കണ്ണൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു; സഹായിക്കാനെത്തിയ നാട്ടുകാർ കണ്ടത് കഞ്ചാവ് ; ലഹരി കടത്തുകാരനായ മഞ്ചേശ്വരം സ്വദേശിയെ കയ്യോടെ പിടികൂടി പോലീസ്

കാസര്‍ഗോഡ് കഞ്ചാവ് കടത്തുന്നതിനിടയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട യുവാവിനെ പിടികൂടി. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി മുഹമ്മദാണ് (48)പിടിയിലായത്. കഞ്ചാവുമായി പോകുന്നതിനിടയിൽ സ്കൂട്ടർ വഴിയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇതോടെ ഇയാളെ സഹായിക്കാനെത്തിയ നാട്ടുകാർ വണ്ടിയിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ കാസര്‍ഗോഡ് ചേറ്റുകുണ്ടിലാണ് സംഭവം നടന്നത്. മഞ്ചേശ്വരത്തു നിന്നും കണ്ണൂരിലേയ്ക്ക് പോകുമ്പോള്‍ ചേറ്റുകുണ്ടില്‍ വച്ച് ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ ചക്രം തെന്നിമാറുകയായിരുന്നു. ഇതോടെ അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരനെ സഹായിക്കാനായി ഓടിയെത്തിയ നാട്ടുകാരാണ് വണ്ടിയിൽ കഞ്ചാവ് കണ്ടെത്തിയത്.
അതേസമയം ഇയാളിൽ നിന്നും നാലു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ടു പൊതികളിലായി രണ്ടു കിലോ വീതമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിനു പിന്നാലെ ഉടന്‍ തന്നെ നാട്ടുകാര്‍ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാത്രമല്ല അപകടത്തിൽ പരിക്കേറ്റ ഇയാൾ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിലാണുള്ളത്. ഇതിനു ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകുകയെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























