ഇലന്തൂരിലെ നരബലി... രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി; റോസ്ലിയുടേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്

ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. റോസ്ലിയുടേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്. ഒരു തലയോട്ടി, ഒരു ചുവന്ന കുട തുടങ്ങിയവയും കണ്ടെത്തിയതില്‍ പെടുന്നു.
സ്ഥലത്തുനിന്ന് പ്രതി പറഞ്ഞ തെളിവുകളും കണ്ടെത്തി. ആഴമുള്ള കുഴിയില്‍ നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നേരത്തെ ആദ്യത്തെയാളുടെ ശരീരാവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. ഇത് ഉടന്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.
ഒരു കുഴിയില്‍ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. മൃതദേഹ ഭാഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ഇതുപോലെ തന്നെ ശരീരഭാഗങ്ങള്‍ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നു സൂചന. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് കാലടിയില്‍നിന്നും കടവന്ത്രയില്‍നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.
കുറച്ച് നാള്‍ മുന്‍പ് കടവന്ത്രയില്‍ നിന്ന് ലോട്ടറി വില്‍പനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.
പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. പിന്നീടാണ് സമാന രീതിയില്‍ കാലടിയില്‍ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുന്നത്. ജൂണ്‍ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്. ഒകടോബര്‍ 28ന് എറണാകുളം പത്തടി പാലം റസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
https://www.facebook.com/Malayalivartha






















