ഇരുപത്തിഏഴാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി .... അനീതികള്‍ക്കെതിരെ പോരാടാന്‍ സിനിമയെ ഒരു മാധ്യമമായി തെരഞ്ഞെടുത്ത മെഹ്നാസ് മൊഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിച്ചു

ഇരുപത്തിഏഴാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനത്തിന്റെ പതിവു രീതിയായ നിലവിളക്കില്‍ ദീപങ്ങള്‍ തെളിയിക്കുന്നത് ഒഴിവാക്കി ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു മേള ഉദ്ഘാടനം ചെയ്തത്.
സാംസ്‌കാരിക കൈമാറ്റത്തിനുള്ള വേദി കൂടിയാണ് കേരളത്തിന്റെ രാജ്യന്തര ചലച്ചിത്രമേളയെന്ന് മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം എന്നതിന്റെ അര്‍ഥം. ആ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്നതാകണം ഇത്തരം മേളകള്‍ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എവിടെ മനസു നിര്‍ഭയമാകുന്നുവോ അവിടെ ശിരസ് ഉയര്‍ന്നുതന്നെ നില്‍ക്കും എന്ന ടാഗോര്‍ വചനവും ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ച മുഖ്യമന്ത്രി അനീതികള്‍ക്കെതിരെ പോരാടാന്‍ സിനിമയെ ഒരു മാധ്യമമായി തെരഞ്ഞെടുത്ത മെഹ്നാസ് മൊഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിച്ചു.
യാത്രാ വിലക്കുമൂലം മേളയ്ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന ഇറാനിയന്‍ സംവിധായിക മെഹ്നാസ് മൊഹമ്മദിക്ക് വേണ്ടി മഹ്നാസിന്റെ സുഹൃത്തും ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി പുരസ്‌കാരം ഏറ്റുവാങ്ങി.
അവാര്‍ഡു സ്വീകരിക്കാനായി ക്ഷണിച്ചപ്പോള്‍ കൈവശം ഒരു പൊതിയുമായാണ് അതീന വേദിയിലെത്തിയത്. ഉള്ളിലെന്താണെന്ന ഉദ്വേഗം നിലനില്‍ക്കുന്നതിനിടെ അതീന അതു തുറന്ന് സദസിനെ കാണിച്ചു. മൊഹ്നാസ് മുഹമ്മദി മുറിച്ച് നല്‍കിയ മുടി അതീന വേദിയില്‍ ഉയര്‍ത്തി കാട്ടി.
ചലച്ചിത്രമേളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തുടര്‍ന്ന് മൊഹ്നാസ് മുഹമ്മദിയുടെ സന്ദേശവും ഉദ്ഘാടന വേദിയില്‍ വായിച്ചു. ഞാന്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകമാണ് ഈ മുടി എന്നായിരുന്നു ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആക്ടിവിസ്റ്റ് കൂടിയായ മെഹ്നാസ് മുഹമ്മദി മേളക്ക് നല്‍കിയ സന്ദേശം. ചലച്ചിത്രങ്ങളിലൂടെ ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയതിനാണ് ഭരണകൂടം മഹ്നാസിനു യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
മുടി പ്രദര്‍ശിപ്പിച്ചശേഷമാണ് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌ക്കാരം അതീന ഏറ്റുവാങ്ങിയത്. അഞ്ചു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. യാത്രാവിലക്കിനോടുള്ള പ്രതിഷേധ സൂചകമായാണ് മുടി മുറിച്ച് സുഹൃത്തിന്റെ കൈവശം കൊടുത്തയച്ചത്.
https://www.facebook.com/Malayalivartha



























