അബദ്ധത്തിൽ തുപ്പൽ ഓട്ടോയ്ക്കുള്ളിലേയ്ക്ക് തെറിച്ച് വീണു: വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് ഷർട്ട് അഴിപ്പിച്ച് അഞ്ച് വയസുകാരനെ കൊണ്ട് തുടപ്പിച്ച് ഡ്രൈവറുടെ ക്രൂരത

സ്കൂളിലേയ്ക്ക് പോകുന്നതിനിടെ വിദ്യാർത്ഥി പുറത്തേയ്ക്ക് തുപ്പിയത് അബദ്ധത്തിൽ ഓട്ടോയ്ക്കുള്ളിൽ തന്നെ വീണതോടെ മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് ഷർട്ട് അഴിപ്പിച്ച് അഞ്ച് വയസുകാരനെ കൊണ്ട് തുടപ്പിച്ചതായി പരാതി. കോഴിക്കോട് അഴിയൂരിലാണ് സംഭവം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഓട്ടോ ഡ്രൈവറുടെ ക്രൂരത പുറം ലോകമറിഞ്ഞത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്.
സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. അഞ്ചുവയസുകാരന്‍ ഓട്ടോയില്‍ തുപ്പിയപ്പോള്‍ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഡ്രൈവർ കുട്ടിയുടെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചത്.
ഇത് ചോദ്യം ചെയ്ത കുട്ടിയുടെ മാതാവിനോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കാനുള്ള ആലോചനയിലാണ് കുട്ടിയുടെ വീട്ടുകാര്‍. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം ബാലാവകാശ കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചോമ്പാല പൊലീസിനോട് നിര്‍ദ്ദേശവും നല്‍കി.
https://www.facebook.com/Malayalivartha


























