ഗവര്‍ണര്‍ സംഘപരിവാര്‍ അജന്‍ണ്ട നടപ്പിലാക്കുകയാണെന്നു പറയുന്ന മുഖ്യമന്ത്രിയും കേരള സര്‍ക്കാരുമാണ് പ്രധാന ഇടങ്ങളില്‍ സംഘപരിവാറുകാരെ കൊണ്ടിരുത്താന്‍ അവസരമൊരുക്കുന്നതെന്ന തെളിയിക്കാന്‍ കൂടിയാണ് ഗവര്‍ണര്‍ തയ്യാറെടുക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഗവര്‍ണര്‍ കൂടി വിരമിക്കുന്നതോടെ കേരളത്തിലെ ഒന്‍പത് സര്‍വ്വകലാശാലകളിലും വൈസ് ചാന്‍സിലര്‍മാര്‍ ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് എത്തുകയാണ്. നിലവില്‍ താല്കാലികക്കാരെ നിയമിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനമൊഴിയുന്നതുവരെ പിടിച്ചു നില്‍ക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ എട്ടു നിലയില്‍പൊട്ടിയക്കാനുള്ള നടപടിയിലേയ്ക്ക് ഗവര്‍ണറും കടന്നതോടെ വൈസ് ചാന്‍സിലര്‍ നിയമനം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഗവര്‍ണര്‍ സംഘപരിവാര്‍ അജന്‍ണ്ട നടപ്പിലാക്കുകയാണെന്നു പറയുന്ന മുഖ്യമന്ത്രിയും കേരള സര്‍ക്കാരുമാണ് പ്രധാന ഇടങ്ങളില്‍ സംഘപരിവാറുകാരെ കൊണ്ടിരുത്താന്‍ അവസരമൊരുക്കുന്നതെന്ന തെളിയിക്കാന്‍ കൂടിയാണ് ഗവര്‍ണര്‍ തയ്യാറെടുക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
കേരളത്തിലെ സര്‍വ്വകലാശാല വിഷയങ്ങളില്‍ പിണറായി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിന്റെ ക്ലൈമാക്‌സില്‍ എത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ സ്ഥാനത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടായിട്ടു പോലും മിണ്ടാതെ അവസരത്തിനായി കാത്തിരുന്ന ഗവര്‍ണര്‍ക്കിപ്പോള്‍ പൂണ്ടു വിളയാടാന്‍ പറ്റിയ സാഹചര്യമാണ് വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ വന്നിരിക്കുന്നത്. സിപിഎമ്മിന്റെ അനുയായികള്‍ക്കും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് മാത്രം നീക്കി വെ്ച്ചിട്ടുള്ള വൈസ് ചാന്‍സിലര്‍ എന്ന പദവിയിലേയ്ക്ക് അര്‍ഹതയുള്ള അധ്യാപകര്‍ക്ക് എത്തിച്ചേരാനുള്ള അവസരമാണ് ഗവര്‍ണര്‍ ഒരുക്കുന്നത്. അര്‍ഹരായ അധ്യാപകരെ പുറംകാലിനടിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരായ അധ്യാപകരെ വേണ്ടത്ര യോഗ്യത പോലുമില്ലാതെയാണ് വൈസ് ചാന്‍സിലര്‍ തസ്തികയില്‍ നിയമിച്ചു കൊണ്ടിരുന്നത്. സിപിഎമ്മിന്റെ എല്ലാ കൊള്ളത്തരങ്ങള്‍ക്കും കൂട്ടു ന്ില്ക്കുന്നവരെ മാത്രമേ പാര്‍ട്ടി ഭരിക്കുമ്പോള്‍ വൈസ് ചാന്‍സിലര്‍മാരായി നിയമിക്കാന്‍ പാടുള്ളൂവെന്ന അലിഖിത നിയമത്തിനെതിരെയാണ് ഗവര്‍ണര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പടവെട്ടി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കാലാവധി കഴിഞ്ഞ വിസിമാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ കളി തുടങ്ങിയിരിക്കുന്നു വെന്ന വിവരങ്ങളാണ പുറത്തു വരുന്നത്.
സാങ്കേതിക സര്‍വ്വകലാശാല, കേരള, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ വിസി നിയമനത്തില്‍ മാനദണ്ഡം പാലിക്കാതെയു്ള്ളതാണെന്ന് കണ്ടെത്തിയത് നിയമിച്ച ഗവര്‍ണര്‍ തന്നെയാണ്. നിയമനത്തില്‍ തെറ്റുപറ്റിപ്പോയതല്ല, സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചാണ് നിയമനങ്ങള്‍ നടത്തിയതെന്ന വാദവുമായി ഗവര്‍ണര്‍ എത്തിയിരുന്നു. എന്നാല്‍ നിയമനങ്ങളെല്ലാം കോടതി കയറുകയായിരുന്നു. അന്നു മുതല്‍ വിസിമാരുടെ വിഷയത്തില്‍ ഗവര്‍ണര്‍ നടത്തിയ നിയമ പോരാട്ടങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. യുജിസി മാനദണ്ഡങ്ങള്‍ക്കനുസരുച്ചല്ല നിയമനം നടത്തിയതെന്ന് നിയമനാധികാരിയായ ഗവര്‍ണര്‍ തന്നെ പറയുകയും ചെയ്തു. സിപിഎമ്മിന് വലിയ ക്ഷീണമുണ്ടാക്കുകയും ഭാവിയില്‍ സിപിഎം ഉദ്ദേശിക്കുന്നവരെ വിസി സ്ഥാനത്ത് കൊണ്ടു വരാന്‍ കഴിയില്ലെന്നും മനസിലാക്കി. ഇതിന്റെ ഭാഗമായാണ് വിസിമാരുടെ നിയമനാധികാരം ഗവര്‍ണറില്‍ നിന്നെടുത്തു മാറ്റാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. ഓര്‍ഡിനന്‍സിലൂടെ ഗവര്‍ണറെ ഒഴിവാക്കി പൂര്‍ണ്ണമായും രാഷ്ട്രീയ നിയമനത്തിനുള്ള ശ്രമമമാണ് നടത്തി കൊണ്ടിരുന്നത്. ഒര്‍ഡിനന്‍സ് ഗവര്‍ണറുടെ ഒപ്പിനായി കാത്തിരിക്കുന്നതിനാല്‍ വിസി നിയമനത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം ലഭിക്കുമെന്ന കണക്കു കൂട്ടലാണുള്ളത്.
കാലാവധി ഇന്ന് അവസാനിക്കുന്ന എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: സാബു തോമസിന് പുനര്‍ നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിക്കാതെ തള്ളിയതോടെ ഗവര്‍ണര്‍ വീണ്ടും തുറന്ന് പോരിനിറങ്ങിയെന്ന് വ്യക്തമാണ്. വ്യക്തികളെ നിയമിക്കാനുള്ള നിര്‍ദ്ദേശം ഇങ്ങോട്ടു വേണ്ടെന്നും നിയമപരമായി പാനല്‍ ലിസ്റ്റു നല്കിയാല്‍ അതില്‍ നിന്നും യോഗ്യതയുള്ള ആളിനെ നിയമിക്കുമെന്ന നിര്‍ദ്ദേശമാണ് രാജ്ഭവന്‍ നല്കയിരിക്കുന്നത്. ഇതു തന്നെയാണ് ഗവര്‍ണര്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നതും. താല്‍ക്കാലിക വിസിയെ ആണെങ്കിലും നിയമിക്കാനായി 3 സീനിയര്‍ പ്രഫസര്‍മാരുടെ പേരുകള്‍ ഉള്‍പ്പെട്ട പാനല്‍ നിര്‍ദേശിക്കാനാണ് ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോ.സാബു തോമസ് അധിക ചുമതല വഹിക്കുന്ന മലയാളം സര്‍വകലാശാലയിലും പുതുതായി താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിക്കേണ്ടി വരും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയിരിക്കുന്ന വൈസ് ചാന്‍സലര്‍മാരില്‍ ഉള്‍പ്പെട്ടയാളാണ് ഡോ.സാബു തോമസ്. അദ്ദേഹത്തിന് പുനര്‍ നിയമനം നല്‍കുന്നതില്‍ വൈരുധ്യമുണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമന നല്‍കിയതിനെ പിന്നീട് ഗവര്‍ണര്‍ തന്നെ തള്ളി പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ആ സാഹചര്യത്തില്‍ മറ്റൊരു പുനര്‍ നിയമനം നടത്തുന്നതിലെ പ്രശ്‌നങ്ങളും വിയോജിപ്പിനു കാരണമായി. പിണറായി ഗവര്‍ണറെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചതിന്റെ ഭാഗമായാണ് ഡോ.ഗാപിനാഥിന് പുനര്‍നിയമനം നല്കിയത്. ഇത് പിന്നീട് ഗവര്‍ണര്‍ക്ക് തന്നെ അപരാധമായി മാറി. വിസി നിയമന കേസുകളില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹാജരാക്കിയത് ഈ നിയമനത്തിന്റെ സാധുതയായിരുന്നു.
എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലാ നിയമത്തില്‍ നിന്നു വ്യത്യസ്തമായി എംജി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള പ്രായപരിധി 65 വയസ്സായതിനാല്‍ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കുന്നതില്‍ നിയമ തടസ്സമില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് താല്‍ക്കാലിക വിസി നിയമനത്തിന് ഗവര്‍ണര്‍ പാനല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ ഡോ.സാബു തോമസിന്റെ പേരു കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കൂടി വിരമിക്കുന്നതോടെ സംസ്ഥാനത്തെ 9 സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാതാവും.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ താല്‍പര്യം നടപ്പാക്കാനായി കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ കാലാവധി കഴിയും വരെ താല്‍ക്കാലിക വിസിമാര്‍ തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ കാര്യങ്ങളിപ്പോള്‍ ഗവര്‍ണറുടെ കൈകളിലെത്തിയിരിക്കുകയാണ്. പാര്‍ട്ടി നിശ്ചയിക്കുന്നവര്‍ വിസിമാരാകുകയും അവര്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം സര്‍വ്വകലാശാലകള്‍ ഭരിക്കുന്ന അവസ്ഥ മാറണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. യുജിസി മാനദണ്ഡ മനുസരിച്ച് വിസിമാരെ നിയമിക്കാന്‍ മന്ത്രിസഭ മൂന്നോ അഞ്ചോ പേരുടെ പാനല്‍ ലിസ്റ്റാണ് നല്‌കേണ്ടത്. അതില്‍ നിന്നും ഏറ്റവും യോഗ്യതയുള്ള ആളിനെ ഗവര്‍ണര്‍ നിയമിക്കുന്നതാണ് പതിവ്. എന്നാല്‍ സിപിഎം അതിനെ അട്ടിമറിച്ചിരിക്കുകയാണ്. ആ സംവിധാനം നിലവില്‍ വരുത്താനായി ഗവര്‍ണര്‍ നിരവധി നിയമപോരാട്ടങ്ങള്‍ നടത്തിയെങ്കിലും നടന്നില്ല. ഇപ്പോഴിതാ ഒന്‍പത് വിസിമാരെയും ഒരുമിച്ച് നിയമിക്കുമ്പോള്‍ പാനല്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് ഗവര്‍ണര്‍ എത്തി നില്ക്കുന്നത്.
താല്കാലികമായി വിസി മാരെ നിയമിക്കണമെങ്കിലും മൂന്നു പേരുടെ പാനല്‍ ആവശ്യപ്പെടുമെന്ന കാര്യം ഉറപ്പായ സ്ഥിതിയ്ക്ക ഇനി സര്‍ക്കാരിന്റെ നീക്കം നിര്‍ണ്ണായകമാണ്. ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടാനാണ് സാധ്യത. രാഷ്ട്രീയപരമായ വ്യക്തമായ നേട്ടമുണ്ടാകുമെന്നുറപ്പു നല്കയാല്‍ മോദി സര്‍ക്കാര്‍ ഗവര്‍ണറെ തിരിച്ചു വിളിക്കാനും സാധ്യതയുണ്ട്.കോളെജ് രാഷ്ട്രീയമാണ് സിപിഎമ്മിന്റെ അടിത്തറ വിപുലപ്പെടുത്തി കൊണ്ടിരിക്കുന്നത്. പാര്‍ട്ടി കേഡര്‍മാരായ ഗവര്‍ണര്‍മാരല്ലെങ്കില്‍ അധ്യാപക നിയമനത്തില്‍ തുടര്‍ന്നു വരുന്ന പാര്‍ട്ടി നയവും പൊളിയും. യോഗ്യത നോക്കി വിസിമാരെ നിയമിക്കാന്‍ തയ്യാറായാല്‍ ഇടതുപക്ഷക്കാരില്‍ ഭൂരിപക്ഷവും പുറത്താകും. വിസിമാരുടെ രാഷ്ട്രീയ നിറത്തിലും വ്യത്യാസം വരാം . ഇതിനെയാണ് സിപിഎം സംഘപരിവാര്‍ അജന്‍ഡയെന്ന് അധിക്ഷേപിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയില്‍ സിപിഎമ്മിന് വലിയ നഷ്ടമുണ്ടാക്കുന്ന തരത്തിലേയ്ക്കാണ് ഉന്നത വിദ്യാഭ്യാസ രംഗം എത്തി നില്ക്കുന്നത്. എന്നാല്‍ അതിനെ മറികടക്കാനുള്ള തിവ്രശ്രമങ്ങളും അണിയറയില്‍ സിപിഎം ഒരുക്കുന്നുണ്ട്. സര്‍ക്കാര്‍ പറയുന്ന ആളിനെ നിയമിച്ചതിലൂടെ അര്‍ഹരായിട്ടും അവസരം നഷ്ടപ്പെട്ട നിരവധി അധ്യാപകരുണ്ട്. അതുകൊണ്ട് ഗവര്‍ണര്‍ സര്‍ക്കാരിന് വഴങ്ങുകയാണെങ്കില്‍ കേസുകളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha






















