സ്വന്തം ഹോട്ടലിനോട് ചേര്‍ന്ന് മുറിയുണ്ടായിട്ടും കാസ ഹോട്ടലില്‍ രണ്ട് മുറിയെടുത്തതില്‍ ദുരൂഹത...

കൊല്ലപ്പെട്ട സിദ്ദിഖിന് ഒളവണ്ണയില്‍ സ്വന്തം ഹോട്ടലിനോട് ചേര്‍ന്ന് മുറിയുണ്ടായിട്ടും കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷന് സമീപത്തെ കാസ ഹോട്ടലില്‍ മുറിയെടുത്തതില്‍ ദുരൂഹത. സിദ്ദിഖിന്റെ പേരിലാണ് ഹോട്ടലില്‍ രണ്ടു മുറിയും എടുത്തിരുന്നത്. രണ്ടു മുറിയുടെയും വാടക നല്‍കിയതും സിദ്ദിഖ് ആണെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കുന്ന മൊഴി. ഇതില്‍ ജി 3 മുറിയില്‍ ഷിബിലിയും ഫര്‍ഹാനയുമാണ് താമസിച്ചത്.
ജി 4ല്‍ സിദ്ദിഖും. ഈ മുറിയില്‍ വച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹോട്ടലിലെ സി.സി ടിവി പ്രവര്‍ത്തന രഹിതമായതിനാല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനായില്ല. ഇന്ന് രാവിലെ സമീപത്തെ വസ്ത്ര വില്‍പ്പനശാലയിലെ സി.സി ടിവി പരിശോധിച്ചപ്പോഴാണ് മൃതദേഹമടങ്ങിയ ബാഗ് കാറിലേക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ജീവനക്കാര്‍ മുറിയില്‍ രക്തക്കറ കണ്ടിരുന്നു. എന്നാല്‍ ആര്‍ത്തവ രക്തമാണെന്നാണ് പ്രതികളായ ഷിബിലിയും ഫര്‍ഹാനയും ജീവനക്കാരോട് പറഞ്ഞത്. രണ്ടുമുറികളില്‍ ഒന്ന് സംഭവശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഒരു മുറി കസ്റ്റമര്‍ ഉപയോഗിച്ചെന്നും ജീവനക്കാര്‍ മൊഴി നല്‍കി.
ഒളവണ്ണ ടൗണിലെ ചിക്ക് ബേക്ക് ഉടമയാണ് സിദ്ദിഖ്. ഹോട്ടലും ബേക്കറിയുമടങ്ങുന്നതാണ് സ്ഥാപനം. ഇതടക്കമുള്ള കടകള്‍ പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗും സിദ്ദിഖിന്റേതാണ്. അവിടെ സിദ്ദിഖിന് സ്വന്തമായി മുറിയുണ്ട്. ആഴ്ചയില്‍ നാലുദിവസം സിദ്ദിഖ് വീട്ടില്‍ പോകും. ബാക്കി ദിവസങ്ങളില്‍ ഹോട്ടലിന് മുകളിലെ മുറിയിലാണ് താമസം.
സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയത് 18നാണ്. അന്ന് ഉച്ചയോടെയാണ് വീട്ടില്‍ നിന്ന് സിദ്ദിഖ് ഹോട്ടലില്‍ എത്തിയതെന്ന് അവിടത്തെ പാചകത്തൊഴിലാളിയായ യൂസഫ് പറയുന്നു. പ്രതി ഷിബിലിയുമായി സിദ്ദിഖിന് മുന്‍പരിചയമില്ലായിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ ഏതോ ബന്ധുമുഖേനയാണ് ഷിബില്‍ ഹോട്ടല്‍ ജോലിക്കെത്തിയത്. സപ്ലെയും ജ്യൂസ് അടിക്കലുമൊക്കെയായിരുന്നു ഷിബിലിന്റെ ജോലി. 15 ദിവസം മാത്രമാണ് ഷിബില്‍ ജോലിക്കുണ്ടായിരുന്നത്.പെരുമാറ്റദൂഷ്യം കാരണം 18ന് ഷിബിലിനെ സിദ്ദിഖ് പുറത്താക്കിയിരുന്നു. മുഴുവന്‍ ശമ്പളവും നല്‍കിയിരുന്നതായും യൂസഫ് പറയുന്നു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തത്. അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോള്‍ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോണ്‍ സ്വിച്ച് ഓഫായി. പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തതായി വിവരം ലഭിക്കുന്നത്.
https://www.facebook.com/Malayalivartha






















