ഹോസ്റ്റലില്‍ സഹപാഠിയെ പൊള്ളലേല്‍പ്പിച്ച സംഭവം... ആന്ധ്ര സ്വദേശിനി ലോഹിതയെ റിമാന്‍ഡ് ചെയ്തു

വെള്ളായണി കാര്‍ഷിക കോളേജ് വനിത ഹോസ്റ്റലില്‍ സഹപാഠിയെ ചൂട് കറിപ്പാത്രം കൊണ്ട് മാരകമായി പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ആന്ധ്ര സ്വദേശിനി ലോഹിതയെ റിമാന്‍ഡ് ചെയ്തു. കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ദീപികയ്ക്കാണ് മാരകമായി പൊള്ളലേറ്റത്. മുറിവില്‍ മുളകുപൊടിയും വിതറി ക്രൂരത കാണിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് തിരുവല്ലം എസ്.എച്ച്. ഒ രാഹുല്‍ രവീന്ദ്രന്‍ പറഞ്ഞു.
സംഭവത്തില്‍ കോളേജ് തലത്തിലുള്ള അന്വേഷണവും നടക്കുകയാണ്. ഒരു അഭിഭാഷകയെ കൂടാതെ കോളേജിലെ മൂന്ന് അദ്ധ്യാപകരുള്‍പ്പെട്ട സംഘം ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കോളേജ് ഡീന്‍ ഡോ.റോയ് സ്റ്റീഫന്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞ വ്യാഴാഴ്ച വകുപ്പു മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥസംഘം കാര്‍ഷിക കോളേജിലെത്തി വിവരം ശേഖരിച്ചു.18ന് നടന്ന സംഭവം ഒരാഴ്ചയ്ക്ക് ശേഷമാണ് പുറത്തറിഞ്ഞത്. കോളേജ് അധികൃതര്‍ സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുണ്ട്.
ഗുരുതര പൊള്ളലേറ്റ ദീപിക നാട്ടിലെത്തിയ ശേഷം ചികിത്സയുടെ വീഡിയോ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും കോളേജ് അധികൃതര്‍ക്കും അയച്ചതോടെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായത്. സംഭവത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിയുള്‍പ്പെടെ മൂന്നുപേരെ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം മലയാളികളുടെ ഭക്ഷണം ശരിയാകില്ലെന്ന് പറഞ്ഞാണിവര്‍ സ്വന്തമായി ഹോസ്റ്റല്‍ മുറിയില്‍ പാചകം ചെയ്തിരുന്നത്. പാചകത്തിനുള്ള അനുവാദം അധികൃതര്‍ നല്‍കിയിട്ടില്ല. അനുവാദമില്ലാതെയാണ് ഇന്‍ഡക്ഷന്‍ കുക്കറും പാത്രങ്ങളും സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങളായി ഹോസ്റ്റല്‍ റൂമുകള്‍ പരിശോധന നടത്താത്തതും പാചക ഉപകരണങ്ങള്‍ സൂക്ഷിച്ചതും ഹോസ്റ്റല്‍ അധികൃതരുടെ മൗനസമ്മതത്തോടെയാണ്.
https://www.facebook.com/Malayalivartha






















