സ്‌റ്റോപ്പില്‍ ഇറങ്ങാനാവാത്തതിനാല്‍ തീവണ്ടിയില്‍ നിന്ന് ചാടിയ യുവതി മരിച്ചു

സ്‌റ്റോപ്പില്‍ ഇറങ്ങാനായില്ല; തീവണ്ടിയില്‍ നിന്ന് ചാടിയ യുവതി മരിച്ചു. തൃപ്പൂണിത്തുറ: സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ വിട്ടുപോയ യുവതി തീവണ്ടി വേഗം കുറച്ച സമയത്ത് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട അടൂര്‍ കൈതക്കല്‍ ആനയടി വിളയില്‍ രവീന്ദ്രന്റെ മകള്‍ അര്‍ച്ചന (20) ആണ് മരിച്ചത്.
കാക്കനാട്ടെ ബന്ധുവിന്റെ വീട്ടിലേക്ക് പോകാനായി തീവണ്ടിയില്‍ വന്ന അര്‍ച്ചന തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങേണ്ടതായിരുന്നു. തീവണ്ടി സ്‌റ്റോപ്പില്‍ നിന്ന് വിട്ടുകഴിഞ്ഞപ്പോഴാണ് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതായി അര്‍ച്ചന അറിഞ്ഞതെന്നും തുടര്‍ന്ന് എരൂര്‍ കണിയാമ്പുഴ ഭാഗത്ത് തീവണ്ടി വേഗം കുറച്ച സമയത്ത് യുവതി തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്നും കേസന്വേഷിക്കുന്ന തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. പരിക്കേറ്റ് പാളത്തിനരികില്‍ കിടന്ന അര്‍ച്ചനയെ പോലീസും നാട്ടുകാരും ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കള്‍ വൈകീട്ട് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് അര്‍ച്ചനയെ മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 9.30നാണ് മരിച്ചത്. തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടിയിറങ്ങിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കാക്കനാട്ടേക്ക് ബസ്സില്‍ പോകേണ്ടതായിരുന്നു അര്‍ച്ചനയെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. തീവണ്ടിയിലിരുന്ന് ഉറങ്ങിയതാകാം സ്‌റ്റോപ്പില്‍ സമയത്ത് അര്‍ച്ചനയ്ക്ക് ഇറങ്ങാന്‍ പറ്റാതെ പോകാന്‍ കാരണമെന്ന് പോലീസ് സംശയിക്കുന്നു. ദുരൂഹതയൊന്നുമില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ: രാജമ്മ. സഹോദരങ്ങള്‍: അഖില്‍, ചിഞ്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























