വീണ്ടും പഴയ കളികളിലേക്ക്... സര്‍വീസില്‍ നിന്നും വിരമിച്ച് ആഴ്ചകള്‍ക്കുള്ളില്‍ എം ശിവശങ്കര്‍ അറസ്റ്റില്‍; ലൈഫ് മിഷന്‍ കോഴക്കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്; കോഴ ഇടപാടില്‍ ശിവശങ്കരന്റെ പങ്കില്‍ തെളിവ് ലഭിച്ചെന്ന് ഇഡി

അറസ്റ്റും ബഹളവും കഴിഞ്ഞ് സര്‍വീസില്‍ കയറി സുഖമായി റിട്ടയര്‍ ചെയ്ത എം ശിവശങ്കരന്‍ വീണ്ടും പെട്ടിരിക്കുകയാണ്. മൂന്ന് ദിവസമായി തുടര്‍ന്ന ചോദ്യംചെയ്യലിനൊടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷന്‍ കോഴക്കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുറ്റസമ്മത മൊഴിയില്ലാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു. മൂന്ന് ദിവസമായി ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു. കോഴ ഇടപാടില്‍ ശിവശങ്കരന്റെ പങ്കില്‍ തെളിവ് ലഭിച്ചെന്ന് ഇ ഡി പറയുന്നു.
ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കരന്റേത്. ചോദ്യം ചെയ്യലുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്. ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. തന്റെ പേരില്‍ ഉള്ളത് കെട്ടിച്ചമച്ച കഥയാണ്.
സ്വപ്ന സുരേഷിന്റെ ലോക്കറിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി. സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് പിടികൂടിയ പണം ലൈഫ് മിഷന്‍ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസില്‍ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4. 48 കോടി കോഴ നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര പ്രതികരിച്ചു.
പിണറായി സര്‍ക്കാരിലെ പരമോന്നത പദവിയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടിയില്‍ വരെ എത്തി വിവാദച്ചുഴികളില്‍ വീണ് പോയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എം.ശിവശങ്കര്‍. കായിക, യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കസേരയില്‍ നിന്നായിരുന്നു സര്‍വ്വീസിലെ പടിയിറക്കം. ഒന്നാം പിണറായി സര്‍ക്കാരില്‍ എല്ലാം എം ശിവശങ്കറായിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സ്വപ്ന പദ്ധതികള്‍ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍, എന്തിലും ഏതിലും മുഖ്യമന്ത്രി ഉപദേശം തേടിയും ഏതു വകുപ്പിലും ഇഷ്ടം പോലെ ഇടപെട്ടും നയപരമായ വിഷയങ്ങളില്‍ പോലും വളയമില്ലാതെ ചാടിയും കാര്യം നടത്തുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ സൂപ്പര്‍ സെക്രട്ടറി. ആരും പ്രതീക്ഷിക്കാത്ത നേരത്താണ് വിവാദങ്ങള്‍ എം ശിവശങ്കറിനെ അടിച്ചിടുന്നത്.
സ്പ്രിംഗ്‌ളര്‍ മുതല്‍ ബെവ്‌കോ ആപ്പ് വരെ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ കത്തിപ്പടര്‍ന്നപ്പോഴെല്ലാം ശിവശങ്കറായിരുന്നു കേന്ദ്രബിന്ദു. പ്രതിപക്ഷത്തിന്റെ പടപ്പുറപ്പാടോ പാര്‍ട്ടിക്കും മുന്നണിക്കും അകത്തുയര്‍ന്ന മുറുമുറുപ്പോ പക്ഷെ മുഖ്യമന്ത്രി കണക്കിലെടുത്തില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്ക് പറ്റി സ്വര്‍ണ്ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞുമില്ല.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നല്‍കാന്‍ ഇടപെട്ടെന്ന കണ്ടെത്തലോടെ സസ്‌പെന്‍ഷന്‍. എം ശിവശങ്കര്‍ 98 ദിവസം ജയിലില്‍. ജയില്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകത്തിനെതിരെ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വന്‍ വെളിപ്പെടുത്തലുകള്‍. അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് നടപടി ഉണ്ടായില്ല. ശിവശങ്കര്‍ ഇടപെട്ട കേസുകളിലെല്ലാം മെല്ലെപ്പോക്കെന്നാണ് ആക്ഷേപം, സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവില്‍ ശിവശങ്കറിന് നല്‍കിയതും ഭേദപ്പെട്ട പരിഗണനയാണ്.
https://www.facebook.com/Malayalivartha


























