കൊമ്പന്‍മാര്‍ എല്ലാവരും മുട്ടുമടക്കി... വിരട്ടലുകാര്‍ പലരെത്തിയിട്ടും കാര്യം മാത്രം നടന്നില്ല, ജേക്കബ് തോമസ് റിട്ടയര്‍ ചെയ്യും വരെ തുടരും

സര്‍ക്കാര്‍ സുല്ലിട്ടു ഡിജിപി മുന്നോട്ട് തന്നെ. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ഡി.ജി.പി: ജേക്കബ് തോമസിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നു നിര്‍ദ്ദേശിച്ച സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളി. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് മടിക്കില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ് ചീഫ്‌സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അച്ചടക്ക നടപടികള്‍ വേണ്ടെന്ന് വയ്ക്കുന്നത്. കോടതിയില്‍ നിന്ന് മുഖ്യമന്ത്രിക്ക് എതിരെ പരാമര്‍ശമുണ്ടായാല്‍ അത് വിനയാകുമെന്ന് സര്‍ക്കാരിന് അറിയാം. അതിനാല്‍ നിര്‍ണ്ണായക സ്ഥാനങ്ങളൊന്നും നല്‍കാതെ ജേക്കബ് തോമസിനെ റിട്ടര്‍മെന്റ് വരെ ഇങ്ങനെ കൊണ്ടുപോകാനാണ് നീക്കം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന നിലപാട് എടുത്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ സാഹചര്യവും നടപടിയൊഴിവാക്കാന്‍ കാരണമായി. ബാര്‍ കോഴയിലെ ഹൈക്കോടതി വിധിയും മറ്റും സര്‍ക്കാരിന് പ്രതിരോധത്തിലാക്കുന്നു. അതിനാല്‍ പുതിയൊരു വിവാദം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിക്കും താല്‍പ്പര്യമില്ല. സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച് പടുത്തുയര്‍ത്തിയ 77 വന്‍കിട കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നോട്ടീസയച്ചതിന് പിന്നാലെയാണ് അഗ്‌നിശമനസേനാ മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് മാദ്ധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചതിനാണ് ജേക്കബ് തോമസിന് ചീഫ്‌സെക്രട്ടറി ആദ്യത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ഫ്‌ലാറ്റുകാരുടെ യോഗത്തില്‍ പലതവണ പങ്കെടുത്തെന്നും ഇത് എന്തിന്റെ ലക്ഷണമാണെന്ന് തനിക്ക് അറിയില്ലെന്നും ജേക്കബ് തോമസ് തുറന്നുപറഞ്ഞിരുന്നു. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്യുകയും സത്യം ജയിച്ചെന്ന് പരസ്യപ്രതികരണം നടത്തിയതിനുമാണ് രണ്ടാമത്തെ നോട്ടീസ്.
അറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയരുതെന്ന് ടി.പി. സെന്‍കുമാര്‍ ജേക്കബ് തോമസിനെ വിമര്‍ശിച്ചു. പക്ഷേ അന്നുതന്നെ കറുത്ത സെല്ലോടേപ്പുമായി മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ജേക്കബ് തോമസ് തന്നെപ്പോലൊരു ഐ.പി.എസുകാരന്‍ മാത്രമാണ് സെന്‍കുമാറെന്ന് തിരിച്ചു വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞമാസം 21നാണ് ചീഫ്‌സെക്രട്ടറി രണ്ടാമത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. അതിനിടെ, ജേക്കബ് തോമസ് ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കേ 77 വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കാത്ത നടപടി ശരിയാണെന്ന് ഇപ്പോഴത്തെ ഫയര്‍ഫോഴ്‌സ് മേധാവി എ.ഡി.ജി.പി: അനില്‍കാന്ത് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ 35 ഫ്‌ളാറ്റുകള്‍ക്കുനല്‍കിയ വഴിവിട്ട അംഗീകാരം റദ്ദാക്കണമെന്നും അനില്‍കാന്തിന്റെ ശിപാര്‍ശയില്‍ പറയുന്നു. ഫ്‌ളാറ്റ് മാഫിയക്കെതിരേ ജേക്കബ് തോമസിന്റെ കണ്ടെത്തലുകള്‍ ശരിയാണെന്നു തെളിയിക്കുന്നതാണ് എ.ഡി.ജി.പി: അനില്‍കാന്തിന്റെ നടപടി.
ചീഫ്‌സെക്രട്ടറി നല്‍കിയ രണ്ട് കാരണംകാണിക്കല്‍ നോട്ടീസുകള്‍ക്കും ജേക്കബ് തോമസ് മറുപടി നല്‍കി. ഇതിനു പുറമേ ചീഫ്‌സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങളുള്ളത്. ജേക്കബ് തോമസിന്റെ മറുപടിയെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടി സര്‍ക്കാര്‍ ഉപേക്ഷിച്ചു. നടപടി വേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ പരസ്യ പ്രസ്താവനാ വിവാദത്തില്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി വേണ്ടെന്ന തീരുമാനം എടുത്തതെന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ജേക്കബ് തോമസ് അച്ചടക്ക ലംഘനം നടത്തിയെന്ന് ഡിജിപി സെന്‍കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന് വ്യക്തമാക്കിയുമില്ല.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി.പി. ഉദയഭാനുവാണ് ജേക്കബ് തോമസിനായി മറുപടി തയ്യാറാക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല ഭരണത്തലവന്മാര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണെന്ന് കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ ജേക്കബ് തോമസ് വ്യക്തമാക്കുന്നു. തന്റെ റാങ്കിലുള്ള ടി.പി. സെന്‍കുമാര്‍ തന്നെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തി. കോടതിവിധിയെ താന്‍ സ്വാഗതം ചെയ്തത് തെറ്റല്ല. ഉദ്യോഗസ്ഥര്‍ക്ക് കോടതിവിധിയെ വിമര്‍ശിക്കാനാവില്ല. അങ്ങനെയെങ്കില്‍ അത് കോടതിയലക്ഷ്യമായി മാറും. എന്താണ് താന്‍ ചെയ്ത കുറ്റം സര്‍വീസ് ചട്ടത്തിന്റെ ഏത് ഭാഗമാണ് താന്‍ ലംഘിച്ചതെന്ന് വ്യക്തമാക്കണം. ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കേ താന്‍ സ്വീകരിച്ച ഏത് നടപടിയാണ് തെറ്റെന്ന് ചീഫ്‌സെക്രട്ടറി വിശദമാക്കണം. എന്തൊക്കെയാണ് കുഴപ്പങ്ങളെന്നും അതിനുള്ള തെളിവുകളും ചൂണ്ടിക്കാട്ടിയാല്‍ മറുപടി നല്‍കാം. തെളിവുകളിന്മേല്‍ വിശദമായ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ജേക്കബ് തോമസ് മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടി നല്‍കേണ്ട ബാധ്യതയും ചീഫ് സെക്രട്ടറിക്ക് വന്നു. ഒടുവില്‍ സര്‍ക്കാര്‍ പിന്നോട്ടും ഡിജിപി പിന്നോട്ടും എന്ന വഴിക്കായി കാര്യങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha