വിധി ഇങ്ങനെയായിപ്പോയി... പെലെയുടെ റെക്കോര്‍ഡിനൊപ്പം സൂപ്പര്‍ താരം നെയ്മര്‍ എത്തിയെങ്കിലും ദിവസം മാറിപ്പോയി; ബ്രസീലിന്റെ തകര്‍ച്ചയില്‍ നെയ്മറിന്റെ റെക്കോഡ് ആഘോഷിക്കാനായില്ല; ബ്രസീലിന്റെ പരാജയത്തിന് പിന്നാലെ കോച്ച് പദവി ഒഴിഞ്ഞ് ടിറ്റെ

ലോകകപ്പില്‍ എന്തും സംഭവിക്കുമെന്നതിന് തെളിവാണ് ബ്രസീലിന്റെ പതനം. ലോകത്തെ നമ്പര്‍ വണ്‍ ടീമായിട്ടും. ഷൂട്ടൗട്ടില്‍ പതറിയപ്പോള്‍ തീര്‍ന്നു. ശപിക്കപ്പെട്ട നിമിഷം ഓര്‍ക്കാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നില്ല.
ഏറെ സന്തോഷിക്കേണ്ട ദിവസമായിരുന്നു. ബ്രസീല്‍ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പുരുഷ താരമായ പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി നെയ്മര്‍. ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ എക്സ്ട്രാ ടൈമില്‍ വല ചലിപ്പിച്ചാണ് നെയ്മര്‍ ഫുട്‌ബോള്‍ രാജാവിന്റെ റോക്കോര്‍ഡിന് ഒപ്പമെത്തിയത്.
ഇരുവര്‍ക്കും ഇപ്പോള്‍ 77 ഗോളുകളായി. നെയ്മര്‍ 124 മത്സരങ്ങളിലും പെലെ 92 കളികളിലുമാണ് ഇത്രയും ഗോളുകള്‍ അടിച്ചുകൂട്ടിയത്. 98 കളിയില്‍ 62 ഗോളുമായി റൊണാള്‍ഡോയാണ് പട്ടികയില്‍ മൂന്നാമത്. എന്നാല്‍ പെലെയുടെ റെക്കോര്‍ഡിനൊപ്പം നെയ്മര്‍ ഇടംപിടിച്ച ദിനം ബ്രസീലിയന്‍ ഫുട്‌ബോള്‍ മറക്കാനാഗ്രഹിക്കുന്ന ദിവസമായി.
ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് തോറ്റ് ബ്രസീല്‍ സെമി കാണാതെ പുറത്തായി. 120 മിനുറ്റുകളില്‍ ഓരോ ഗോളടിച്ച് ടീമുകള്‍ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് കളി നാടകീയമായി ഷൂട്ടൗട്ടിലേക്കെത്തിയത്. ഇരു ഗോളുകളും എക്സ്ട്രാ ടൈമിലായിരുന്നു.
ആദ്യ കിക്ക് വ്‌ളാസിക് ഗോളാക്കിയതോടെ സമ്മര്‍ദ്ദം ബ്രസീലിനായി. ബ്രസീലിനായി ആദ്യ കിക്കെടുക്കാന്‍ എത്തിയത് യുവതാരം റോഡ്രിഗോയാണ്. പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ സമ്മര്‍ദ്ദം താങ്ങാനുള്ള കരുത്ത് റോഡ്രിഗോയുടെ കാലിനില്ലായിരുന്നു. റോഡ്രിയുടെ കിക്ക് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് രക്ഷപ്പെടുത്തിയതോടെ ബ്രസീല്‍ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലായി. പിന്നീടെല്ലാം ക്വാര്‍ട്ടര്‍ വരെ തങ്ങളെ കാത്ത അലിസണ്‍ ബെക്കറുടെ കൈകളില്‍.
എന്നാല്‍ ക്രൊയേഷ്യയുടെ രണ്ടാം കിക്കെടുത്ത ലോവ്റോ തന്റെ കിക്ക് ഗോളാക്കി. ബ്രസീലിനായി രണ്ടാം കിക്കെടുത്ത കാസിമെറോയും ശക്തമായ ഒരു ഷോട്ടിലൂടെ വല കുലുക്കി. ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുക്കാന്‍ എത്തിയത് നായകന്‍ ലൂക്കാ മോഡ്രിച്ചാണ്. പരിചയസമ്പത്തും കരുത്തും ഒത്തുചേര്‍ന്ന മോഡ്രിച്ചിന്റെ കിക്ക് തടയാന്‍ അലിസണ് കഴിഞ്ഞില്ല. സ്‌കോര്‍ 3-1. ബ്രസീലിന്റെ മൂന്നാം കിക്കെടുത്തത് യുവതാരം പെഡ്രോ. പിഴവേതുമില്ലാതെ പെഡ്രോ ഗോള്‍ നേടിയതോടെ ബ്രസീലിന് പ്രതീക്ഷയായി.
ക്രൊയേഷ്യയുടെ നിര്‍ണായക നാലാം കിക്കെടുക്കാന്‍ എത്തിയത് മിസ്ലാവ് ഓര്‍സിച്ച്. നാലാം കിക്കും ഓര്‍സിച്ച് ഗോളാക്കിയതോടെ സമ്മര്‍ദ്ദം മുഴുവന്‍ ബ്രസീലിന്റെ കാലുകളിലായി. ബ്രസീലിന്റെ നാലാം കിക്കെടുക്കാന്‍ എത്തിയത് പ്രതിരോധനിരയിലെ വിശ്വസ്തന്‍ മാര്‍ക്വിഞ്ഞോസ്. മാര്‍ക്വീഞ്ഞോസ് എടുത്ത നിര്‍ണായക നാലാം കിക്ക് പോസ്റ്റില്‍ തട്ടിമടങ്ങിയതോടെ ഒരിക്കല്‍ കൂടി ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാവാതെ ബ്രസീല്‍ മടങ്ങുകയായിരുന്നു.
ക്രൊയേഷ്യയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ കോച്ച് സ്ഥാനം രാജി വച്ച് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടിറ്റെ ഇക്കാര്യം വിശദമാക്കിയത്. 2016ലാണ് ടിറ്റെ ബ്രസീലിന്റെ പരിശീലകനായി എത്തുന്നത്. ഇതിന് പിന്നാലെയാണ് ബ്രസീലിന് കോപ്പ അമേരിക്ക കപ്പ് നേടിയത്.
പരിശീലകനെന്ന നിലയില്‍ ടിറ്റെ ബ്രസീലിനൊപ്പമുണ്ടായിരുന്നത് 81 മത്രങ്ങളിലായിരുന്നു. ഇതില്‍ 61 മത്സരങ്ങളിലും ബ്രസീല്‍ ജയം നേടിയിരുന്നു. നേരത്തെ ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തില്‍ ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും ഗ്രൌണ്ടിലിറങ്ങി കളിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീമിലെ മുഴവന്‍ കളിക്കാരെയും ഒരു ടീം ടൂര്‍ണമെന്റില്‍ ഗ്രൗണ്ടിലിറക്കുന്നത്.
2014ലെ ലോകകപ്പില്‍ ടീമിലുള്ള 23 കളിക്കാരെയും ഗ്രൗണ്ടിലിറക്കി നെതര്‍ലന്‍ഡ്‌സ് റെക്കോര്‍ഡിട്ടിരുന്നെങ്കിലും ഒരുപടി കൂടി കടന്ന 26 പേരെയും ഗ്രൗണ്ടിലറക്കിയാണ് ടിറ്റെ റെക്കോര്‍ഡിട്ടത്. കൊറിയയ്‌ക്കെതിരെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറെ അടക്കം ടിറ്റെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തിരുന്നു. ബ്രസീലിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ക്രൊയേഷ്യ സെമിയിലെത്തുന്ന ആദ്യ ടീമായി മാറിയിരുന്നു.
https://www.facebook.com/Malayalivartha



























