ഇതാരുടെ ബുദ്ധി... ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ മാത്രം ഉള്‍പ്പെടുത്തിയതില്‍ പാര്‍ട്ടിയില്‍ അസ്വാരസ്യം പുകയുന്നു; ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ചര്‍ച്ചയില്‍; കോര്‍ കമ്മിറ്റി ഉടച്ചുവാര്‍ക്കാന്‍ ബിജെപി; സുരേഷ് ഗോപിയുടെ കാര്യത്തില്‍ തീരുമാനമില്ല

വളരെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറയുകയാണ്. സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് എന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ സംസ്ഥാന ബിജെപിയില്‍ വലിയ ചര്‍ച്ചയായി. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തിനു വിരുദ്ധമായി ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ മാത്രം ഉള്‍പ്പെടുത്തിയതില്‍ പാര്‍ട്ടിയില്‍ അസ്വാരസ്യം പുകയുന്നു.
സുരേഷ് ഗോപിക്കൊപ്പം ശോഭ സുരേന്ദ്രന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരെക്കൂടി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ശോഭ സുരേന്ദ്രനെ ദേശീയതലത്തില്‍ ഉപയോഗപ്പെടുത്തുന്നതാണ് ഉത്തമമെന്നും ദലിത് വിഭാഗത്തില്‍നിന്ന് പി. സുധീര്‍ കോര്‍ കമ്മിറ്റിയിലുള്ള സാഹചര്യത്തില്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ വേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ തഴഞ്ഞത്.
അതേസമയം സുരേഷ് ഗോപി ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി അംഗമാകുമോ ആകുമെന്നും സാധ്യതയില്ലെന്നുമുള്ള ഊഹാപോഹങ്ങളാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും പരക്കുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തില്‍നിന്ന് രേഖാമൂലമോ വാക്കാലോ ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് സൂചന. പാര്‍ട്ടിയില്‍ വലിയ മാറ്റമെന്തോ വരാന്‍ പോകുന്നുവെന്ന തോന്നലിലാണ് പല നേതാക്കളും.
സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നതിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ആ വിഷയത്തില്‍ സുരേഷ് ഗോപി ഇനിയും പ്രതികരിച്ചിട്ടില്ല. സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി സംസ്ഥാനത്തെ പാര്‍ട്ടിയില്‍ മൊത്തം പുനഃസംഘടനയുണ്ടാകുമെന്ന ശക്തമായ പ്രചരണം നേരത്തെ ഉണ്ടായെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വംതന്നെ വലിയ മാറ്റങ്ങളില്ലാതെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും തുടരാനാണ് സാധ്യത. ഇതിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന നേതൃത്വത്തില്‍ ചിലരെ പുതുതായി ഉള്‍ക്കൊള്ളിക്കാനും സാധ്യതയുണ്ട്.
സുരേഷ് ഗോപി ഉള്‍പ്പെട്ടാലും ഇല്ലെങ്കിലും സംസ്ഥാന കോര്‍ കമ്മിറ്റി അഴിച്ചുപണിയാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തും കേരളത്തിലെപോലെ വമ്പന്‍ കോര്‍കമ്മിറ്റിയില്ല. പകരം കോര്‍ ടീമാണ് അവിടങ്ങളിലുള്ളത്. കൂടിവന്നാല്‍ അഞ്ചുപേരുണ്ടാകും ഈ സംവിധാനത്തില്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍പോലും കോര്‍ കമ്മിറ്റിയില്‍ അംഗമല്ല.
ആ സംസ്ഥാനങ്ങളില്‍ നയപരമായ അടിയന്തര തീരുമാനങ്ങളെടുക്കാനാണ് ഈ കമ്മിറ്റി ചേരുന്നതെങ്കില്‍ ഇവിടെ മണിക്കൂറുകളോളം പല വിഷയങ്ങളിലാണ് യോഗം. പാര്‍ട്ടിയുടെ പൊതുകാര്യങ്ങളെല്ലാം ഇതില്‍ ചര്‍ച്ച ചെയ്യുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍, മുതിര്‍ന്ന അംഗങ്ങള്‍, ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനുള്ള അംഗത്വങ്ങള്‍, സംഘടനാ സെക്രട്ടറിമാര്‍ തുടങ്ങി 13 പേരാണ് കേരള ഘടകത്തിലെ കോര്‍ കമ്മിറ്റിയിലുളളത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് കാര്യമായ സംഭാവനകളൊന്നും ചെയ്യാതെയുളള ഇത്തരം ഒരു സമിതി തുടരുന്നതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
എണ്ണം എത്രയെന്നു പറഞ്ഞിട്ടില്ലെങ്കിലും കമ്മിറ്റി ഉടച്ചുവാര്‍ക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടി വ്യവസ്ഥയനുസരിച്ച് സംസ്ഥാന നേതൃത്വത്തിന്റെ ഉപദേശകസമിതിയെന്ന നിലയിലാണ് കോര്‍ കമ്മിറ്റിയുടെ സ്ഥാനം. വിവിധ വിഷയങ്ങളിലും പ്രശ്‌നങ്ങളിലും പാര്‍ട്ടി ഏതു നിലപാട് സ്വീകരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കോറിന്റെ ചുമതല.
കേരളത്തിലെ ചില നേതാക്കളുടെ വിമതനീക്കത്തിനും ഇടപാടുകള്‍ക്കുമെതിരെ കേന്ദ്രനേതൃത്വം ശക്തമായ ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. അടുത്തിടെ പാര്‍ട്ടിയില്‍ സ്വീകരിച്ച നടപടിയും അതിന്റെ ഭാഗമാണ്. രേഖാമൂലമുള്ള നിരവധി പരാതികളാണ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ മൊത്തത്തിലുളള സ്ഥിതിയെക്കുറിച്ച് രണ്ട് മുതിര്‍ന്ന നേതാക്കളില്‍നിന്ന് പുതിയ പ്രഭാരിമാര്‍ വിശദമായ റിപ്പോര്‍ട്ട് വാങ്ങിയതായാണ് വിവരം.
രണ്ടുമാസം മുന്‍പ് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി കോര്‍ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ആശയ വിനിമയത്തിലെ വിവരങ്ങള്‍ പിന്നീട് പുറത്തായതിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് അതൃപ്തി പ്രകടിപ്പിച്ചതായും സൂചനയുണ്ട്. കേന്ദ്രനേതൃത്വം അന്വേഷണം ആരംഭിച്ചതോടെ ഈ യോഗത്തില്‍ പങ്കെടുത്ത നേതാക്കളില്‍ ചിലരും അങ്കലാപ്പിലാണ്. ഇതിനിടയിലാണ് കേന്ദ്രനേതൃത്വം സുരേഷ് ഗോപിയെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന പ്രചരണം ഉണ്ടായിരിക്കുന്നത്.
" f
https://www.facebook.com/Malayalivartha























