ഉദ്യോഗസ്ഥ കാലാകാരന്മാര്‍ക്ക് പാരയായി, സര്‍ക്കാര്‍ ജീവനക്കാരുടെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

സര്‍ക്കാര്‍ ജീവനക്കാരുടെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം നടപ്പാക്കുന്നു. ഇതിനായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ സ്വകാര്യ റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണ പരിപാടികളില്‍ പങ്കെടുക്കണമെങ്കില്‍ മേലുദ്യോഗസ്ഥന്റെ അനുമതി വേണ്ടിവരും.
ഐ.എ.എസ്സുകാരടക്കമുള്ള ജീവനക്കാര്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതും നവ മാധ്യമങ്ങളില്‍ സജീവമാകുന്നതുമൊക്കെ അതിരുവിടുന്നുവെന്ന് കണ്ടതോടെയാണ് നടപടി. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി ഇല്ലാതെ തന്നെ കലാ സാഹിത്യ ശാസ്ത്ര, സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അനുമതിയുണ്ട്. ജോലിക്കാര്യത്തില്‍ വീഴ്ച വരാതെയും പ്രതിഫലേച്ഛയില്ലാതെയും വേണമെന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
പുസ്തക പ്രസിദ്ധീകരണത്തിനും മറ്റും വ്യവസ്ഥയില്ലെന്ന് കണ്ടാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും അഭിനയിക്കുന്നതിനും അണിയറപ്രവര്‍ത്തനത്തിനുമൊക്കെ അനുവാദം കൂടാതെ പലരും പങ്കെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതും പുതിയ നിര്‍ദേശത്തിന് കാരണമായി.
സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിമുതല്‍ അവരുടെ സാഹിത്യ സൃഷ്ടികളോ ഗവേഷണപ്രബന്ധങ്ങളോ ലേഖന സമാഹാരങ്ങളോ പഠനസഹായികളോ പുസ്തകമാക്കണമെങ്കില്‍ അതിന്റെ പ്രസാധകന്‍, അവതാരികാകാരന്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ വരെ സര്‍ക്കാറിന് മുന്‍കൂട്ടി നല്‍കണം. പോരാത്തതിന് പുസ്തകത്തിന് നിശ്ചയിക്കുന്ന വില എത്രയെന്ന് പറയുകയും ലാഭേച്ഛ കൂടാതെ ന്യായവില മാത്രമേ നിശ്ചയിച്ചിട്ടുള്ളൂവെന്ന് സത്യവാങ്മൂലം നല്‍കുകയും വേണം. പുസ്തകത്തില്‍ ദേശതാത്പര്യങ്ങള്‍ക്ക് വിരുദ്ധവും സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന യാതൊന്നുമില്ലെന്ന സത്യപ്രസ്താവനയും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.
സ്വകാര്യ റേഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്താധിഷ്ഠിതമോ അല്ലാത്തതോ ആയ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്കും വിലക്ക് വരും. സിനിമ, സീരിയല്‍, പ്രൊഫഷണല്‍ നാടകം എന്നിവയില്‍ അഭിനയിക്കുന്നതിനും അണിയറ പ്രവര്‍ത്തനം നടത്തുന്നതിനും അനുമതി നല്‍കുക ഇനി ഓരോ അപേക്ഷയും പരിശോധിച്ചാകും.
എന്നാല്‍ ഇതിനുള്ള മാനദണ്ഡമെന്തെന്നോ, ആര് പരിശോധിക്കുമെന്നോ വ്യക്തമല്ല. അതിനാല്‍ത്തന്നെ അര്‍ഹത നിശ്ചയിക്കല്‍ മേലുദ്യോഗസ്ഥന്റെ തന്നിഷ്ടത്തിന് വിധേയമായിരിക്കുമെന്ന് ഉറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha