പഴയ ഐഎഎസ് ബുദ്ധി... ഗവര്‍ണറും മമത ബാനര്‍ജിയും തമ്മിലുള്ള പോര് മാത്രം കണ്ടിട്ടുള്ള ബംഗാള്‍ ബിജെപിക്കാര്‍ക്ക് കണ്ണിന് കുളിര്‍മ നല്‍കി മലയാളി ഗവര്‍ണര്‍ സിവി ആനന്ദബോസ്; മമതയുടെ മനസ് കീഴടക്കിയപ്പോള്‍ ബംഗാള്‍ ബിജെപിക്ക് അമര്‍ഷം; മുന്നോട്ട് കുതിച്ച് ആനന്ദ ബോസ്

ഗവര്‍ണറും മമത ബാനര്‍ജിയും തമ്മിലുള്ള പോര് മാത്രം കണ്ടിട്ടുള്ള ബംഗാള്‍ ബിജെപിക്കാര്‍ക്ക് സഹിക്കാന്‍ പറ്റാത്ത കാര്യമാണ് ചെയ്തത്. ആനന്ദബോസും മമത ബാനര്‍ജിയും അടികൂടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇരുവരും വലിയ ലോഹ്യത്തിലായി. ഇതോടെ പരാതിയുമായി ബിജെപിക്കാര്‍ രംഗത്തെത്തി.
ബംഗാള്‍ സര്‍ക്കാരിനെ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് പരിധിവിട്ടു സഹായിക്കുന്നെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു. ഗവര്‍ണര്‍, മമത ബാനര്‍ജിയുടെ ഫോട്ടോസ്റ്റാറ്റ് യന്ത്രമാണെന്നും കുറ്റപ്പെടുത്തി. സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറെ ഡല്‍ഹിക്കു വിളിപ്പിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആനന്ദബോസ് വിശദീകരിച്ചു.
2 ചടങ്ങുകളില്‍ പങ്കെടുക്കാനാണു ഡല്‍ഹിയിലെത്തിയതെന്നും ഇന്നുതന്നെ ബംഗാളിലേക്കു മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കി മുഖ്യമന്ത്രിക്കു ചുമതല നല്‍കിയ ബില്‍ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ബംഗാളിലെ എഴുത്തിനിരുത്തു ചടങ്ങായ ഹാതെ കോരി രാജ്ഭവനില്‍ സംഘടിപ്പിച്ചതും മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തതുമാണു ബിജെപി സംസ്ഥാന ഘടകത്തിന് അനിഷ്ടമായത്.
ആനന്ദബോസിനെ പുകഴ്ത്തി മമത ചടങ്ങില്‍ നിറഞ്ഞുനിന്നപ്പോള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ ബംഗാളി ഭാഷയിലെ ആദ്യാക്ഷരം കുറിക്കുകയും ചെയ്തു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണറായിരിക്കെ മമത സര്‍ക്കാറുമായി തുറന്ന ഏറ്റുമുട്ടലിലായിരുന്നു. ആനന്ദബോസ് മുഖ്യമന്ത്രിയുമായി അനുരഞ്ജനത്തിനു ശ്രമിച്ചതാണു ബിജെപിയെ ചൊടിപ്പിച്ചത്. പുതിയ ഗവര്‍ണര്‍ തികഞ്ഞ മാന്യനാണെന്നു മമത പരസ്യപ്രസ്താവന നടത്തി. കാളിഘട്ടിലെ മമതയുടെ വീട്ടില്‍ ഗവര്‍ണര്‍ കുടുംബസമേതം സന്ദര്‍ശനം നടത്തിയതോടെ ബംഗാള്‍ ബിജെപി രോഷംകൊണ്ടു. പഴയ ഗവര്‍ണറുടെ സ്റ്റാഫില്‍ പലരും ആനന്ദബോസ് എത്തിയതോടെ മാറി. ഗവര്‍ണറുടെ മാറ്റങ്ങള്‍ക്കൊപ്പം സ്റ്റാഫ് മാറ്റവും പതിവാണെങ്കിലും ബിജെപിക്ക് ഇതു സ്വീകാര്യമായിരുന്നില്ല.
അതേസമയം സി.വി. ആനന്ദബോസ് ബംഗാള്‍ ഗവര്‍ണറായതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാജ്ഭവനും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമായത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും ചര്‍ച്ചയാകുന്നു. ഇരുവരും പങ്കെടുത്ത പരിപാടികളിലെല്ലാം പരസ്പര ബഹുമാനത്തോടെയും കരുതലോടെയുമുള്ള ഇടപെടലുകള്‍ ബംഗാള്‍ ജനതയ്ക്കും കുറേ നാളുകള്‍ക്കു ശേഷമുള്ള പുതുമയുള്ള കാഴ്ചയായി.
കഴിഞ്ഞദിവസം കൊല്‍ക്കത്ത കാളിഘട്ടിലെ ദീദിയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍ക്കും ഭാര്യ എല്‍.എസ്. ലക്ഷ്മിയ്ക്കും മകനും വളരെ ഹൃദ്യമായ വരവേല്‍പാണ് ലഭിച്ചത്. ഗവര്‍ണറുടെ മകന്‍ വാസുദേവ് ബോസ് അമേരിക്കയില്‍ ചലച്ചിത്ര വിദ്യാര്‍ഥിയാണെന്ന് അറിഞ്ഞ മമത ബാനര്‍ജി അദ്ദേഹത്തെ കൊല്‍ക്കത്ത ചലച്ചിത്രമേളയിലേക്കും ക്ഷണിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് എത്താന്‍ കഴിയാതിരുന്ന വാസുദേവ് ബോസ് കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെത്തി ദീദിയുമായി ബന്ധപ്പെട്ടതോടെയാണ് വീട്ടിലേക്ക് ക്ഷണം ലഭിച്ചത്.
ദീദിയുടെ ലളിത ജീവിതവും കലകളോടുള്ള താല്‍പര്യവുമെല്ലാം മുഖ്യമന്ത്രിയുടെ വീട്ടില്‍ നേരിട്ടു മനസ്സിലാക്കിയ ലക്ഷ്മിയും മകന്‍ വാസുദേവും അമ്പരന്നു. ഒരു വീട്ടമ്മയെ പോലെ ഭക്ഷണം വരെ വിളമ്പി നല്‍കിയ മുഖ്യമന്ത്രിയുടെ പെരുമാറ്റം ഇരുവരെയും മനസ്സു കവര്‍ന്നു. ബംഗാളിന് ഇപ്പോള്‍ നല്ല ഗവര്‍ണറെ കിട്ടിയെന്ന ദീദിയുടെ വാക്കുകളും ഇരുവര്‍ക്കും ആഹ്ലാദകരമായി.
"
https://www.facebook.com/Malayalivartha


























