കാലിത്തീറ്റയില്‍ നിന്നും പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു... സുപ്രീം കാലിത്തീറ്റ ഉപയോഗിക്കരുതെന്നു ഡോക്ടര്‍മാരും ക്ഷീരസംഘം ഭാരവാഹികളും

കാലിത്തീറ്റയില്‍ നിന്നും പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പാമ്പാടി, ചമ്പക്കര, തോട്ടയ്ക്കാട്, കൊടുങ്ങൂര്‍, പരുത്തിമൂട് തുടങ്ങിയ ക്ഷീരവ്യവസായ സഹകരണസംഘങ്ങളായ ആപ്‌ക്കോസ് വഴി കര്‍ഷകര്‍ക്കു നല്‍കിയ സുപ്രീം കാലിത്തീറ്റ ഉപയോഗിക്കരുതെന്നു ഡോക്ടര്‍മാരും ക്ഷീരസംഘം ഭാരവാഹികളും അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലിത്തീറ്റയില്‍ ഏതു വിഷാംശമാണ് കലര്‍ന്നിരിക്കുന്നതെന്നു വിദഗ്ധ പരിശോധനയിലേ കണ്ടെത്താനാകൂ.
വയറിളക്കവും പനിയും തീറ്റ എടുക്കാത്തതുമായിരുന്നു രോഗത്തിന്റെ തുടക്കം. പാല്‍ ഉല്‍പാദനം ഗണ്യമായി കുറയുകയും ചെയ്തു. കഴിഞ്ഞ 24നു വിതരണം ചെയ്ത കാലിത്തീറ്റയിലാണു പ്രശ്‌നം കണ്ടെത്തിയത്. രണ്ടുമൂന്നു ദിവസമായി ചില പശുക്കളില്‍രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഓരോ ക്ഷീരകര്‍ഷകനും അടുത്തുള്ള മൃഗാശുപത്രിയെ സമീപിച്ചപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
ചമ്പക്കര ആപ്‌കോസ് പ്രസിഡന്റ് ജോജോ ജോസഫിന്റെ ഫാമിലെ 30 പശുക്കള്‍ക്കാണു വയറിളക്കവും പനിയും ബാധിച്ചത്. 250 ലിറ്ററിലധികം പാല്‍ അളന്നിരുന്ന ഇദ്ദേഹത്തിന്റെ ഫാമിലെ ഉത്പാദനം ഇന്നലെ 100 ലിറ്ററില്‍ താഴെയായി. കൊടുങ്ങൂര്‍ ക്ഷീരോത്പാദന സംഘത്തിലും 30ലധികം പശുക്കള്‍ക്കു ഭക്ഷ്യവിഷ ബാധ ഏറ്റിട്ടുണ്ടന്ന് പ്രസിഡന്റ് ജോജി ജോണും സെക്രട്ടറി വി.എന്‍. മനോജും അറിയിച്ചു.
പാമ്പാടി ഈസ്റ്റ് ക്ഷീരോത്പാദക സംഘത്തിലെത്തിയ കെ.എസ്. കാലിത്തീറ്റ കമ്പനി ഉദ്യോഗസ്ഥര്‍ ക്ഷീരകര്‍ഷകരുടെ വീടുകളിലെത്തി പരിശോധന നടത്തി. ഇവിടെയും 30 തിലധികം കന്നുകാലികള്‍ക്കു വിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിനു പരിഹാരമുണ്ടാക്കണമെന്നു ക്ഷീര വകുപ്പിനോടും കെ.എസ്. കാലിത്തീറ്റ കമ്പനിയോടും വാഴൂര്‍ ബ്ലോക്ക് ക്ഷീര വ്യവസായ സഹകരണ സംഘം അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടു. വിഷാംശം കലര്‍ന്ന കാലിത്തീറ്റ സംഘങ്ങളില്‍ തിരികെ എത്തിക്കണമെന്നും സംഘങ്ങളില്‍ സ്‌റ്റോക്കിരിക്കുന്നവ വിതരണം ചെയ്യരുതെന്നും കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























