ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും... വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷൻ ബഞ്ച് പരിഗണിക്കും! ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്കരണത്തിന് അമ്പലമേട്ടിൽ സ്ഥലം കണ്ടെത്തി

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പുക ശമിപ്പിക്കുന്നതിന് ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. എന്നാൽ ഇന്ന് പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങളും തുടങ്ങും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികൾ, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി. വ്യാഴാഴ്ച 4.15നാണ് പ്ലാന്റിൽ തീപിടിത്തം ഉണ്ടായത്. മാലിന്യം കൂടിക്കിടന്ന 104 ഏക്കറിലും തീപടർന്ന് പിടിച്ചിരുന്നു. വിഷപ്പുക നഗരത്തിൽ പടരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നൽകിയ കത്തിനെ തുടർന്ന് ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ്, കൊച്ചി നഗരസഭ എന്നിവരാണ് ഹരജിയിലെ എതിർ കക്ഷികൾ. അഞ്ചു ദിവസമായി അർബുദംവരെ ബാധിക്കാവുന്ന വിഷപ്പുകയാണ് കൊച്ചി നഗരവാസികൾ ശ്വസിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിൽ ചൂണ്ടിക്കാട്ടി. ഈ നില തുടരുന്നത് അപകടമാണ്. വിഷപ്പുക തടയാനും ബ്രഹ്മപുരത്തെ തീയണക്കാനും വേണ്ട ക്രമീകരണം ചെയ്യാൻ നിർദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്കരണത്തിന് അമ്പലമേട്ടിൽ സ്ഥലം കണ്ടെത്തി. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താൽക്കാലികമായി സംസ്കരിക്കുക. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോർപ്പറേഷന് നിർദേശം നൽകി. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കില്ല.
https://www.facebook.com/Malayalivartha


























