ഭാര്യയെ വെട്ടി കൊന്ന ശേഷം ‘ഭാരതപര്യടനം’; പണം തീർന്നപ്പോൾ തിരിച്ചു കേരളത്തിലേക്ക് ; ഉടനെ പൊക്കി പോലീസ്

കഴിഞ്ഞ ആഗസ്റ്റ് 20 നാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. പ്രസവിച്ച് 18 ദിവസം പ്രായമുള്ള കുഞ്ഞിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ ഹഷിതയെ കാണാനെന്ന പേരിലെത്തിയതായിരുന്നു ആസിഫ്. ഹഷിതയുടെ മാതാപിതാക്കൾ വളരെ സ്നേഹത്തോടെയാണ് നമ്പിക്കടവിലെ വീട്ടിൽ ബന്ധുക്കളോടൊപ്പമെത്തിയ ആസിഫിനെ സ്വീകരിച്ചത്. എന്നാൽ ആസിഫെത്തിയത് കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചാണ് .
ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആസിഫ് പോലീസിന് നൽകിയ മൊഴി.ഹഷിതയെ വെട്ടിയശേഷം മരിച്ചു എന്ന് ഉറപ്പിച്ചതിനു ശേഷമാണു ആസിഫ് സ്ഥലംവിട്ടത്. ആക്രമണത്തിനു ശേഷം ആസിഫ് ലോഡ്‌ജിൽ താമസിക്കാതിരുന്നതും മൊബൈൽ ഫോണോ സാമൂഹികമാധ്യമങ്ങളോ ഉപയോഗിക്കാതിരുന്നതും ഇയാളെ കണ്ടെത്തുന്നതിന് വെല്ലുവിളിയായിരുന്നു.
തളിക്കുളം നമ്പിക്കടവിൽ അരവശ്ശേരി ഹഷിതയെ വെട്ടിയശേഷം ആസിഫ് കടപ്പുറത്തുകൂടി തെക്കോട്ട് നടന്നശേഷം കടലിലിറങ്ങി കൈകാലുകൾ വൃത്തിയാക്കി. പിന്നീട് നടന്ന് കഴിമ്പ്രത്തിന് സമീപമെത്തിയപ്പോഴാണ് പാൽവിതരണക്കാരൻ താക്കോൽസഹിതം വഴിയരികിൽ വെച്ചിരുന്ന ബൈക്ക് കാണുന്നത്. ഇത് തട്ടിയെടുത്ത് കൊരട്ടിയിലേക്ക് പോയി. ബൈക്ക് അവിടെ ഉപേക്ഷിച്ച് ബസിൽ അങ്കമാലിയിലെത്തി. അവിടെ പരിചയപ്പെട്ടവരെക്കൊണ്ട് ടിക്കറ്റെടുപ്പിച്ച് മൂന്നാറിലേക്ക്. മൂന്നാറിൽ ഫോൺ വിറ്റശേഷം തേനി വഴി മധുരയിലെത്തി. അതുവരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് കിട്ടി.
പിന്നെയുള്ള യാത്രകൾ തീവണ്ടിയിൽ ടിക്കറ്റില്ലാതെയായിരുന്നു. പുണെ, കാശി, ഹിമാചൽപ്രദേശ്, കശ്‌മീർ, ചണ്ഡീഗഢ്, ദഹ്റാദൂൺ, ചെന്നൈ, ബെംഗളൂരു, മുംബൈ, വീണ്ടും ബെംഗളൂരു, ആർശിക്കര, വീണ്ടും മുംബൈ, അജ്മീർ, ഏർവാടി എന്നിവിടങ്ങളിലായിരുന്നു ആസിഫ് കറങ്ങിയതെന്ന് ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരൻ, വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത് എന്നിവർ പറഞ്ഞു.
ഹിമാചൽപ്രദേശിലെ ഒരു വീട്ടിൽ ആറുദിവസം ജോലിചെയ്തു. ഏർവാടിയിൽ ദർഗകളിലും ആന്ധ്രയിൽ ഹൈന്ദവ ആരാധനാലയങ്ങളിലുമാണ് തങ്ങിയത്. സന്ന്യാസിയായും ഖവാലിയായും ഇവിടെ നടന്നു. പിടികൂടുമ്പോൾ ആസിഫിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ ഇത്തരം വസ്ത്രങ്ങളുണ്ടായിരുന്നു. ഏർവാടി, അജ്മീർ, ഡൽഹി, മൂന്നാർ, നാഗൂർ, മലപ്പുറം എന്നിവിടങ്ങളിലും ആസിഫിനെത്തേടി പോലീസ് പോയിരുന്നു.
കൈയിലെ പണം തീർന്നപ്പോൾ ആസിഫ് തിരിച്ചു തൃശ്ശൂരിലെത്തി, ണിക്കൂറുകൾക്കുള്ളിൽ പിടിയിലുമായി. പണമില്ലാത്തതിനാൽ ആസിഫ് കേരളത്തിലേക്ക് മടങ്ങുമെന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു. ഇതനുസരിച്ചായിരുന്നു പോലീസിന്റെ കരുനീക്കങ്ങൾ.
ആസിഫ് ബന്ധപ്പെടാൻ സാധ്യതയുള്ള അകന്ന ബന്ധുക്കളെവരെ പോലീസ് കണ്ടു. കൊലപാതകശേഷം പലരും ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. അത് പോലീസ് മാറ്റിച്ചു. ഫോൺ വിറ്റെങ്കിലും ഇയാൾ സ്വന്തം സിം ഉപയോഗിച്ചാൽ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ഇത്. മറ്റേതെങ്കിലും നമ്പറിൽനിന്ന് ഇയാൾ വിളിച്ചാൽ അറിയിക്കണമെന്നും പോലീസ് നിർദേശം നൽകിയിരുന്നു. ആസിഫ് തൃശ്ശൂരിലെത്തിയപ്പോൾ ഇതുകൊണ്ടാണ് പോലീസിന് എളുപ്പത്തിൽ വിവരം ലഭിച്ചത്.
മൂന്ന് സംഘങ്ങളായാണ് പോലീസ് കേസന്വേഷിച്ചത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി., വലപ്പാട്, വാടാനപ്പള്ളി എസ്.എച്ച്.ഒ.മാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണസംഘങ്ങൾ. സബ് ഇൻസ്പെക്ടർമാരായ എം.ടി. സന്തോഷ്, പി.സി. സുനിൽ, ടോണി ജെ. മറ്റം, അരുൺമോഹൻ, ഇ.എ. അരവിന്ദൻ, മുഹമ്മദ് റാഫി, എ.എസ്.ഐ.മാരായ സി.ആർ. പ്രദീപ്, പി. ജയകൃഷ്ണൻ, സി.കെ. ഷാജു, ടി.എസ്. സിനി, സീനിയർ സി.പി.ഒ.മാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻകൃഷ്ണ, സി.കെ. ബിജു, സി.പി.ഒ.മാരായ അരുൺനാഥ്, എ.ബി. നിഷാന്ത്, സുനിൽകുമാർ, ഫൈസൽ, ആഷിക്, മനോജ് എന്നിവർ ആസിഫിനെ പിടികൂടാനുള്ള പരിശ്രമത്തിൽ പങ്കാളികളായി.
:കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ആസിഫിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആസിഫിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് കോടതിയെ സമീപിക്കും.
https://www.facebook.com/Malayalivartha






















