മേളയുടെ ആവേശത്തില്‍ തലസ്ഥാനം.... അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ആദ്യനാള്‍തന്നെ കാണികളാല്‍ നിറഞ്ഞ് തിയേറ്ററുകളും വേദിയും....

അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ആദ്യനാള്‍തന്നെ കാണികളാല്‍ നിറഞ്ഞ് തിയേറ്ററുകളും വേദിയും. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററും പരിസരവും രാവിലെമുതല്‍തന്നെ മേളയുടെ ആവേശത്തിലേക്കുയര്‍ന്നു. ഇത്തവണ 13000-ലേറെ പ്രതിനിധികളാണ് മേളയ്‌ക്കെത്തുന്നത്. മേളയിലെ റെക്കോഡാണിത്.
ടാഗോര്‍ തിയേറ്ററില്‍ രാവിലെ പ്രദര്‍ശിപ്പിച്ച 'റിമെയിന്‍സ് ഓഫ് ദ വിന്‍ഡ്' കാണാനുള്ള വരി ടാഗോറിന്റെ പ്രധാന കവാടംവരെ നീണ്ടു. മണിക്കൂറുകള്‍ക്കു മുന്‍പേ ഈ സിനിമയ്ക്കായി കാണികള്‍ വരിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു.
മറ്റു ജില്ലകളിലുള്ളവരും ഇത്തവണ ആദ്യദിനംതന്നെ തലസ്ഥാനത്തെത്തി. കൂടുതല്‍പേര്‍ എത്തുന്നതോടെ ശനിയാഴ്ചയോടെ നഗരം സിനിമാ പ്രേമികളാല്‍ നിറയും.
പ്രതിനിധികള്‍ക്കു പുറമേ 3000 വിദ്യാര്‍ഥികളും 200 ചലച്ചിത്ര പ്രവര്‍ത്തകരും മേളയിലുണ്ട്. വിവിധ വിഭാഗങ്ങളിലായി 186 സിനിമകളാണ് മേളയിലുള്ളത്. രാജ്യന്തര മേളയിലെ താരമായിരുന്ന അന്തരിച്ച കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന ചിത്രവും പ്രദര്‍ശിപ്പിക്കുന്നുണ്ട്.ആദ്യ ദിനത്തില്‍ ബുക്കിങ് ഇല്ലാതെതന്നെ സിനിമകള്‍ കാണാമായിരുന്നു.
ഉച്ചവരെ മാത്രമേ സിനിമാ പ്രദര്‍ശനം ഉണ്ടായിരുന്നുള്ളൂ. ഉദ്ഘാടനച്ചടങ്ങ് മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം നാലുമണിയിലേക്ക് മാറ്റിയിട്ടും നിശാഗന്ധിയില്‍ സിനിമാ പ്രേമികള്‍ തിങ്ങി നിറഞ്ഞു.
നഗരത്തില 14 തിയേറ്ററുകളിലായി നടക്കുന്ന മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് പിയാനിസ്റ്റ് ജോണി ബസ്റ്റ് ആയിരുന്നു മുഖ്യാതിഥി. ഉദ്ഘാടനച്ചടങ്ങിനു പിന്നാലെ പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിത്താര്‍ സംഗീത വിരുന്ന് അരങ്ങേറി.
https://www.facebook.com/Malayalivartha



























