തിരുവല്ലയിലെ നരബലി; മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന, ക്രൂരവും നിന്ദ്യവുമായ പ്രവൃത്തി:- രമേശ് ചെന്നിത്തല

തിരുവല്ലയിലെ നരബലി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരവും നിന്ദ്യവുമായ പ്രവൃത്തിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ പരിഷ്കൃതകാലത്ത് കേട്ടുകേൾവിയില്ലാത്ത ഒരു സംഭവമാണിത്. നരബലിയുടെ പേരില്‍ രണ്ട് സ്ത്രീകളെ മൃഗീയമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലോടുകൂടിയാണ് കേരളം കേട്ടത്.
ദുര്‍മന്ത്രവാദത്തിൻ്റെ മറവിൽ നടന്ന ഹീനമായ ഈ നരബലി ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കുന്നതാണ്. ദൈവത്തിൻ്റെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ത്തന്നെയാണ് ഇത് നടന്നത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. സാക്ഷരസമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇത് നടന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ കാണാനില്ലെന്ന പരാതി ഓഗസ്റ്റ് 17- ന് കാലടി പൊലീസിനു ലഭിച്ചെങ്കിലും അതെപ്പറ്റി അന്വേഷണം നടന്നില്ലെന്ന് വ്യക്തമാണ്. സെപ്തംബര്‍ 26-ന് കടവന്ത്ര പൊലീസിനു രണ്ടാമത്തെ സ്ത്രീയുടെ മിസ്സിംഗ് കേസ് ലഭിച്ചപ്പോൾ മാത്രമാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
അതുകൊണ്ട് വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. അതോടൊപ്പം ഇത്തരത്തിൽ കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ അടിയന്തരമായി ചുമതലപ്പെടുത്തണം. കൊലയാളികളില്‍ ഒരാള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണെന്ന വാർത്ത ഗൗരവമുള്ളതാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ഇടപെടലുകളുണ്ടാകാതെയുള്ള നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha




















