തരൂരാകെ മാറിക്കഴിഞ്ഞു... കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഇന്ന് വരാനിരിക്കെ പുതിയ പ്രചരണം; അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടുംബത്തിന്റെ കൈയിലായിരിക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാക്കള്‍; കോണ്‍ഗ്രസിനെ ഞെട്ടിച്ച് കരുത്തു കാട്ടാന്‍ തരൂര്‍

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ തീരുമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്‌ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും.
ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു.
അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. 1000ല്‍ അധികം വോട്ടുനേടി ശക്തി കാട്ടാന്‍ ആകുമെന്നാണ് തരൂര്‍ പക്ഷത്തിന്റെ വിശ്വാസം. കേരളത്തിലെ പോളിംഗ് ശതമാനം 93.48% ആണ്. ആകെ 307 വോട്ടുകള്‍ ഉള്ളതില്‍ പോള്‍ ചെയ്തത് 287 വോട്ടുകളാണ്.
എഐസിസി അധ്യക്ഷ തെരെഞ്ഞെടുപ്പില്‍ തരൂര്‍ പിടിക്കുന്ന വോട്ടുകളെ കുറിച്ച് തന്നെ ആണ് സംസ്ഥാന കോണ്‍ഗ്രസിലെയും ആകാംക്ഷ. പ്രചാരണത്തില്‍ കണ്ട ആവേശം വോട്ടിലും തരൂരിന് കിട്ടുമോ എന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ക്ക് ഉണ്ട്. സംസ്ഥാനത്തെ വോട്ട് നില പ്രത്യേകമായി അറിയില്ല. രാജ്യത്താകെ ആയിരത്തിലധികം വോട്ട് തരൂരിന് കിട്ടിയാല്‍ തന്നെ വന്‍ നേട്ടമാകും. ഫലം വന്ന ശേഷം കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ തരൂരിന് കിട്ടുന്ന പദവി, ഹൈക്കമാന്‍ഡ് നിലപാട് അടക്കം കെപിസിസിയിലും ചര്‍ച്ച ആണ്.
അതേസമയം കോണ്‍ഗ്രസില്‍ മറ്റൊരു പ്രചാരണം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടുംബത്തിന്റെ കൈയിലായിരിക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാക്കള്‍. പുതിയ അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കണമെന്ന് പി.ചിദംബരം ആവശ്യപ്പെട്ടു.
24 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യക്ഷ പദം ഗാന്ധി കുടുംബത്തിന് പുറത്തേക്ക് പോകുമ്പോഴും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അവിടെ തന്നെ തുടരുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ പ്രഖ്യാപിക്കും. പുതിയ അധ്യക്ഷന്‍ റിമോട്ട് കണ്‍ട്രോള്‍ ആകുമെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഗാന്ധി കുടുംബത്തെ ഒഴിവാക്കാനാകില്ലെന്ന് വിശ്വസ്തരായ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്. പാര്‍ലമെന്ററി ബോര്‍ഡിലും പ്രവര്‍ത്തക സമിതിയിലും ഗാന്ധി കുടുംബം ഉണ്ടായിരിക്കുമെന്ന് പി.ചിദംബരം ഓര്‍മപ്പെടുത്തുന്നു.
സംഘടനാ രംഗത്തും, തെരഞ്ഞെടുപ്പുകളിലും നിര്‍ണായമാകുക ഗാന്ധി കുടുംബത്തിന്റെ നിലപാട് തന്നെയാകുമെന്നാണ് ചിദംബരം പറഞ്ഞു വയ്ക്കുന്നത്. ഗാന്ധി കുടുംബത്തെ ഒഴിവാക്കി ദേശീയ രാഷ്ട്രീയത്തിന് മുന്‍പോട്ട് പോകാനാകില്ലെന്ന് ജയ്‌റാം രമേശും പറയുന്നു. അധ്യക്ഷനാക്കാനുള്ള നീക്കം പൊളിച്ചതോടെ അകല്‍ച്ചയിലാണെങ്കിലും ഗാന്ധി കുടുംബം പാര്‍ട്ടിയുടെ നട്ടെല്ലാണെന്ന് അശോക് ഗെലോട്ടും വാദിക്കുന്നു. ഖര്‍ഗെയുടെ വിജയം ഉറപ്പിക്കുമ്പോള്‍ തരൂരിന് എത്ര പിന്തുണ കിട്ടുമെന്നതിലാണ് ഔദ്യോഗിക പക്ഷത്തിന്റെ ആകാംക്ഷ.
ആരാകണം അധ്യക്ഷന്‍ എന്നതു സംബന്ധിച്ച വ്യക്തമായ ബോധ്യം വോട്ട് ചെയ്തവര്‍ക്കുണ്ടായിരുന്നു എന്ന് പറഞ്ഞുവയ്ക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഖര്‍ഗെക്ക് തന്നെയാണ് വിജയ സാധ്യത എന്നു പറയുന്നു. വോട്ടെണ്ണലിന് ഇതിനു മുന്നോടിയായി സംസ്ഥാനങ്ങളില്‍ നിന്ന് ബാലറ്റ് പെട്ടികള്‍ വരണാധികാരികള്‍ എഐസിസിയില്‍ എത്തിച്ചിട്ടുണ്ട്. സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള പെട്ടികള്‍ നാളെ രാവിലെ 10 മണിക്ക് തുറന്ന് വോട്ടെണ്ണും. ഒന്‍പതിനായിരത്തി അറൂനൂറ് വോട്ടുകളാണ് പോള്‍ ചെയ്തത്. നാലരയോടെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും. ഇതോടെ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമാകും.
"
https://www.facebook.com/Malayalivartha
























