അഡ്വ.സൈബിജോസ് കിടങ്ങൂരിന്റെ ആമാടപെട്ടി വരെ തപ്പാന്‍ അസാധാരണ നടപടിയുമായി. ഹൈക്കോടതി.

കേരള ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ ഒരാളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായെത്തിയിരിക്കുന്നത്. സൈബി ജോസിനെ പോലെ മറ്റ് അഭിഭാഷകരുടെ പേരിലും ഇത്തരം പരാതികള്‍ ഉയരുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്ക്കുന്നതിനിടയിലാണ് ഹൈക്കോടതി സൈബി കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
നിയമസാക്ഷരത നേടിയ സംസ്ഥാനം എന്ന് ഊറ്റം കൊള്ളുമ്പോഴും മാലയാളികള്‍ നിരന്തരം ഇത്തരം പൊള്ളത്തരങ്ങളില്‍ വീണുപോകുന്നത് നീതിന്യായ സംവിധാനത്തിലെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പണക്കാരമുന്നില്‍ നിയമം നടുവൊടിച്ച് കിടക്കും എന്നാണ് ഇക്കൂട്ടര്‍ വരുത്തി തീര്‍ത്തിരിക്കുന്നത്.സൈബിജോസിന്റെ വിഷയം അന്വേഷണത്തിലിരിക്കുന്നുവെങ്കിലും സാധാരണക്കാരന്റെ നിയമത്തിനോടും കോടതിയോടുമുള്ള ആദരവ് മനസിലാക്കിയ ഹൈക്കോടതി സെബിജോസ് ഹാജരാകയ കേസിലെ ജാമ്യ ഉത്തരവുകള്‍ തിരിച്ചു വിളിച്ച് പരിശോധിച്ചു തുടങ്ങിയതെന്നത് ശ്രദ്ധേയമാണ്.
ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ചപറ്റിയെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടിസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.അനുകൂല വിധി വാങ്ങി നല്‍കാമെന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം 3 ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ അസാധാരണ നടപടി. കേസ് വീണ്ടും കേള്‍ക്കും. 2022 ഏപ്രില്‍ 29ന് ഇറങ്ങിയ ഉത്തരവാണ് ഹൈക്കോടതി തിരിച്ചുവിളിച്ചത്. ഈ കേസില്‍ അഡ്വ. സൈബി 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.
ജാതിപ്പേര് വിളിച്ചെന്ന കേസില്‍ റാന്നി സ്വദേശിയാണ് പരാതിക്കാരന്‍. റാന്നി പൊലീസ് സ്റ്റേഷനില്‍ പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ ജാമ്യഹര്‍ജി വന്നതിനുപിന്നാലെ വാദി ഭാഗത്തിന് നോട്ടിസ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ്എച്ച്ഒയ്ക്കു ആയിരുന്നു നിര്‍ദേശം. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്റെ വാദത്തിനായി അഭിഭാഷകര്‍ ഉണ്ടായിരുന്നില്ല. കോടതി ചോദിച്ചപ്പോള്‍ നോട്ടിസ് നല്‍കിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. സൈബി ജോസ് ആയിരുന്നു പ്രതികള്‍ക്കുവേണ്ടി ഹാജരായത്. കേസില്‍ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന് 50 ലക്ഷം രൂപ നല്‍കാനെന്ന പേരില്‍ സൈബി ജോസ് കോഴ കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇരയ്ക്ക് യഥാസമയം പോലീസ് നോട്ടീസ് എത്തിച്ചോ എന്ന കാര്യത്തില്‍ കോടതിയ്ക്കും സംശയമുണ്ട്. അഭിഭാഷകരും പോലീസും ചേരുന്ന ഒരു ക്രിമിനല്‍ കോക്കസിന്റെ പ്രവര്‍ത്തനം ഇതിന് പിന്നിലുണ്ടോയെന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ജാമ്യഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതി സമീപിച്ചു. ഇരയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്കു ജാമ്യം നല്‍കിയത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ട് സിയാദ് റഹ്മാന്‍ തന്നെയാണ് അദ്ദേഹം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഉത്തരവ് പിന്‍വലിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും.
ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നു പണം വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ താന്‍ വാങ്ങിയത് അഭിഭാഷക ഫീസ് മാത്രമാണെന്ന മൊഴിയില്‍ സെബി ഉറച്ചുനിന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സൈബി ആരോപിച്ചിരുന്നു.
കേസില്‍ സാക്ഷി മൊഴികള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം കമ്മിഷണര്‍ വ്യക്തമാക്കി. സൈബിയുടെ മൊഴിയും സാക്ഷി മൊഴികളും താരതമ്യം ചെയ്തശേഷം രണ്ടു ദിവസത്തിനകം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പൊലീസ് വിശദമായ അന്വേഷണം നടത്തും.
സൈബിയും കൂട്ടരും ഭീഷണിപ്പെടുത്തിയതായി ഹൈക്കോടതി വിജിലന്‍സിന് അഭിഭാഷകര്‍ മൊഴി നല്‍കിയിരുന്നു. ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സൈബി ജോസ് പണം വാങ്ങിയത് സിനിമാ നിര്‍മാതാവില്‍ നിന്നും അറിഞ്ഞെന്നാണ് അഭിഭാഷകരുടെ മൊഴി. നിര്‍മാതാവ് അടക്കമുള്ള സാക്ഷികള്‍ കഴിഞ്ഞ ദിവസം കമ്മിഷണര്‍ ഓഫിസില്‍ എത്തി മൊഴി നല്‍കിയിരുന്നു.
ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍ നിന്നു പണം വാങ്ങിയതായി പ്രഥമദൃഷ്ട്യാ കരുതാവുന്ന വസ്തുതകളുണ്ടെന്നും 3 ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും ഹൈക്കോടതി വിജിലന്‍സ് റജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഹൈക്കോടതി ജഡ്ജി തന്നെ രഹസ്യ വിവരം നല്‍കുകയും കഴിഞ്ഞ നവംബറില്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha


























