അടുത്ത ഊഴം സി.ബി.ഐ.യുടേത്... ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്ന സുരേഷിന്റെ മൊഴി; 6 കോടിയുടെ കോഴപ്പണത്തിന്റെ ഉറവിടം തേടി അന്വേഷണ സംഘം; നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റ്

എല്ലാ കേസുകളില്‍ നിന്നും രക്ഷപ്പെട്ടു എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് എം ശിവശങ്കറിന്റെ മറ്റൊരു നാടകീയ അറസ്റ്റ്. ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്ന സുരേഷിന്റെ മൊഴിയാണ്. ഇ.ഡി.ക്ക് സ്വപ്ന സുരേഷ് ജയിലില്‍ വെച്ച് നല്‍കിയ മൊഴിയില്‍ ആറ് കോടി രൂപയാണ് കോഴപ്പണം എന്ന് വെളിപ്പെടുത്തിയിരുന്നു.
ഖാലിദിനു നല്‍കിയ 3.80 കോടി രൂപ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് ഇതോടെ വ്യക്തമായിരുന്നു. ഇതാണ് ലൈഫ് മിഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇ.ഡി.യെ പ്രേരിപ്പിച്ച ഘടകം.സരിത്താണ് ശിവശങ്കറിന്റെ അടുക്കലേക്ക് കൊണ്ടുപോയതെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു.
ലൈഫ് മിഷന്റെ ചുമതലക്കാരന്‍ എന്ന നിലയിലാണ് ശിവശങ്കറിനെ പരിചയപ്പെടുത്തിയത്. മേല്‍നോട്ടം ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. യു.വി. ജോസിനെ ആ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് യു.വി. ജോസിനെ രണ്ടുമൂന്നുവട്ടം വീണ്ടും കണ്ടിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.
ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ.യുടെ അന്വേഷണവും നടക്കുന്നുണ്ട്. എം. ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ ഇതുവരെ അറസ്റ്റിന്റെ സൂചനയൊന്നും സി.ബി.ഐ. നല്‍കിയിട്ടില്ലെങ്കിലും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്നലെ രാത്രി 11.45 നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇതോടെ നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. കഴിഞ്ഞ 31നാണു ശിവശങ്കര്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. ഇഡിയുടെ കൊച്ചി ഓഫിസില്‍ വെള്ളി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണു ശിവശങ്കറെ ചോദ്യം ചെയ്തത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ഇപ്പോള്‍ ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികളില്‍ എന്‍ഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേര്‍ക്കാത്തത്.
വൈദ്യ പരിശോധനകള്‍ക്കു ശേഷം ശിവശങ്കറിനെ ഇന്നു രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസില്‍ ഇഡി ശിവശങ്കറെ പ്രതി ചേര്‍ക്കാന്‍ കാരണമായത്.
യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്.
പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്നു നിര്‍മാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഇതില്‍ പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തും.
"
https://www.facebook.com/Malayalivartha


























