ഒളിച്ചിട്ടും ഒളിക്കാനാവാതെ... ഷിബിലിയും ഫര്‍ഹാനയും അടുത്തത് വീട്ടുകാര്‍ നല്‍കിയ പോക്സോ കേസിന് ശേഷം; അത് മറ്റൊരു ബന്ധമായി വളര്‍ന്നു; സിദ്ധിഖ് ഇടങ്കോലായതോടെ പൂട്ടിട്ടു; സിദ്ദിഖിന്റെ മരണകാരണം നെഞ്ചിനേറ്റ ചവിട്ട്; ശരീരം വെട്ടിമുറിച്ചത് മരിച്ച ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

വല്ലാത്തൊരു ജീവിതമാണ് ഷിബിലിയുടേതും ഫര്‍ഹാനയുടേയും. ആദ്യം ശത്രുക്കളായി തുടങ്ങി. അവസാനം ചങ്കിന്റെ ചങ്കായി. 2021 ജനുവരിയില്‍ ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ ഷിബിലിയുടെ പേരില്‍ ഫര്‍ഹാനയുടെ വീട്ടുകാര്‍ പോക്സോ കേസ് ഫയല്‍ചെയ്തിരുന്നു. ആ കേസിനു ശേഷമാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായതെന്നാണ് സൂചന.
വല്ലപ്പുഴ സ്വദേശിയായ ഷിബിലിയുടെ സുഹൃത്താണ് ചളവറ സ്വദേശിയായ ഫര്‍ഹാന. 2018-ല്‍ നെന്മാറയില്‍ വഴിയരികില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. അന്ന് ഫര്‍ഹാനയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ഷിബിലി ആലത്തൂര്‍ സബ് ജയിലില്‍ കഴിഞ്ഞു. അടുത്തിടെ കാറല്‍മണ്ണയില്‍ ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഫര്‍ഹാന സ്വര്‍ണവുമായി മുങ്ങിയെന്ന് പരാതിയുണ്ട്.
സ്വര്‍ണമെടുത്തത് താനാണെന്ന് കത്തെഴുതിവെച്ചാണ് ഫര്‍ഹാന പോയതെന്നാണ് വിവരം. അന്ന് ഫര്‍ഹാന, ഷിബിലിക്കൊപ്പം ചെന്നൈയിലേക്കു പോവുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂറിനെ ചളവറയിലെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തു.
സിദ്ദിഖിനെ മൂവര്‍സംഘം കൊലപ്പെടുത്തിയെന്ന് കരുതുന്ന ഹോട്ടലില്‍നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളില്‍ ഗഫൂറും ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. 23 മുതല്‍ ഫര്‍ഹാനയെ കാണാനില്ലെന്ന് കുടുംബം ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതിനല്‍കിയിരുന്നു. 24-ന് രാത്രി ഫര്‍ഹാനയുടെ വീട്ടില്‍ മൂന്നു വാഹനങ്ങളിലായാണ് മഫ്ടിയില്‍ പോലീസ് എത്തിയത്. ഗഫൂറിനെ ഇതുവരെ വിട്ടയച്ചിട്ടില്ലെന്നറിയുന്നു. പിറ്റേന്ന് വീണ്ടുമെത്തിയ പോലീസ് ഫര്‍ഹാനയുടെ പിതാവ് വീരാന്‍കുട്ടിയെയും കൊണ്ടുപോയെങ്കിലും വൈകീട്ട് തിരിച്ചെത്തിച്ചു.
വീരാന്‍കുട്ടിയുടെപേരില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് പോലീസില്‍ പരാതിയുണ്ട്. ഈ മാസം 13-ന് അയല്‍വാസിയാണ് പരാതിനല്‍കിയത്. തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ദിഖിന്റെ മരണത്തിനിടയാക്കിയത് നെഞ്ചിലേറ്റ ചവിട്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നു ലഭിക്കുന്ന പ്രാഥമിക നിഗമനം. വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്.
സിദ്ദിഖിന്റെ തലയില്‍ അടിയേറ്റ പാടുണ്ടെന്നും മരണശേഷമാണ് ശരീരം വെട്ടിമുറിച്ചതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് കാലുകള്‍ മുറിച്ച് മാറ്റിയതെന്നാണ് സംശയം. സിദ്ദിഖിനെ കൊന്ന് മൃതദേഹം രണ്ടായി വെട്ടിമുറിച്ച് കൊക്കയില്‍ തള്ളിയ കേസില്‍ ഹോട്ടല്‍ ജീവനക്കാരനും കൂട്ടാളികളും അടക്കം മൂന്നുപേരാണ് പിടിയിലായത്. ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും സുഹൃത്തുക്കളായ ഫര്‍ഹാന, ആഷിഖ് എന്നിവര്‍ ചേര്‍ന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊലപാതകം നടത്തിയത്. തുടര്‍ന്ന് മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയില്‍ വലിച്ചെറിഞ്ഞു.
അട്ടപ്പാടി ചുരത്തില്‍ ഒന്‍പതാം വളവിലെ കൊക്കയില്‍ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടായിരുന്നു. സിദ്ദിഖിനെ ആസൂത്രിതമായി കോഴിക്കോട്ടെ ഹോട്ടല്‍ മുറിയിലെത്തിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം, സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയത് 18നാണ്. അന്ന് ഉച്ചയോടെയാണ് വീട്ടില്‍ നിന്ന് സിദ്ദിഖ് ഹോട്ടലില്‍ എത്തിയതെന്ന് അവിടത്തെ പാചകത്തൊഴിലാളിയായ യൂസഫ് പറയുന്നു.
പെരുമാറ്റദൂഷ്യം കാരണം 18ന് ഷിബിലിനെ സിദ്ദിഖ് പുറത്താക്കിയിരുന്നു. മുഴുവന്‍ ശമ്പളവും നല്‍കിയിരുന്നതായും യൂസഫ് പറയുന്നു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തത്. അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോള്‍ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോണ്‍ സ്വിച്ച് ഓഫായി. പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തതായി വിവരം ലഭിക്കുന്നത്.
https://www.facebook.com/Malayalivartha






















