കോഴിക്കോട് വീട്ടിലേക്ക് രാത്രിയില്‍ അതിക്രമിച്ച് കയറി വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്‌കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് ചെറുവണ്ണൂര്‍ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിന്റെ വീട്ടിലേക്ക് രാത്രിയില്‍ അതിക്രമിച്ച് കയറി വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്‌കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ചെറുവണ്ണൂര്‍ കൊളത്തറ പാറക്കണ്ടി നൂര്‍ മഹല്‍ സുല്‍ത്താന്‍ നൂര്‍ (22), കത്തിക്കാനായി നിര്‍ദ്ദേശം കൊടുത്ത ചെറുവണ്ണൂര്‍ കണ്ണാട്ടികുളം ഊട്ടുകളത്തില്‍ സജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏകദേശം 12 മണി സമയത്ത് ഒരാള്‍ ആനന്ദ് കുമാറിന്റെ വീട്ടുവളപ്പില്‍ മൂന്ന് കുപ്പികളില്‍ പെട്രോളുമായി കയറുന്നതും കാറിലും ബൈക്കിലും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഓടി പോകുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസിന് കിട്ടിയിരുന്നു. സംഭവ സമയത്ത് വീട്ടില്‍ പ്രായമായ അമ്മ ഉള്‍പ്പെടെ മൂന്ന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. തീ വീട്ടിലേക്ക് പടരുന്നത് നാട്ടുകാര്‍ കണ്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായി.
തുടര്‍ന്ന് സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി രാജ്പാല്‍ മീണ ഐ പി എസിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നല്ലളം പോലീസും സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും സമീപ പ്രദേശങ്ങളിലെയും പെട്രോള്‍ പമ്പുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതേ തുടര്‍ന്ന് പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. സുല്‍ത്താനെ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സജിത്ത് തന്റെ സ്വാധീനം ഉപയോഗിച്ച് വയനാട്ടിലേക്ക് ഒളിപ്പിക്കാനായി ശ്രമിച്ചെങ്കിലും സുല്‍ത്താനെ സാഹസികമായി പിടികൂടുകയുമായിരുന്നു.
നല്ലളം പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സുല്‍ത്താന്റെ പേരില്‍ അടിപിടി കേസുകളും ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് സജിത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചത്. പിന്നീട് സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദിച്ചതില്‍ സുഹൃത്തിനെ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മര്‍ദ്ദിച്ചതിന്റെ പ്രതികാരമായിട്ടാണ് കുറ്റകൃത്യത്തിനായി സുല്‍ത്താനെ ഏല്‍പ്പിച്ചതെന്ന് പോലീസിനോട് പറഞ്ഞു.
സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടി കൂടാന്‍ പൊലീസിനായി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha


























