വയനാട്ടിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതിനല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

വയനാട്ടിലെ ആരോഗ്യ കാര്‍ഷിക മേഖലയോട് സര്‍ക്കാരിന് അവഗണനയെന്ന് രാഹുല്‍ ഗാന്ധി എംപി. മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതിനല്‍കിയിട്ടും നിസ്സംഗത തുടരുകയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വയനാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി സംവദിക്കവെയാണ് രാഹുല്‍, മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. വയനാട്ടിലെത്തിയ രാഹുല്‍, ബാംഗ്ലൂര്‍ കേരളസമാജം സാന്ത്വന ഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിച്ചു. 2019 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കാണ് പുതിയ വീടുകള്‍ നല്‍കിയത്.
കല്‍പ്പറ്റയില്‍ യുഡിഎഫ് ജനപ്രതിനിധികളുമായി നടന്ന സംവാദത്തില്‍ വന്യമൃഗശല്യവും ബഫര്‍സോണും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. ഇതിന് ശേഷമാണ് മേപ്പാടിയില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാലര വയസുകാരന്‍ മുഹമ്മദ് യാമിന്റെ കുടുംബത്തെ രാഹുല്‍ സന്ദര്‍ശിച്ചത്.
മുട്ടില്‍ വാര്യാട് വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ ഷെരീഫിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും രാഹുല്‍ഗാന്ധി എത്തി. ഷെരീഫിന്റെ ഓട്ടോയില്‍ കയറിയതും സംസാരിച്ചതിന്റെയും ഓര്‍മ്മകള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രാഹുല്‍ നേരത്തെ പങ്കുവെച്ചിരുന്നു. വൈകീട്ട് സ്വകാര്യ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷം രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധി എം പിയുടെ വയനാട് മണ്ഡല സന്ദര്‍ശനം പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha


























