ലാപ്‌ടോപ്പ് അഴിമതി ശിവശങ്കര്‍ വഴി, കേന്ദ്രം പിണറായിയെ പൊക്കും.
പൊതു - സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് ആദ്യമായി ലാപ്ടോപ് ഇറക്കി വിപണി കീഴടക്കാനിറങ്ങിയ കൊക്കോണിക്സില്‍ കൈപൊള്ളി സര്‍ക്കാര്‍.സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച 'കൊക്കോണിക്സ്' പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉത്പാദനരംഗത്തെ ആഗോള കമ്പനിയായ യു.എസ്.ടി. ഗ്ലോബല്‍, ഇന്റല്‍, കെ.എസ്.ഐ.ഡി.സി., സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമായാണ് കൊക്കോണിക്സ് വിഭാവനം ചെയ്തത്.
ശിവശങ്കര്‍ വിഭാവനം ചെയ്ത നിരവധി പദ്ധതികള്‍ വിവാദമായിട്ടുണ്ട്. അതുപോലെയിപ്പോള്‍ കൊക്കോണിക്‌സും അഴിമതിയുടെ ആഴങ്ങളിലേയ്ക്ക വീണു കൊണ്ടിരിക്കുകയാണ്. കൊക്കോണിക്‌സ് അഴിമതി അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്ന ആവശ്യം പ്രതിപക്ഷത്തിന്റെ ഭാഗമായി രംഗത്ത് വന്നിട്ടുണ്ട്.
കെല്‍ട്രോണിന്റെ ഭാഗമായ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ് സര്‍ക്യൂട്ട് നിര്‍മാണശാലയാണ് കൊക്കോണിക്സിന് നിര്‍മ്മാണത്തിനായി പാട്ടത്തിന് കൈമാറിയത്. ഇതിനായി കടമെടുത്ത മൂന്നര കോടി കൊണ്ട് നിര്‍മാണശാല പുതുക്കിപ്പണിതു. വര്‍ഷം രണ്ടര ലക്ഷം ലാപ്ടോപ് നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്ടോപ്പുകളേക്കാള്‍ വിലക്കുറവില്‍ ഗുണമേന്മയുള്ള ലാപ്ടോപ് ഇറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
കുറഞ്ഞ വിലയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് നല്‍കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലും കൊക്കോണിക്സ് വാങ്ങണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. അങ്ങനെ വലിയ പ്രഖ്യാപനങ്ങളോടെ 2019-ല്‍ കൊക്കോണിക്സിന്റെ പിറവിയുണ്ടായി. അക്കാലത്ത് കൈയടി നേടിയ പല പ്രഖ്യാപനങ്ങളിലുമെന്നപോലെ പതിവുപോലെ എം. ശിവശങ്കര്‍ തന്നെയാണ് കൊക്കോണിക്സിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്നത് പരസ്യമായ രഹസ്യം. വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമൊക്കെയായി വര്‍ഷം രണ്ട് ലക്ഷം ലാപ്ടോപ് വേണ്ടിവരുമെന്നായിരുന്നു കണക്കുകൂട്ടല്‍.
പെട്ടെന്ന് വിപണി പിടിക്കാന്‍ മെമ്മറിയും പ്രോസസ്സറും അടക്കം 60% ഘടകങ്ങളും ഇറക്കുമതി ചെയ്ത് മണ്‍വിളയിലെ കേന്ദ്രത്തില്‍ കൂട്ടിയോജിപ്പിച്ച് ഉത്പന്നം വിപണിയിലെത്തി. കുറഞ്ഞ വിലയ്ക്ക് കുട്ടികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്നതിന് 'വിദ്യാകിരണം' പദ്ധതികളുണ്ടാക്കി. ഇതിനെല്ലാം പിന്നാലെ പ്രശ്‌നങ്ങള്‍ ജാഥപോലെ എത്തി. ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് മുമ്പെ പൂര്‍ത്തിയാക്കേണ്ട പല ഗുണനിലവാര പരിശോധനകളും കാര്യമായി നടത്തിയിരുന്നില്ലെന്ന് സംശയിക്കുന്ന തരത്തിലുള്ള പരാതികളാണ് ആദ്യമെത്തിയത്.
കേരളത്തിനിതാ ഒരു സ്വന്തം ലാപ്ടോപ്പെന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 2019-ല്‍ കൊക്കോണിക്സ് പദ്ധതി പ്രഖ്യാപിച്ചത്. സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പദ്ധതിയെന്നും, സ്വകാര്യ കമ്പനിയെ സഹായിക്കാനുളള പദ്ധതിയെന്നുമെല്ലാം തുടക്കം മുതലേ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു എന്നാല്‍, വിമര്‍ശനങ്ങളെ അവഗണിച്ചാണ് കൊക്കോണിക്സുമായി സംസ്ഥാന വ്യവസായ വകുപ്പ് മുന്നോട്ടു പോയത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കു തന്നെ പ്രതിവര്‍ഷം ഒരു ലക്ഷം കമ്പ്യൂട്ടറുകളെങ്കിലും വില്‍ക്കാമെന്നും പൊതുവിപണിയിലെ കച്ചവടം കൂടിയാകുമ്പോള്‍ വര്‍ഷം രണ്ടു ലക്ഷം കമ്പ്യൂട്ടറെങ്കിലും വിറ്റു പോകുമെന്നുമായിരുന്നു കണക്കുകൂട്ടല്‍.
ഗുണനിലവാരത്തിലെ പ്രശ്നങ്ങളും അമിതവിലയുമാണ് കൊക്കോണിക്സിനെ ഓണ്‍ലൈന്‍ വില്പനയില്‍ അപ്രിയമാക്കിയതെന്ന് ആരോപണമുണ്ട്. കൊക്കോണിക്സിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് ലക്ഷം ലാപ്ടോപ്പുകള്‍ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ കുറഞ്ഞത് 10,000 ലാപ്ടോപ് എങ്കിലും വിറ്റ കമ്പനിയെ മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാവു എന്ന വ്യവസ്ഥയുള്‍പ്പെടുത്തി കൊക്കോണിക്സിനെ സര്‍ക്കാര്‍ 'നൈസായി' ഒഴിവാക്കി.
എന്നാലിപ്പോള്‍ കൊക്കോണിക്‌സിനായി സാധനങ്ങള്‍ വാങ്ങിയതിലും ,കൊക്കോണിക്‌സിനെ തകര്‍ത്ത് സ്വകാര്യ കമ്പനികള്‍ക്ക് കച്ചവടത്തിന് അവസരമുണ്ടാക്കി കൊടുത്തതും ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള കോക്കസാണെന്നാണ് ആരോപണം ഉയരുന്നത്. അതു കൊണ്ട് കേന്ദ്രം അടിയന്തിര അേേന്വഷണത്തിന് തയ്യാറാകണമെന്നാണ് ആവശ്യമുയര്‍ന്നു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha



























