ഇനി പത്തുനാള്‍ ഉത്സവലഹരിയില്‍ .... ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ ആരംഭിച്ച് മാര്‍ച്ച് 8ന് സമാപിക്കും.... പുലര്‍ച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്, പൊങ്കാല മാര്‍ച്ച് 7 ന്
ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ ആരംഭിച്ച് മാര്‍ച്ച് 8ന് സമാപിക്കും. ഭക്ത ലക്ഷങ്ങള്‍ കാത്തിരിക്കുന്ന പൊങ്കാല മാര്‍ച്ച് 7നാണ്. രാവിലെ 10.30ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. ഇത്തവണ 50 ലക്ഷം പേര് പൊങ്കാലയിടാനെത്തുമെന്നാണ് പ്രതീക്ഷ. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷവും വീടുകളിലായിരുന്നു പൊങ്കാല.
അതേസമയം പുലര്‍ച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. മാര്‍ച്ച് ഏഴിനാണ് ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി ബ്രഹ്മശ്രീ പി കേശവന് നമ്പൂതിരിക്ക് കൈമാറും.
മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകര്‍ന്നശേഷം ദീപം സഹമേല്‍ശാന്തിക്ക് കൈമാറും, സഹമേല്‍ശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരും. പകല്‍ 2.30ന് ഉച്ചപൂജയും പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍നിന്ന് 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
2020ലെ പൊങ്കാലയേക്കാള്‍ 40 ശതമാനം അധികം പേര് എത്തുമെന്നാണ് പ്രതീക്ഷ. പത്ത് ദിവസത്തെ ഉത്സവത്തില്‍ 45 ലക്ഷത്തോളം പേര് എത്തിയേക്കും. ഇത്തവണ 10-12 പ്രായക്കാരായ കുട്ടികളെ മാത്രമാണ് കുത്തിയോട്ടത്തില്‍ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കും വിശ്വാസികള്‍ക്കും പ്രത്യേക മണ്ഡപങ്ങളില്‍ ഭക്ഷണം ഒരുക്കുന്നതാണ്.
ഒമ്പതാം ഉത്സവദിവസമായ മാര്‍ച്ച് ഏഴിന് രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടക്കും. എട്ടിന് രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം രാത്രി ഒന്നിന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കുന്നതാണ്.
https://www.facebook.com/Malayalivartha