എല്ലായിടത്തും അസഹിഷ്ണതയോ....പള്ളിപ്പെരുനാളിനും ക്ഷേത്രോത്സവത്തിനും കൂടി ഒറ്റ കമാനം; കണ്ടുപഠിക്കാന്‍ ഒരു അയിരൂര്‍ മാതൃക

മതസൗഹാര്‍ദ്ദം പ്രവര്‍ത്തിയിലാക്കി കാണിച്ച അയിരൂര്‍ നിവാസികല്‍ക്ക് നന്ദി. സഹോദരന്റെ മതത്തിന് തന്റെ മതത്തിനേക്കാള്‍ പ്രാധാന്യം നല്‍കി മാനിക്കുന്നതാണ് യഥാര്‍ത്ഥ മതസൗഹാര്‍ദ്ദമെന്നു കാണിക്കുന്ന ഒരു ഗ്രാമത്തിന്റെ നന്‍മ.
നന്മയുടെയും മതസൗഹാര്‍ദത്തിന്റെയും കാഴ്ചകളാണ് നെടുമ്പാശേരിക്കടുത്തുള്ള ഈ കൊച്ചു ഗ്രാമത്തില്‍ നിന്നു നമുക്കു കാണാനാകുക. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അസഹിഷ്ണുതയുടെ നിറം ചാലിക്കുന്ന ഇക്കാലത്ത് സൗഹൃദത്തിന്റെ പുതിയ മാതൃക തീര്‍ക്കുകയാണ് ഈ ഗ്രാമം.
ക്ഷേത്രോത്സവവും പള്ളിത്തിരുനാളും ഒന്നിച്ചു കൊണ്ടാടിയാണു കൂട്ടായ്മയുടെ നവസ്വരം ഈ ഗ്രാമത്തില്‍ നിന്നുയരുന്നത്. അയിരൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളും ദുര്‍ഗാദേവി മഹാവിഷ്ണു ക്ഷേത്രത്തിലെ കാര്‍ത്തികവിളക്ക് പൊങ്കാല മഹോത്സവവുമാണു നാടിനും നാട്ടുകാര്‍ക്കും സൗഹാര്‍ദത്തിന്റെ പുത്തന്‍ അനുഭവമായി മാറുന്നത്. ഇരു മതവിശ്വാസികളും പരസ്പരം സഹകരിച്ചാണു രണ്ട് ആഘോഷങ്ങളുംനടത്തുന്നത്.
ക്ഷേത്രോത്സവത്തിന്റെയും തിരുനാള്‍ ആഘോഷങ്ങളുടെയും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍തന്നെ തുടങ്ങുന്നു മതസൗഹാര്‍ദത്തിന്റെ വിളംബരം. നവംബര്‍ 23 മുതല്‍ 25 വരെയാണു ക്ഷേത്രത്തിലെ ഉത്സവം. തിരുനാളാകട്ടെ 27 മുതല്‍ 29 വരെയും. നാടിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കമാനങ്ങളിലും ബോര്‍ഡുകളിലും ഉത്സവത്തിന്റെയും തിരുനാളിന്റെയും വിശേഷങ്ങള്‍ ഒരുമിച്ചാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഒരേ കമാനത്തില്‍ വിശുദ്ധ അന്തോണീസും ദേവാലയവും ക്ഷേത്രവും മഹാവിഷ്ണുവും ചിത്രങ്ങളാകുകയും ചെയ്തു.
പള്ളിയിലെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നവരുടെ കൂട്ടത്തില്‍ ഹൈന്ദവരുമുണ്ട്. രണ്ടിടങ്ങളിലെയും ആഘോഷ കമ്മിറ്റികള്‍ക്കും മതത്തിന്റെ അതിര്‍വരമ്പുകളില്ല. ഇരുമതവിഭാഗങ്ങളിലുള്ളവര്‍ രണ്ട് ആഘോഷങ്ങളും ഒന്നിനൊന്നു മെച്ചമാക്കാന്‍ കൈകോര്‍ക്കുകയാണ്. ഇതാദ്യമായാണ് അയിരൂരില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനും പള്ളിയിലെ തിരുനാളിനും ഈ മുഖം കൈവരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. അതിനാല്‍ തന്നെ രണ്ട് ആഘോഷങ്ങള്‍ക്കും ഇക്കുറി ജനത്തിരക്ക് ഏറുമെന്നും അവര്‍ പറയുന്നു.
എല്ലവരും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha