സന്തോഷത്താല്‍ കണ്ണുനിറഞ്ഞു... റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം പങ്കെടുത്തതോടെ വിമര്‍ശനങ്ങള്‍ പഴങ്കഥയായി; നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ല; പിണറായി സര്‍ക്കാരിന് വീണ്ടും ഗവര്‍ണറുടെ പ്രശംസ

ഗവര്‍ണറും സര്‍ക്കാരും അടിച്ച് ചാവുമെന്ന് പ്രചരിപ്പിച്ച പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും തെറ്റി. മഞ്ഞുരുകിയുരുകി അവസാനം ഉറ്റ മിത്രങ്ങളായി. റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം പങ്കെടുത്തു.
ഭാര്യ കമല, കൊച്ചുമകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പം എത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണറും പത്‌നി രേഷ്മയും ചേര്‍ന്നു സ്വീകരിച്ചു. മന്ത്രി ജി.ആര്‍. അനിലിനു സമീപം ഇരിക്കുകയായിരുന്ന ഇഷാനെ പിന്നീടു ഗവര്‍ണര്‍ പേരു ചൊല്ലി സമീപത്തേക്ക് വിളിച്ചു കുശലാന്വേഷണം നടത്തി.
തിരക്കില്‍ നിന്നു മാറി ഗവര്‍ണറും മുഖ്യമന്ത്രിയും മാത്രമായും കുറച്ചുനേരം സംസാരിച്ചു. മുഖ്യമന്ത്രി കാറിനു സമീപത്തെത്തിയാണ് ഗവര്‍ണര്‍ യാത്രയാക്കിയത്. സല്‍ക്കാരത്തിന് പ്രമുഖരെയും ഭിന്ന ശേഷിക്കാരായ കുട്ടികളെയും ക്ഷണിച്ചിരുന്നു. സല്‍ക്കാരത്തിന് എത്തിയ ഭൂരിപക്ഷം പേരും ഗവര്‍ണര്‍ക്ക് ഒപ്പം സെല്‍ഫി എടുത്ത ശേഷമാണ് മടങ്ങിയത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു ഗവര്‍ണര്‍ സമ്മാനങ്ങളും നല്‍കി.
അതേസമയം സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തില്‍ തനിച്ച് തീരുമാനം എടുക്കാനാകില്ല. വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മികച്ച നേട്ടം ഉണ്ടാക്കി. ലൈഫ് പദ്ധതിയേയും ഗവര്‍ണര്‍ പുകഴ്ത്തി. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകര്‍ന്നു. ആരോഗ്യ മേഖലയില്‍ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആര്‍ദ്രം മിഷന്‍ കേരളത്തിന്റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങില്‍ ഈ പുരോഗതി വ്യക്തമാണ്.
കേരളത്തിന്റെ കാര്‍ഷിക പദ്ധതികള്‍ ഭക്ഷ്യ സുരക്ഷയും കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പ്രകീര്‍ത്തിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ ഗാന്ധിയനാണെന്നും ഗവര്‍ണറുടെ എല്ലാ പ്രവര്‍ത്തികളും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നിയാണെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വിമര്‍ശിച്ചത് ഭരണഘടന വിരുദ്ധമായ നടപടികളെ മാത്രമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളിയെന്ന വിമര്‍ശനം ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒപ്പം പ്രതിപക്ഷമില്ലെന്ന് അദ്ദേഹം പറഞ്ഞു. മഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ധാരണയിലെത്തിയെന്നും സതീശന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























