ് കുറ്റപത്രം.
2022 മേയ് 24, 26, ജൂണ്‍ 7 എന്നീ മൂന്ന് തിയതികളിലായാണ് 5 അംഗ മോഷണ സംഘം 13.5 കി.മി. നീളത്തില്‍ ബിഎസ്എന്‍എല്ലിന്റെ 10 ലക്ഷത്തിന്റെ ഇറക്കുമതി ചെയ്ത ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചത്. ബി എസ് എന്‍ എല്‍ അധികൃതര്‍ ഫോര്‍ട്ട് , വഞ്ചിയൂര്‍, തമ്പാനൂര്‍ പോലീസ് സ്റ്റേഷനുകളിള്‍ ഉടനുടന്‍ പരാതി നല്‍കിയിട്ടും ആദ്യ ദിവസം തന്നെ പോലീസ് ഉണര്‍ന്ന് നഗരത്തില്‍ പട്രോളിങ് ശക്തമാക്കിയിരുന്നെങ്കില്‍ പിന്നാലെ നടന്ന 2 മോഷണങ്ങള്‍ ഒഴിവാക്കാമായിരുന്നു.
നഗരത്തിലെ ഒരു മേഖല കേന്ദ്രീകരിച്ച് 3 ദിവസം കൊണ്ട് കേബിള്‍ മോഷണം നടന്നിട്ടും പോലീസ് അറിഞ്ഞില്ല. രാത്രി 3 മണിക്കൂറോളം സമയമെടുത്ത് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു കേബിള്‍ മുറിക്കലും കടത്തലും നടന്നത്.
മെയ് 24 ന് പവര്‍ഹൗസ് റോഡില്‍ ലോറി ഗാരേജ് സമീപം ബി എസ് എന്‍ എല്‍ ടവര്‍ - ചാല മാര്‍ക്കറ്റിനുള്ളിലൂടെ പത്മനാഭാ തീയറ്റര്‍ വരെ 2.5 കി.മി ദൂരത്തില്‍ കേബിള്‍ മുറിച്ചു കടത്തിയായിരുന്നു ആദ്യ മോഹഷണം. രണ്ടാം തവണ മെയ് 26 ന് പവര്‍ഹൗസ് റോഡ് - ചെന്തിട്ട ഗ്രാമം - കിളളിപ്പാലം വരെ 10 കി.മി.ദൂരത്തില്‍ 2 കേബിളുകള്‍ മോഷ്ടിച്ചു കടത്തി. പിന്നാലെ മൂന്നാം തവണ ജൂണ്‍ 7 ന് ശ്രീകണ്‌ഠേശ്വരം - തകരപ്പറമ്പ് വരെ 1 കി. മി.ദൂരത്തില്‍ കേബിള്‍ മോഷ്ടിച്ചു.
ജൂണ്‍ 11 ന് മോഷണ സിസിറ്റിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ജാഗരൂകരായ പോലീസ് പിറ്റേന്ന് 12 ന് പ്രതികളെ പിടികൂടിയത്. നാലാം തവണ 2022 ജൂണ്‍ 12 രാത്രി സംഘം റിലയന്‍സ് കേബിള്‍ മോഷ്ടിക്കവേയാണ് കൃത്യ സ്ഥലത്ത് വച്ച് സ്‌പോട്ട് അറസ്റ്റിലായത്. പവര്‍ഹൗസ് റോഡില്‍ പാര്‍ത്ഥാസിന് സമീപത്തെ പോസ്റ്റില്‍ ഏണി ചാരി കട്ടര്‍ കൊണ്ട് കേബിള്‍ മുറിച്ച് വാഹനത്തിലേയ്ക്കു മാറ്റുന്നതു കണ്ട് സംശയം തോന്നിയ തമ്പാനൂര്‍ നൈറ്റ് പട്രോള്‍ ഡ്യൂട്ടി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമം വെളിവായത്.
ഒരു വര്‍ഷം മുന്‍പ് റോഡ് പണിക്കിടെ ഭൂമിക്കടിയിലൂടെയുള്ള വലിയ കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സ്വന്തം പോസ്റ്റുകളിലൂടെയും കെഎസ്ഇബിയുടെ പോസ്റ്റുകളിലൂടെയും ബിഎസ്എന്‍എല്‍ വലിച്ചതായിരുന്നു ഇറക്കുമതി ചെയ്ത ചെമ്പു കേബിളുകള്‍. ചാല കമ്പോളത്തിലെ ലാന്‍ഡ്‌ഫോണ്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെല്ലാം ഈ കേബിള്‍ ശൃംഖലയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേബിള്‍ മോഷണം പോയതോടെ മുന്നൂറോളം കണക്ഷനുകള്‍ നിശ്ചലമായി. 128 കണക്ഷനുകള്‍ നല്‍കാന്‍ ശേഷിയുള്ള കേബിളാണ് മോഷ്ടിക്കപ്പെട്ടത്.
കേബിളുകള്‍ അനധികൃതമായി മുറിച്ചെടുത്ത് ബാലരാമപുരം രാമപുരത്ത് എത്തിച്ച് ഉരുക്കി പ്ലാസ്റ്റിക്കില്‍ നിന്നും ചെമ്പുകമ്പികള്‍ വേര്‍തിരിച്ചെടുത്ത് തമിഴ്‌നാട്ടിലെത്തിച്ച് വില്‍ക്കുന്നതാണ് സംഘത്തിന്റെ രീതി. തുടക്കത്തില്‍ മോഷ്ടിക്കപ്പെട്ടത് പൂട്ടിപ്പോയ കമ്പനിയുടെ കേബിളുകളും സെറ്റ് അപ്പ് ബോക്‌സ് , 2 ജി ലൈന്‍ കേബിളുകളും ആയതിനാല്‍ ആരും പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ കേബിളുകള്‍ കൂടി മുറിച്ചതോടെയാണ് പൊലീസിന് പരാതി ലഭിച്ചതും പവര്‍ ഹൗസ് റോഡ് കേന്ദ്രീകരിച്ച് തമ്പാനൂര്‍ പോലീസ് പട്രോളിങ്ങ് ശക്തമാക്കിയതും.
"
https://www.facebook.com/Malayalivartha




















