നിര്‍ണായക വിധി... ശബരിമല യുവതീ പ്രവേശന വിവാദ സമയത്ത് ഭക്തര്‍ ചോദിച്ചത് ഇപ്പോള്‍ കോടതിയും ചോദിക്കുന്നു; ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന് കാര്യമെന്തെന്ന് സുപ്രീംകോടതി, ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം; സംഭവം ആന്ധ്രയിലാണെങ്കിലും ദൂരവ്യാപകമായ വിധി; ശബരിമല വരുമാനം സര്‍വകാല റെക്കോഡ്

ശബരിമല യുവതീ പ്രവേശന വിവാദ സമയത്ത് ഭക്തര്‍ ഒന്നടങ്കം ചോദിച്ചത് ഇപ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുകയാണ്. വിധി ആന്ധ്രാ പ്രദേശിലാണെങ്കിലും കേരളത്തിലെ ഭക്തര്‍ക്കും ആശ്വാസകരമാണ്.
വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണം വിട്ടു നല്‍കണമെന്നാണ് സുപ്രീംകോടതി വിധി. ആന്ധ്രപ്രദേശിലെ അഹോബിലം ക്ഷേത്രത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചതിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ക്ഷേത്രങ്ങളുടെ ഭരണത്തില്‍ എന്തിനാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്ന് ആന്ധ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഢിയോട് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.
അഹോബിലം ക്ഷേത്രഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അവിഭാജ്യ ഘടകമാണ് ക്ഷേത്രം. അഹോബിലം മഠം തമിഴ് നാട്ടിലാണെങ്കിലും ക്ഷേത്രം സ്ഥിതിചെയ്യുന്നത് ആന്ധ്രയിലാണ്.
ഈ കാരണം കൊണ്ട് ക്ഷേത്ര ഭരണത്തിനുള്ള അവകാശം നഷ്ടപ്പെടില്ലെന്ന് ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മഠാധിപതിയെ ക്ഷേത്രഭരണത്തിന്റെ ചുമതല ഏല്പിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത സര്‍ക്കാര്‍ നടപടി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ക്ഷേത്രത്തിന് മഠവുമായുള്ള ബന്ധം ചരിത്രപരമാണെന്നും അത് കൊണ്ടുതന്നെ ക്ഷേത്രം മഠത്തിന്റെ ഭാഗമാണെന്നുമുളള ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചു. അഹോബിലം മഠത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സതീഷ് പ്രസരന്‍, അഭിഭാഷകരായ സി. ശ്രീധരന്‍, പി.ബി. സുരേഷ്, വിപിന്‍ നായര്‍ എന്നിവര്‍ ഹാജരായി.
ഈ വിധി കേരളത്തിലെ ഭക്തര്‍ക്കും ആശ്വാസമാണ്. അതേസമയം ശബരിമല വരുമാനം ഇത്തവണ സര്‍വകാല റെക്കോഡിലെത്തി. ഇതുവരെ 351 കോടി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. നാണയങ്ങള്‍ ഇനിയും എണ്ണാന്‍ ബാക്കിയുണ്ട്. ജീവനക്കാര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഫെബ്രുവരി 5 മുതല്‍ നാണയങ്ങള്‍ വീണ്ടും എണ്ണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
യന്ത്ര സഹായത്തോടെ നാണയങ്ങള്‍ എണ്ണുക സാധ്യമല്ല. ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളമാണ് ചെലവ്. ഇത്തവണ ശബരിമലയില്‍ അനുഭവപെട്ട തിരക്ക് സ്വാഭാവികം മാത്രം. എത്തിയതില്‍ 20 ശതമാനം ഭക്തര്‍ കുട്ടികളായിരുന്നു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പരാതികളെല്ലാം പരിഹരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഏലക്കയിലെ കീടനാശിനി സാന്നിധ്യം സംബന്ധിച്ച ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. പമ്പയിലെ ലാബില്‍ ടെസ്റ്റ് ചെയ്താണ് മുഴുവന്‍ ഭക്ഷണവസ്തുക്കളും ഉപയോഗിക്കുന്നത്. കീടനാശിനി പരിശോധന അവിടെയില്ല. എല്ലാത്തിലും കീടനാശിനിയുടെ സാന്നിധ്യമുണ്ട്
ദേവസ്വം ബോര്‍ഡിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ല. പ്രസാദത്തിന് ലൈസന്‍സ് വേണോ. ഭാവിയില്‍ ഏലക്ക ഒഴുവാക്കുന്നത് പരിശോധിക്കാം. ലൈസന്‍സ് എടുക്കണമെന്ന നിര്‍ദേശം വന്നാല്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാണിക്കയായി ലഭിച്ച നാണയത്തിന്റെ നാലിലൊന്നു മാത്രമേ എണ്ണിയിട്ടുള്ളൂ. 20 കോടിയോളം രൂപയുടെ നാണയം കിട്ടിയെന്നാണ് വിലയിരുത്തല്‍. എണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ തുക വീണ്ടും ഉയരും. കൊവിഡിന്റെ ആദ്യവര്‍ഷത്തില്‍ 21 കോടിയായി വരുമാനം കുറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ലഭിച്ചത് 151 കോടിയാണ്.
അടുത്ത തീര്‍ത്ഥാടന കാലത്തിന് മുമ്പ് ക്യൂ കോംപ്ലക്സ് ആധുനികവത്കരിക്കും. റോപ്വേയ്ക്കായി വനഭൂമി വിട്ടുനല്‍കുന്നതിന് പകരമായി അടിമാലിയില്‍ പകരം സ്ഥലം വനംവകുപ്പിന് നല്‍കും. വനഭൂമി ലഭ്യമായാല്‍ റോപ്വേയുടെ പണി ആരംഭിക്കും. നിലയ്ക്കലില്‍ 15 കോടിയുടെ വികസന പദ്ധതിയും ആലോചിക്കുന്നു.
" f
https://www.facebook.com/Malayalivartha


























