നെടുമങ്ങാട് പോലീസ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ പ്രതികള്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തു

നെടുമങ്ങാട് പോലീസ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ പ്രതികള്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തു.
വിചാരണയക്കിടെ ഇര നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഒഴിവാക്കിയ പ്രതികളെ കോടതി നേരിട്ട് പ്രതികളാക്കിയത്. ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
നെടുമങ്ങാട് നെട്ടറക്കോണം ഷിബു, ആര്യനാട് അജയന്‍ എന്നീ പ്രതികളാണ് കോടതിയിലെത്തി ജാമ്യം എടുത്ത് വിചാരണയെ നേരിടുന്നത്. ഇവരുടെ കളള് ഷാപ്പിലെ ജീവനക്കാരനായ ആനാട് നാഗഞ്ചേരി സ്വദേശി ലാലു എന്ന ബാലചന്ദ്രനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ആണ് കോടതി പരിഗണിച്ചത്.
കേസ് വിചാരണ ദിവസം തന്നെ വെട്ടിയത് ഷിബുവും അജയനുമാണെന്ന് പോലീസിനോട് പറഞ്ഞിട്ടും അവരെ നെടുമങ്ങാട് പോലീസ് പ്രതികളാക്കിയില്ലെന്ന് ബാലചന്ദ്രന്‍ കോടതിയെ അറിയിച്ചു.
സാക്ഷി പറഞ്ഞത് സത്യമാണെന്നും ഇക്കാര്യം അന്നത്തെ എസ്. ഐ ആയിരുന്ന ആര്‍. വിജയന്‍ അന്നത്തെ സി.ഐ യും ഇപ്പോള്‍ എക്സ്സൈ് വിജിലന്‍സ് എസ്. പി യുമായിരുന്ന കെ. മുഹമ്മദ് ഷാഫിയോട് പറഞ്ഞിട്ടുളളതായി കേസ് ഡയറിയില്‍ ഉണ്ടെന്ന കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സാക്ഷി പേര് പറഞ്ഞ ഷിബുവിനെയും അജയനെയും പ്രതിയാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ തന്നെ ഹര്‍ജിയും ഫയല്‍ ചെയ്തു.പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
2008 ഏപ്രില്‍ 15 നാണ് പ്രതികള്‍ ബാലചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതികളുടെ ഉടമസ്ഥതയിലുളള കളള് ഷാപ്പിലെ കളളിന് വീര്യം കൂട്ടാന്‍ വ്യാജ സ്പിരിറ്റ് ചേര്‍ക്കാന്‍ ബാലചന്ദ്രന്‍ തടസമായി നിന്നതാണ് ആക്രമിയക്കാന്‍ ഇടയാക്കിയത്. പ്രധാന പ്രതികളായ നെട്ടറക്കോണം ഷിബുവിനെയും ആനാട് അജയനെയും ഒഴിവാക്കി മറ്റ് ആറ് പേരെ പ്രതി ചേര്‍ത്താണ് നെടുമങ്ങാട് പോലീസ് കുറ്റപത്രം നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha


























